സൗദിയില്‍ ബീഫ് കഴിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന ഇന്ത്യക്കാരന്റെ ആരോപണത്തില്‍ വഴിത്തിരിവ്

By Web TeamFirst Published Jun 3, 2019, 2:46 PM IST
Highlights

തൊഴില്‍ കരാറുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ എംബസിക്ക് ഇടപെടാന്‍ പരിമിതികളുണ്ടെന്നും എന്നാലും ആവശ്യമായ നടപടികളുമായി മുന്നോട്ട് പോവുകയാണെന്നുമാണ് റിയാദിലെ ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സുഹൈല്‍ അജാസ് ഖാന്‍ പറഞ്ഞത്. 

റിയാദ്: സൗദിയില്‍ ബീഫ് വിളമ്പാനും കഴിക്കാനും നിര്‍ബന്ധിക്കുവെന്നാരോപിച്ച് ഇന്ത്യക്കാരന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്തെത്തിയ വിഷയത്തില്‍ വഴിത്തിരിവ്. ഇയാള്‍ക്ക് ജോലിയില്‍ തുടരാന്‍ താല്‍പര്യമില്ലാത്തതിനാല്‍ മറ്റേതെങ്കിലും ജോലി സംഘടിപ്പിച്ച് നല്‍കണമെന്നും അല്ലെങ്കില്‍ നാട്ടില്‍ പോകാന്‍ അനുവദിക്കണമെന്നുമാണ് ഇയാള്‍ ആവശ്യപ്പെട്ടതെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സുഹൈല്‍ അജാസ് ഖാന്‍ അറിയിച്ചതായി മലയാളം ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

മണിക്ഛദ്ദോപദ്യായ എന്ന ബംഗാള്‍ സ്വദേശിയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി കരഞ്ഞുകൊണ്ടുള്ള വീഡിയോ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നത്.  പാചകക്കാരനായി സൗദിയിലെത്തിയ താന്‍, ബീഫ് കഴിക്കാനും വിളമ്പാനും വിസമ്മതിച്ചതിന്റെ പേരില്‍ തൊഴിലുടമ പീഡിപ്പിക്കുന്നതായി ഇയാള്‍ വീഡിയോയില്‍ പറഞ്ഞിരുന്നു. തനിക്ക് ജോലിയില്‍ തുടരാന്‍ താല്‍പര്യമില്ലെന്നും നാട്ടിലെത്തിക്കണമെന്നും അല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും ഇയാള്‍ വീഡിയോകളില്‍ പറഞ്ഞിരുന്നു.

തന്റെ സൗദിയിലെ ഫോൺ നമ്പറുകളും ജോലി ചെയ്യുന്ന കമ്പനിയുടെ വിശദ വിവരങ്ങളും ഇയാള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോ വൈറലായതോടെ സൗദിയിലെ ഇന്ത്യന്‍ എംബസി വിഷയത്തില്‍ ഇടപെട്ടു. വിഷയം ശ്രദ്ധയില്‍പെട്ട വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും സൗദിയിലെ ഇന്ത്യന്‍ അംബാസിഡറോട് ഇക്കാര്യം അന്വേഷിച്ച് നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയി.

ബീഫ് കഴിക്കുന്നതും അത് വിളമ്പുന്നതും തന്റെ മത വിശ്വാസത്തിന് നിരക്കുന്നതല്ല. എന്നാല്‍ അത് കേള്‍ക്കാന്‍ തൊഴിലുടമ തയ്യാറാല്ല. വിശ്വാസത്തിനെതിരായ കാര്യം ചെയ്യാന്‍ നിര്‍ബന്ധിക്കുകയും വിസമ്മതിച്ചതിന് മറ്റുള്ളവരുടെ മുന്നില്‍ വെച്ച് അപമാനിക്കുകയും ചെയ്തു. തൊഴിലുടമയുടെ പീഡനം കാരണം തളര്‍ന്നിരിക്കുകയാണ്. തന്റെ പ്രശ്നത്തില്‍ ആരും ഇടപെടുന്നില്ലെന്നും എംബസി ഇടപെട്ട് തന്നെ എത്രയും വേഗം നാട്ടിലെത്തിക്കാനും ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്.

മേയ് 12നാണ് സഹായം തേടി ഇയാള്‍ ആദ്യമായി ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ പുതിയ വിദേശകാര്യ മന്ത്രിയായി ഡോ. എസ് ജയശങ്കര്‍ സ്ഥാനമേറ്റ ദിവസം അദ്ദേഹത്തിന്റെ ശ്രദ്ധക്ഷണിച്ചുകൊണ്ട് ട്വീറ്റ് ചെയ്ത വീഡിയോയാണ് ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. വിഷയം അന്വേഷിക്കാന്‍ വിദേശകാര്യ മന്ത്രി സൗദിയിലെ ഇന്ത്യന്‍ അംബാസിഡറോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ ഫോണ്‍ നമ്പറും വിശദാംശങ്ങളും ചോദിച്ച് ഇന്ത്യന്‍ അംബാസിഡറും എംബസിയുമൊക്കെ ട്വീറ്റ് ചെയ്തു. വിഷയത്തില്‍ ഇടപെട്ട എംബസി അധികൃതര്‍ അന്വേഷണം നടത്തിയതോടെയാണ് കാര്യങ്ങള്‍ വ്യക്തമായത്. 

ഇയാളുടെ തൊഴിലുടമയുമായും റിക്രൂട്ട് ചെയ്ത ഏജന്‍സിയുമായും എംബസി അധികൃതര്‍ സംസാരിച്ചു. തൊഴില്‍ കരാറിന്റെ അടിസ്ഥാനത്തില്‍ ജോലിക്കെത്തിയ ഒരാള്‍ കാലാവധി കഴിയുന്നതിന് മുന്‍പ് അത് റദ്ദാക്കാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ സ്പോണ്‍സര്‍ക്ക് വിസയുടെ പണം  നല്‍കണം. കമ്പനി 15,000 റിയാല്‍ ആവശ്യപ്പെട്ടുവെന്ന് ഇയാള്‍ ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. തൊഴില്‍ കരാറുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ എംബസിക്ക് ഇടപെടാന്‍ പരിമിതികളുണ്ടെന്നും എന്നാലും ആവശ്യമായ നടപടികളുമായി മുന്നോട്ട് പോവുകയാണെന്നുമാണ് റിയാദിലെ ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സുഹൈല്‍ അജാസ് ഖാന്‍ പറഞ്ഞത്. തൊഴിലുടമ ബീഫ് നിര്‍ബന്ധിച്ച് കഴിപ്പിച്ചതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
 

click me!