സൗദിയിലെ ഇന്ത്യൻ എംബസി കോൺസുലർ സേവനം നിർത്തിവെച്ചു

By Web TeamFirst Published Mar 16, 2020, 9:16 AM IST
Highlights

അടിയന്തര ഘട്ടത്തിൽ ഏതെങ്കിലും പ്രത്യേക കോൺസുലർ സർവീസ് അത്യാവശ്യമായി വന്നാൽ ഉമ്മുൽ ഹമാമിലെ കേന്ദ്രത്തെ സമീപിക്കാമെന്നും എംബസി അധികൃതർ അറിയിച്ചു. 

റിയാദ്: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി റിയാദ് ഇന്ത്യൻ എംബസി മുഴുവൻ കോൺസുലർ സേവനങ്ങളും നിർത്തിവെച്ചു. തിങ്കളാഴ്ച മുതൽ ഈ മാസം 31 വരെ റിയാദിലെ ഉമ്മുൽ ഹമാം, ബത്ഹ, ദമ്മാം, അൽഖോബാർ, ജുബൈൽ, ബുറൈദ, ഹാഇൽ എന്നിവിടങ്ങളിലുള്ള പാസ്‍പോർട്ട്, വിസ സർവീസ് കേന്ദ്രങ്ങളാണ് എംബസി അടച്ചത്. 

പാസ്‍പോർട്ട് പുതുക്കൽ, പുതിയതിന് അപേക്ഷിക്കൽ, വിസയ്ക്ക് അപേക്ഷിക്കൽ, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ തുടങ്ങിയ ഒരുവിധ കോൺസുലർ സേവനങ്ങളും ഈ കാലയളവിൽ ഈ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്നതല്ല. എന്നാൽ അടിയന്തര ഘട്ടത്തിൽ ഏതെങ്കിലും പ്രത്യേക കോൺസുലർ സർവീസ് അത്യാവശ്യമായി വന്നാൽ ഉമ്മുൽ ഹമാമിലെ കേന്ദ്രത്തെ സമീപിക്കാമെന്നും എംബസി അധികൃതർ അറിയിച്ചു.  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്താറുള്ള പതിവ് കോൺസുലർ സന്ദർശന പരിപാടികൾ കഴിഞ്ഞ വ്യാഴാഴ്ച മുതൽ തന്നെ നിർത്തിവെച്ചിരുന്നു. ഹൊഫൂഫ്, ഹഫർ അൽബാത്വിൻ, വാദി് അൽദവാസിർ, അറാർ, സകാക്ക, അൽജൗഫ്, അൽഖഫ്ജി, അൽഖുറയാത്ത് എന്നിവിടങ്ങളിലെ നിശ്ചിത ഇടവേളകളിൽ നടത്തുന്ന പതിവ് സന്ദർശന പരിപാടികളാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെച്ചത്.

click me!