സൗദിയില്‍ മധുര പാനീയങ്ങള്‍ക്കും എനര്‍ജി ഡ്രിങ്കുകള്‍ക്കും ഞായറാഴ്ച മുതല്‍ വന്‍ വില വര്‍ദ്ധനവ്

By Web TeamFirst Published Nov 27, 2019, 5:36 PM IST
Highlights

ആരോഗ്യത്തിന് ഗുണകരമല്ലാത്ത പാനീയങ്ങള്‍ക്ക് സെലക്ടിവ് ടാക്സ് ഏര്‍പ്പെടുത്തി ഉപഭോഗം കുറയ്ക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതിന് വേണ്ടി ജിസിസി രാജ്യങ്ങള്‍ ഐക്യകണ്ഠേന സ്വീകരിച്ച നയത്തിന്റെ ഭാഗമാണിത്. 

റിയാദ്: സൗദി അറേബ്യയില്‍ മധുര പാനീയങ്ങള്‍ക്കും എനര്‍ജി ഡ്രിങ്കുകള്‍ക്കും ഞായറാഴ്ച മുതല്‍ 50 ശതമാനം വില വര്‍ദ്ധിക്കും. ഈ പാനീയങ്ങളുടെ ഉപഭോഗം കുറയ്ക്കാന്‍ പ്രേരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സെലക്ടിവ് ടാക്സ് ചുമത്തുന്നതുകൊണ്ടാണ് വില വര്‍ദ്ധന. ചില്ലറ വില്‍പനവിലയുടെ 50 ശതമാനം കൂടിയാണ് നികുതിയായി ചുമത്തുന്നത്. തീരുമാനം ഡിസംബര്‍ ഒന്ന് (ഞായറാഴ്ച) മുതല്‍  പ്രാബല്യത്തില്‍ വരും. 

ആരോഗ്യത്തിന് ഗുണകരമല്ലാത്ത പാനീയങ്ങള്‍ക്ക് സെലക്ടിവ് ടാക്സ് ഏര്‍പ്പെടുത്തി ഉപഭോഗം കുറയ്ക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതിന് വേണ്ടി ജിസിസി രാജ്യങ്ങള്‍ ഐക്യകണ്ഠേന സ്വീകരിച്ച നയത്തിന്റെ ഭാഗമാണിത്. പഞ്ചസാരയോ മറ്റു പാനീയങ്ങളോ ചേര്‍ത്തുണ്ടാക്കുന്ന എല്ലാ മധുരപാനീയങ്ങള്‍ക്കും നികുതിവര്‍ദ്ധനവ് ബാധകമാവുമെന്ന് സൗദി സക്കാത്ത് ആന്റ് ടാക്സ് അതോറിറ്റി വ്യക്തമാക്കി. 

കൃത്രിമ മധുരം ചേര്‍ത്തുള്ള പാനീയങ്ങള്‍ ഉപയോഗിക്കുന്നത് പ്രമേഹം, അമിത വണ്ണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതായി ആരോഗ്യ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത്തരം പാനീയങ്ങളഅ‍ക്ക് പകരം ശരീരത്തിന് ഗുണം ചെയ്യുന്ന പഴങ്ങളും പ്രകൃതിദത്ത ജ്യൂസുകളുമാണ് ഉപയോഗിക്കേണ്ടത്. പാലോ അതുപോലുള്ള പ്രകൃതിദത്ത ഘടകങ്ങളോ 75 ശതമാനമെങ്കിലും അടങ്ങിയിട്ടുള്ള പാനീയങ്ങള്‍ക്കും പഞ്ചസാര ചേര്‍ക്കാത്ത പ്രകൃതിദത്ത പഴ ജ്യൂസുകള്‍ക്കും ഔഷധ പാനീയങ്ങള്‍ക്കും നികുതിവര്‍ദ്ധനവ് ബാധകമല്ലെന്നും സക്കാത്ത് ആന്റ് ടാക്സ് വകുപ്പ് വൃത്തങ്ങള്‍ വിശദീകരിച്ചു. 
 

click me!