
ദുബൈ: തൊഴിലുടമയുടെ ചെക്ക് ബുക്ക് മോഷ്‍ടിച്ച് പണം തട്ടിയ പ്രവാസി ഇന്ത്യക്കാരന് ദുബൈ കോടതി ശിക്ഷ വിധിച്ചു. രണ്ട് വര്‍ഷത്തിനിടെ 47 തവണയാണ് ഇയാള്‍ തന്റെ തൊഴിലുടമയുടെ വ്യാജ ഒപ്പിട്ട് പണം തന്റെ സ്വകാര്യ അക്കൗണ്ടിലേക്ക് മാറ്റിയത്. 4,47,000 ദിര്‍ഹമാണ് ഇങ്ങനെ ഇയാള്‍ മോഷ്‍ടിച്ചത്.
ഗുജറാത്ത് സ്വദേശിയായ 29കാരന് ആറ് മാസം ജയില്‍ ശിക്ഷയും 4,71,202 ദിര്‍ഹം പിഴയുമാണ് കോടതി വിധിച്ചത്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്തും. കിഷന്‍ചന്ദ് ഭാട്ടിയ എന്ന 72കാരന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ കഴിഞ്ഞ എട്ട് വര്‍ഷമായി ജോലി ചെയ്‍തുവരികയായിരുന്നു പ്രതി. സ്ഥാപനത്തിലെ ചെക്ക് ബുക്കുകള്‍ ഇയാള്‍ക്ക് ലഭ്യവുമായിരുന്നു.
അവസരം മുതലെടുത്ത് 47 ചെക്കുകളാണ് സ്വന്തം പേരിലെഴുതി പണം അക്കൗണ്ടിലേക്ക് മാറ്റിയത്. കഴിഞ്ഞ ഒക്ടോബറില്‍ സ്ഥാപനത്തിലെ ഇയാളുടെ ഡ്രോയറില്‍ ഒരു ചെക്ക് ബുക്ക് തൊഴിലുടമയുടെ ശ്രദ്ധയില്‍പെട്ടു. പരിശോധിച്ചപ്പോള്‍ അതിലെ എല്ലാ ലീഫുകളും ഉപയോഗിച്ചിരിക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാണാതായ ചെക്കുകളെല്ലാം ഇയാളുടെ സ്വന്തം പേരില്‍ പണം ട്രാന്‍സ്‍ഫര്‍ ചെയ്യാന്‍ ഉപയോഗിച്ചിരിക്കുന്നതായി കണ്ടെത്തിയത്.
തെളിവുകള്‍ സഹിതം പ്രതിയെ ചോദ്യം ചെയ്യുകയും തുടര്‍ന്ന് സംഭവം ദുബൈ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്‍തു. തന്റെ പരാതിയില്‍ പൊലീസ് ഉടന്‍ തന്നെ നടപടിയെടുത്തതായി അഞ്ച് പതിറ്റാണ്ടിലധികമായി യുഎഇയില്‍ താമസിക്കുന്ന കിഷന്‍ചന്ദ് ഭാട്ടിയ പറഞ്ഞു. ഒക്ടോബര്‍ 18ന് പ്രതി അറസ്റ്റിലായി.
പിന്നീട് പബ്ലിക് പ്രോസിക്യൂഷന്‍ ഇയാള്‍ക്കെതിരെ തട്ടിപ്പിന് കേസ് ചാര്‍ജ് ചെയ്‍തു. തുടര്‍ന്ന് കേസ് കോടതിയിലെത്തുകയും വിചാരണ പൂര്‍ത്തിയാക്കി വിധി പറയുകയുമായിരുന്നു. കേസില്‍ ഇത്ര വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ യുഎഇയിലെ പൊലീസ്, നീതിന്യായ സംവിധാനത്തോട് തനിക്കുള്ള വിശ്വാസം കൂടുതല്‍ ശക്തിപ്പെട്ടതായി കിഷന്‍ചന്ദ് ഭാട്ടിയ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ