ഒട്ടകത്തിന്റെ അടിയില്‍പെട്ട് സൗദിയില്‍ ഇന്ത്യക്കാരന്റെ നട്ടെല്ല് തകര്‍ന്നു; ആശുപത്രിയില്‍ ഉപേക്ഷിച്ച് സ്‍പോണ്‍സര്‍

By Web TeamFirst Published Nov 27, 2019, 6:39 PM IST
Highlights

സ്പോണ്‍സര്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചപ്പോള്‍ സൗദി പൊലീസും ഇന്ത്യന്‍ എംബസിയും മലയാളി സാമൂഹിക പ്രവര്‍ത്തകരും ഏറ്റെടുത്ത് നാട്ടിലെത്തിച്ചു. ആന്ധ്രപ്രദേശിലെ വൈ.എസ്.ആര്‍ ജില്ല കൊണ്ടമുല സ്വദേശി രാം ലക്ഷ്മണ്‍ പസാലയാണ് 14 മാസത്തെ പ്രവാസത്തില്‍ ബാക്കിയായ തീരാദുരിതവുമായി ജന്മനാട്ടില്‍ തിരിച്ചെത്തിയത്.

റിയാദ്: മറിഞ്ഞുവീണ ഒട്ടകത്തിന്റെ അടിയില്‍പെട്ട് നെട്ടല്ലും വാരിയെല്ലുകളും തകര്‍ന്ന ഇന്ത്യക്കാരനെ നാട്ടിലെത്തിച്ചു. ആന്ധ്രപ്രദേശിലെ വൈ.എസ്.ആര്‍ ജില്ല കൊണ്ടമുല സ്വദേശി രാം ലക്ഷ്മണ്‍ പസാലയെ (40) സ്പോണ്‍സര്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചപ്പോള്‍ സൗദി പൊലീസും ഇന്ത്യന്‍ എംബസിയും മലയാളി സാമൂഹിക പ്രവര്‍ത്തകരും ഏറ്റെടുത്ത് ജന്മനാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. റിയാദ് പ്രവിശ്യയിലെ മരുഭൂമിയില്‍ ഒട്ടക പരിപാലകനായി ജോലി ചെയ്യുകയായിരുന്നു രാം ലക്ഷ്മണ്‍. 

14 മാസം മുമ്പാണ് ഇയാള്‍ ഇടയ വിസയില്‍ സൗദി അറേബ്യയിലെത്തിയത്. ഒട്ടകങ്ങളെ പരിപാലിക്കുന്നതിനിടെ ഒരു ഒട്ടകം മറിഞ്ഞുവീഴുകയായിരുന്നു. അതിനടിയില്‍പെട്ട രാം ലക്ഷ്‍മണിന്റെ നട്ടെല്ലും വാരിയെല്ലുകളും തകര്‍ന്നു. ഗുരുതരാവസ്ഥയിലായ ഇയാളെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുമാസം മുമ്പായിരുന്നു സംഭവം. ചികിത്സക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തെങ്കിലും ഏറ്റെടുക്കാന്‍ തൊഴിലുടമ വരാഞ്ഞതിനെ തുടര്‍ന്ന് പൊലീസ് രണ്ടാഴ്ച മുമ്പ് റിയാദിലെ ഇന്ത്യന്‍ എംബസിയിലെത്തിച്ചു. നട്ടെല്ലില്‍ ശസ്ത്രക്രിയകള്‍ ചെയ്തതിനാല്‍ ശരീരം മുഴുവന്‍ ബെല്‍റ്റിട്ട നിലയിലായിരുന്നു. എംബസിയില്‍ ഇയാളെ പാര്‍പ്പിക്കാന്‍ വേണ്ട സൗകര്യമില്ലാത്തതിനാല്‍ മലയാളി സാമൂഹിക പ്രവര്‍ത്തകരുടെ സംരക്ഷണയിലാക്കി. 

വേള്‍ഡ് മലയാളി ഫോറം ഗ്ലോബല്‍ കണ്‍വീനര്‍ മുഹമ്മദ് കായംകുളത്തിന്റെ നേതൃത്വത്തില്‍ ഗോള്‍ഡന്‍ ചിമ്മിനി എന്ന ഹോട്ടലില്‍ സൗജന്യ താമസവും ഭക്ഷണവും ഒരുക്കി. ഒരാഴ്ച ഇവിടെ കഴിഞ്ഞതിന് ശേഷം എംബസി യാത്രാരേഖകള്‍ ശരിയാക്കി നാട്ടിലേക്ക് അയക്കുകയായിരുന്നു. 14 മാസത്തിനിടെ രണ്ട് മാസത്തെ ശമ്പളമാണ് തൊഴിലുടമ രാം ലക്ഷ്മണിന് നല്‍കിയത്. ഉപജീവനം തേടി മരുഭൂമിയിലെത്തിയ ഹതഭാഗ്യന് ബാക്കിയായത് തീരാദുരിതം മാത്രമാണ്. ഈ ദുരിത ജീവിതത്തിനിടയില്‍ പാസ്‍പോര്‍ട്ട് നഷ്ടപ്പെട്ടുപോയിരുന്നു. വന്നിട്ട് 14 മാസമായിട്ടും സ്‍പോണ്‍സര്‍ ഇഖാമ (താമസരേഖ) എടുത്തുകൊടുത്തതുമില്ല. അങ്ങനെ പൂര്‍ണമായും അനധികൃതാവസ്ഥയിലായിരുന്ന രാം ലക്ഷ്‍മണിന്റെ യാത്രാരേഖകള്‍ ശരിയാക്കാന്‍ ഏറെ പ്രയാസം നേരിടേണ്ടിവന്നു. 

ഇന്ത്യന്‍ എംബസിയും സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാടും ചേര്‍ന്നാണ് അതിനെല്ലാം പരിഹാരം കണ്ടത്. പാസ്‍പോര്‍ട്ടിന്റെ പകര്‍പ്പ് മാത്രമാണ് കൈവശമുണ്ടായിരുന്നത്. എംബസി പാസ്‍പോര്‍ട്ടിന് പകരം ഔട്ട് പാസ് അനുവദിച്ചു. ഇഖാമയില്ലാത്തതിനാല്‍ റിയാദ് ശുമൈസിയിലെ സൗദി നാടുകടത്തല്‍ കേന്ദ്രത്തില്‍ എത്തിച്ച് എക്സിറ്റ് വിസയും നേടി. തിരുവനന്തപുരം വഴി ചെന്നൈയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനത്തില്‍ വീല്‍ ചെയര്‍ സൗകര്യമൊരുക്കിയാണ് കൊണ്ടുപോയത്. 

നാട്ടില്‍ വീട്ടുകാരെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറൊന്നും രാം ലക്ഷ്‍മണിന്റെ കൈവശമില്ലാതിരുന്നതിനാല്‍ ജിദ്ദയില്‍ ഹൗസ് മെയ്ഡായി ജോലി ചെയ്യുന്ന ഒരു ബന്ധു വഴി നാട്ടില്‍ വിവരമറിയിക്കുകയായിരുന്നു. ചെന്നൈ വിമാനത്താവളത്തിലെത്തി വീട്ടുകാര്‍ രാം ലക്ഷ്മണിനെ കൂട്ടിക്കൊണ്ടുപോയി. എംബസി വെല്‍ഫെയര്‍ കോണ്‍സല്‍ ദേശ്ബന്ധു ഭാട്ടി, അറ്റാഷെ ശ്യാം സുന്ദര്‍, ഉദ്യോഗസ്ഥന്‍ ഷറഫുദ്ദീന്‍, എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍, സാമൂഹിക പ്രവര്‍ത്തകന്‍ ജോര്‍ജ് എന്നിവരും സഹായങ്ങള്‍ നല്‍കിയതായി ശിഹാബ് കൊട്ടുകാട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 
 

click me!