സൗദിയില്‍ ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ തുറക്കുന്നു

By Web TeamFirst Published May 30, 2020, 11:46 AM IST
Highlights

പാസ്‌പോര്‍ട്ട് പുതുക്കുന്നതിനും പുതിയത് എടുക്കുന്നതിനുമുള്ള അപേക്ഷകള്‍ സ്വീകരിക്കുകയും നടപടി പൂര്‍ത്തിയായ പാസ്‌പോര്‍ട്ടുകള്‍ ഇവിടെ നിന്ന് തന്നെ വിതരണം ചെയ്യുകയും ചെയ്യും. 

റിയാദ്: സൗദി അറേബ്യയില്‍ ലോക് ഡൗണ്‍ ഇളവ് ചെയ്ത സാഹചര്യത്തില്‍ ഇന്ത്യന്‍ എംബസിയുടെ കീഴില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. പുറം കരാര്‍ ഏജന്‍സിയായ വി.എഫ്.എസ് ഗ്ലോബലിന്റെ റിയാദ്, ദമ്മാം, അല്‍ഖോബാര്‍, ജുബൈല്‍, ബുറൈദ, ഹാഇല്‍ എന്നിവിടങ്ങളിലുള്ള ഓഫീസുകളാണ് പ്രവര്‍ത്തനം പുനരാരംഭിക്കുന്നത്. 

ഈ കേന്ദ്രങ്ങളില്‍ ചിലത് ജൂണ്‍ മൂന്ന് മുതലും ബാക്കിയുള്ളവ ഏഴിനുമാണ് തുറക്കുക. പാസ്‌പോര്‍ട്ട് പുതുക്കുന്നതിനും പുതിയത് എടുക്കുന്നതിനുമുള്ള അപേക്ഷകള്‍ സ്വീകരിക്കുകയും നടപടി പൂര്‍ത്തിയായ പാസ്‌പോര്‍ട്ടുകള്‍ ഇവിടെ നിന്ന് തന്നെ വിതരണം ചെയ്യുകയും ചെയ്യും. ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ എല്ലാ ദിവസവും രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് എല്ലാ കേന്ദ്രങ്ങളിലെയും പ്രവര്‍ത്തന സമയം. റിയാദിലെ ഉമ്മുല്‍ ഹമാം കേന്ദ്രം ജൂണ്‍ മൂന്ന് മുതല്‍ സ്ഥിരമായി തുറന്നുപ്രവര്‍ത്തിക്കും.

 ബത്ഹയിലെ കേന്ദ്രം ജൂണ്‍ മൂന്ന് മുതല്‍ 15 വരെ മാത്രമേ തല്‍ക്കാലം പ്രവര്‍ത്തിക്കൂ. അല്‍ഖോബാറിലും ഇതേ കാലയളവില്‍ മാത്രമാണ് പ്രവര്‍ത്തനം. എന്നാല്‍ ദമ്മാം, ജുബൈല്‍, ബുറൈദ, ഹാഇല്‍ എന്നിവിടങ്ങളില്‍ ജൂണ്‍ ഏഴ് മുതലാണ് തുറക്കുന്നതെങ്കിലും സ്ഥിരമായി പ്രവര്‍ത്തിക്കും. ഇതിനകം പാസ്‌പോര്‍ട്ട് കാലാവധി കഴിഞ്ഞവര്‍, അടുത്ത ദിവസങ്ങളില്‍ കാലാവധി അവസാനിക്കാനിരിക്കുന്നവര്‍, ഇഖാമ പുതുക്കാനോ ഉടനെ യാത്ര ചെയ്യാനോ വേണ്ടി പാസ്‌പോര്‍ട്ട് പുതുക്കേണ്ടവര്‍ എന്നിവരെ മാത്രമാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. കേന്ദ്രങ്ങളിലെ തിരക്ക് കുറക്കാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തു അപ്പോയ്‌മെന്റ് എടുത്താണ് അപേക്ഷ നല്‍കാനെത്തേണ്ടത്. 

ഇതിനായി info.inriyadh@vfshelpline.com എന്ന ഇമെയിലിലോ 920006139 എന്ന ടോള്‍ഫ്രീ നമ്പറിലോ ബന്ധപ്പെട്ട് അപ്പോയിന്‍റ്മെന്റ് നേടണം. ഇങ്ങനെ ലഭിക്കുന്ന സമയം പാലിച്ചായിരിക്കണം അതത് കേന്ദ്രങ്ങളില്‍ എത്തേണ്ടത്. മുന്‍കൂട്ടി അപ്പോയ്‌മെന്റ് എടുക്കാത്തവര്‍ക്ക് കേന്ദ്രങ്ങളില്‍ പ്രവേശനം അനുവദിക്കില്ല. അപേക്ഷകന്‍ മാത്രമേ ഹാജരാവാന്‍ പാടുള്ളൂ. കൂടെ ആരെയും കൊണ്ടുവരാന്‍ പാടില്ല. അപേക്ഷകന്‍ മാസ്‌ക് ധരിച്ചിരിക്കണം. കവാടങ്ങളില്‍ ശരീര ഊഷ്മാവ് പരിശോധനയ്ക്ക് വിധേയമാവണം. അതിനാല്‍ ശാരീരിക അസുഖങ്ങള്‍ ഉള്ളവര്‍ സന്ദര്‍ശനം ഒഴിവാക്കണം. 

ശാരീരിക അകലം പാലിക്കുന്നതടക്കം കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സൗദി ആരോഗ്യമന്ത്രാലയം നിഷ്‌കര്‍ഷിച്ച മുഴുവന്‍ മാനദണ്ഡങ്ങളും പാലിക്കാന്‍ അപേക്ഷകര്‍ ബാധ്യസ്ഥരായിരിക്കുമെന്നും ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് സൗദി അധികൃതരില്‍ നിന്നും കനത്ത പിഴ ചുമത്തപ്പെട്ടേക്കാമെന്നും എംബസി അറിയിപ്പില്‍ പറയുന്നു. 
 

click me!