Asianet News MalayalamAsianet News Malayalam

ലോകരാജ്യങ്ങള്‍ക്കിടയിലെ സമാധാന ദൂതന്‍; വിടവാങ്ങിയത് ഇന്ത്യയുമായും മികച്ച ബന്ധം സൂക്ഷിച്ച ഭരണാധികാരി

ഇറാഖ് കുവൈത്തിനെ ആക്രമിച്ച ശേഷം ഇന്ന് കാണുന്ന രാജ്യത്തിൻ്റെ പുരോഗതിയിലും അദ്ദേഹത്തിൻ്റെ കൈയൊപ്പുണ്ട്.  അതേസമയം തങ്ങളെ ആക്രമിച്ച ഇറാഖിന് പിന്നീട് സഹായഹസ്തം നീട്ടി അമീർ ലോകത്തിന് കാരുണ്യത്തിൻ്റെ സന്ദേശം നൽകി.

Kuwait emir Sheikh Sabah was the mediator between countries for establishing peace
Author
Kuwait City, First Published Sep 29, 2020, 8:24 PM IST

കുവൈത്ത് സിറ്റി: ആധുനിക കുവൈത്തിൻ്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച വ്യക്തിത്വമാണ് വിടവാങ്ങിയ കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹമദ് അൽ ജാബിർ അൽ സബാഹ്. 40 വർഷത്തിലേറെ കുവൈത്ത് വിദേശകാര്യ മന്ത്രിയും 14 വർഷത്തിലേറെ കുവൈത്ത് അമീറുമായിരുന്ന അദ്ദേഹം ലോകരാജ്യങ്ങൾക്കിടയിലെ സമാധാന ദൂതനായാണ് അറിയപ്പെടുന്നത്. കുവൈത്തിൽ എറ്റവും അധികം പ്രവാസികളുള്ള ഇന്ത്യയുമായി മികച്ച ബന്ധം അദ്ദേഹം കാത്ത് സൂക്ഷിച്ചിരുന്നു.

1963 മുതൽ 2003 വരെ കുവൈത്ത് വിദേശകാര്യ മന്ത്രി, പിന്നീട് 2006 മുതൽ രാജ്യത്തിൻ്റെ പരമാധികാരി. ആധുനിക കുവൈത്തിൻ്റെ വളർച്ചയിൽ ശൈഖ് സബാഹ് അൽ അഹമദ് അൽ ജാബിർ അൽ സബാഹിനെ മാറ്റി നിർത്തി ചരിത്രം എഴുതാനാവില്ല. ഇറാഖ് കുവൈത്തിനെ ആക്രമിച്ച ശേഷം ഇന്ന് കാണുന്ന രാജ്യത്തിൻ്റെ പുരോഗതിയിലും അദ്ദേഹത്തിൻ്റെ കൈയൊപ്പുണ്ട്.  അതേസമയം തങ്ങളെ ആക്രമിച്ച ഇറാഖിന് പിന്നീട് സഹായഹസ്തം നീട്ടി അമീർ ലോകത്തിന് കാരുണ്യത്തിൻ്റെ സന്ദേശം നൽകി. അതുകൊണ്ട് തന്നെയാണ് ലോക രാജ്യങ്ങൾക്കിടയിൽ സമാധാന ദൂതനായി അദ്ദേഹം അറിയപ്പെടുന്നതും. നിരവധി രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര വിഷയങ്ങളിൽ മധ്യസ്ഥനായിരുന്നു അദ്ദേഹം. ഖത്തറിനെതിരെ സൗദി അടക്കമുള്ള ചില അറബ് രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയപ്പോഴും സമാധാന ദൂതനായി പറന്നിറങ്ങിയതും അദ്ദേഹമാണ്.

അതുകൊണ്ടു തന്നെയാണ് ഐക്യരാഷ്ട്രസഭയുടേതടക്കം മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പുരസ്ക്കാരങ്ങൾ ശൈഖ് സബാഹിനെ തേടിയെത്തിയത്. ഏറ്റവും ഒടുവിൽ ചികത്സയിൽ ആയിരിക്കെ അമേരിക്കൻ പ്രസിഡൻറിൻ്റെ ദി ലീജിയൻ ഓഫ് മെറിറ്റ് ഡിഗ്രി ചീഫ് കമാൻഡർ പദവിയും അദ്ദേഹത്തെ തേടിയെത്തി. കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹമദ് അൽ ജാബിർ അൽ സബാഹിൻ്റെ വിയോഗം കുവൈത്തിന് മാത്രമല്ല ലോകത്തിന് തന്നെ തീരാനഷ്ടമാണ്. 


 


 

Follow Us:
Download App:
  • android
  • ios