
ദുബൈ: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയിരിക്കുന്ന പത്ത് ദിവസത്തെ വിലക്ക് പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് തിരിച്ചെത്താന്‍ നെട്ടോട്ടമോടി നാട്ടിലുള്ള പ്രവാസികള്‍. വിമാന വിലക്ക് സംബന്ധിച്ച അറിയിപ്പ് വന്നതോടെ ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നു. ഒപ്പം കൊവിഡ് പരിശോധനാ ഫലം ലഭിക്കാന്‍ കാലതാമസമെടുക്കുന്നത് കൊണ്ടുള്ള ആശങ്ക വേറെയും.
ഏപ്രില്‍ 24ന് അര്‍ദ്ധരാത്രി 11.59 മുതലാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് പ്രാബല്യത്തില്‍ വരുന്നത്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച അറിയിപ്പുണ്ടായത്. പത്ത് ദിവസത്തേക്കാണ് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും ഇന്ത്യയിലെ കൊവിഡ് സാഹചര്യം പരിഗണിച്ച് വിലക്ക് നീട്ടാന്‍ സാധ്യതയുണ്ടെന്നാണ് പൊതുവെയുള്ള ധാരണ.
പെരുന്നാള്‍ അവധിക്ക് ശേഷം ശേഷം യുഎഇയിലേക്ക് മടങ്ങാന്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്‍ത് കാത്തിരുന്നവരടക്കം എത്രയും വേഗം മടങ്ങാനുള്ള പരിശ്രമത്തിലാണിപ്പോള്‍. രാജ്യത്തെ കൊവിഡ് സാഹചര്യം മോശമാവുന്നത് പരിഗണിച്ച് വിലക്കുണ്ടാവാനുള്ള സാധ്യത മുന്നില്‍ക്കണ്ട് നിരവധിപ്പേര്‍ കഴിഞ്ഞ ആഴ്‍ചകളില്‍ അവധി വെട്ടിച്ചുരുക്കി യുഎഇയിലേക്ക് മടങ്ങിപ്പോയിരുന്നു. എന്നാല്‍ ഞായറാഴ്‍ച മുതല്‍ ടിക്കറ്റെടുത്ത് കാത്തിരുന്നവരാണ് ഇപ്പോള്‍ പ്രതിസന്ധിയിലായത്.
ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങളില്‍ ടിക്കറ്റ് ലഭ്യമാവാത്ത സ്ഥിതിയാണ് ഏറ്റവും വലിയ തിരിച്ചടി. നാല്‍പതിനായിരത്തോളം രൂപയ്‍ക്കാണ് പലരും വണ്‍ വേ ടിക്കറ്റ് എടുത്തത്. ദുബൈയിലേക്ക് വരുന്നവര്‍ക്ക് 48 മണിക്കൂറിനിടെയുള്ള കൊവിഡ് പരിശോധനാ ഫലം വേണമെന്നുള്ളതും പലരെയും കുഴക്കുന്നു. കൊവിഡ് പരിശോധനാ കേന്ദ്രങ്ങളിലും ട്രാവല്‍ ഏജന്‍സികളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
രണ്ടാഴ്‍ചയ്ക്കുള്ളില്‍ ഇന്ത്യ സന്ദര്‍ശിച്ചവര്‍ക്കും ട്രാന്‍സിറ്റ് വിസക്കാര്‍ക്കും യുഎഇയിലെ വിലക്ക് ബാധകമാണ്. എന്നാല്‍ യുഎഇ സ്വദേശികള്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ഗോള്‍ഡന്‍ വിസയുള്ളവര്‍ തുടങ്ങിയവര്‍ക്ക് വിലക്കുണ്ടാവില്ല. ശനിയാഴ്‍ചയോടെ ഏകദേശം നാല്‍പതിനായിരത്തോളം പ്രവാസികള്‍ ഇന്ത്യയില്‍ നിന്ന് യുഎഇയില്‍ തിരിച്ചെത്തുമെന്നാണ് ട്രാവല്‍ ഏജന്‍സി രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ അനുമാനം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam