കുവൈത്തിൽ ആരോഗ്യ സേവനങ്ങൾക്കും സലൂണുകളിലും ഇനി പണം നേരിട്ട് സ്വീകരിക്കില്ല. ഡിജിറ്റൽ പേയ്മെന്‍റ് നിർബന്ധമാക്കി. കറൻസി നോട്ടുകളായുള്ള ഇടപാടുകൾ പൂർണ്ണമായും ഒഴിവാക്കാനാണ് നിർദ്ദേശം.
കുവൈത്ത് സിറ്റി: പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലുള്ള എല്ലാ സ്ഥാപനങ്ങളിലും സേവന ഫീസുകൾ ഇനി മുതൽ ബാങ്ക് വഴിയോ ഇലക്ട്രോണിക് പേയ്‌മെന്റ് രീതികൾ വഴിയോ മാത്രമേ സ്വീകരിക്കാവൂ എന്ന് കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദി ഉത്തരവിട്ടു. കറൻസി നോട്ടുകളായുള്ള ഇടപാടുകൾ പൂർണ്ണമായും ഒഴിവാക്കാനാണ് നിർദ്ദേശം. രാജ്യത്തിന്റെ ഡിജിറ്റൽ പരിവർത്തന നയത്തിന്റെ ഭാഗമായും ആരോഗ്യ സേവനങ്ങളിൽ സുതാര്യത ഉറപ്പാക്കാനുമാണ് ഈ നീക്കം.
പബ്ലിക് ഹെൽത്ത് വിഭാഗത്തിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ ഈ നിയമം പ്രാബല്യത്തിൽ വരും. ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടുകൾ, പുരുഷ-വനിതാ-കുട്ടികളുടെ സലൂണുകൾ, സ്പോർട്സ് ക്ലബ്ബുകൾ, സ്വകാര്യ നഴ്സറികൾ, ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, കീടനാശിനി ഇറക്കുമതി ചെയ്യുന്നവരും സംഭരിക്കുന്നവരുമായ കമ്പനികൾ, എലി-കീട നിയന്ത്രണ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം ഇത് ബാധകമാണ്. ഈ നിർദ്ദേശം കർശനമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പബ്ലിക് ഹെൽത്ത് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. അൽ-മുന്ദിർ അൽ-ഹസാവിക്ക് മന്ത്രി നിർദ്ദേശം നൽകി.


