
ദുബായ്: 12 വര്‍ഷം യുഎഇയില്‍ അനധികൃതമായി താമസിച്ച ഇന്ത്യക്കാരന്‍ പൊതുമാപ്പില്‍ നാട്ടിലേക്ക് മടങ്ങി. സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തിയ സൂര്യ മല്ലയ്യ എന്ന ആന്ധ്രസ്വദേശിയാണ് വന്‍തുക പിഴ അടക്കേണ്ടി വരുമെന്നതിനാല്‍ നാട്ടില്‍ പോകാനാവാതെ രാജ്യത്ത് കഴിഞ്ഞുകൂടിയത്. ഇതിനിടയില്‍ അദ്ദേഹത്തിന്റെ രണ്ട് മക്കള്‍ മരിച്ചുവെങ്കിലും നാട്ടില്‍ പോകാന്‍ കഴിഞ്ഞില്ല.
കുടുംബത്തിന്റെ പട്ടിണി മാറ്റാനാണ് 12 വര്‍ഷം മുന്‍പ് സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തിയത്. എന്നാല്‍ പിന്നീട് തൊഴില്‍ വിസയിലേക്ക് മാറാന്‍ കഴിഞ്ഞില്ല. കണ്‍സ്ട്രക്ഷന്‍ സൈറ്റുകളില്‍ ചെറിയ ജോലികള്‍ ചെയ്ത് കിട്ടുന്ന വരുമാനം നാട്ടിലേക്ക് അയച്ചുകൊടുത്താണ് കഴിഞ്ഞുകൂടിയത്. ഇതിന്ടെ വൃക്ക സംബന്ധമായ രോഗങ്ങള്‍ ബാധിച്ച് രണ്ട് മക്കളും മരിച്ചു. മൂത്ത മകന്‍ 10 വര്‍ഷങ്ങള്‍ക്ക് മുന്‍പും ഇളയ മകന്‍ നാല് മാസങ്ങള്‍ക്ക് മുന്‍പുമാണ് മരിച്ചത്. ഇരുവരെയും അവസാനമായി ഒരുനോക്ക് കാണാന്‍ കഴിഞ്ഞില്ല. അനധികൃതമായി ഇത്രയും നാള്‍ കഴിഞ്ഞതിനുള്ള ഭീമമായ തുക പിഴയടയ്ക്കാന്‍ ഒരു നിവൃത്തിയും അദ്ദേഹത്തിനുണ്ടായിരുന്നില്ല.
ഇതിനിടെയാണ് പിഴയും ശിക്ഷകളും ഒഴിവാക്കി പൊതുമാപ്പ് പ്രഖ്യാപിക്കപ്പെട്ടത്. ദുബായിലെ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് രേഖകളെല്ലാം ശരിയാക്കി, പൊതുമാപ്പിന്റെ അവസാന നിമിഷത്തില്‍ അദ്ദേഹത്തിന് നാട്ടിലേക്ക് മടങ്ങാനുള്ള നടപടികളെല്ലാം പൂര്‍ത്തീകരിക്കാനായി. നാല് മാസമായി പ്രബല്യത്തിലുണ്ടായിരുന്ന പൊതുമാപ്പ് ഇന്നലെ വൈകുന്നേരമാണ് അവസാനിച്ചത്. ഇന്നലെ അവസാന നിമിഷം പൊതുമാപ്പ് പ്രയോജനപ്പെടുത്തിയവരില്‍ ഒരാളായിരുന്നു സൂര്യ മല്ലയ്യ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam