സൗദിയിൽ ഒന്നര വർഷത്തെ നിയമപോരാട്ടം വിജയിച്ച് ഇന്ത്യൻ തൊഴിലാളികൾ മടങ്ങുന്നു

By Web TeamFirst Published Nov 27, 2020, 10:00 PM IST
Highlights

ഒന്നര വർഷമായി ജോലിയോ ശമ്പളമോ കൃത്യമായ ഭക്ഷണമോ ലഭിക്കാതെ ഇവർ ബുദ്ധിമുട്ടിലായിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ ഇവരുടെ ദയനീയാവസ്ഥ മനസിലാക്കിയ പ്രവാസി സംഘടനകളും എംബസിയും ഇവർക്ക് വേണ്ട ഭക്ഷണവും മറ്റു സഹായങ്ങളും നൽകിയിരുന്നു. 

റിയാദ്: ജോലിയും ശമ്പളവും നഷ്ടപ്പെട്ട് ഒന്നര വർഷമായി സൗദിയിൽ നിയമപോരാട്ടം നടത്തിയ ഇന്ത്യക്കാരുൾപ്പെട്ട തൊഴിലാളികൾക്ക് ഒടുവിൽ അനുകൂല വിധി. നാല്‍പതോളം തൊഴിലാളികൾക്കാണ് സൗദി ലേബർ കോടതിയുടെ വിധി ആശ്വാസമായി മാറിയത്. വിവിധ ജോലികൾ കരാറെടുത്തു ചെയ്തിരുന്ന ട്രേഡിങ് കമ്പനിയിലെ ഇൗ തൊഴിലാളികളിൽ മലയാളികളുമുണ്ട്. 

ഒന്നര വർഷമായി ജോലിയോ ശമ്പളമോ കൃത്യമായ ഭക്ഷണമോ ലഭിക്കാതെ ഇവർ ബുദ്ധിമുട്ടിലായിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ ഇവരുടെ ദയനീയാവസ്ഥ മനസിലാക്കിയ പ്രവാസി സംഘടനകളും എംബസിയും ഇവർക്ക് വേണ്ട ഭക്ഷണവും മറ്റു സഹായങ്ങളും നൽകിയിരുന്നു. കമ്പനി അധികൃതരിൽ നിന്ന് അനുകൂലമായ നടപടിക്ക് ഇവർ പലതവണ ശ്രമിച്ചെങ്കിലും ഫലം കാണാതെ വന്നപ്പോഴാണ് സലീം കൊടുങ്ങല്ലൂർ, യൂനുസ് മുന്നിയൂർ തുടങ്ങിയവരുടെ സഹായത്തോടുകൂടി ലേബർ കോടതിയെ സമീപിച്ചത്. ഒടുവിൽ ഒന്നര വർഷത്തെ നിയമപോരാട്ടത്തിന് ശേഷം കോടതി ഇടപെട്ടു. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകാൻ കമ്പനിയോട് കോടതി ആവശ്യപ്പെട്ടു. ആനുകൂല്യങ്ങൾ ലഭിക്കുന്ന മുറക്ക് ഇവർ നാട്ടിലേക്ക് മടങ്ങുമെന്നു സലിം കൊടുങ്ങല്ലൂരും യൂനുസ് മുന്നിയൂരും പറഞ്ഞു.

click me!