ഭാര്യമാരെ ഉപേക്ഷിച്ചുപോയ 33 പ്രവാസികളുടെ പാസ്‍പോര്‍ട്ട് റദ്ദാക്കി

By Web TeamFirst Published Dec 13, 2018, 11:28 AM IST
Highlights

ഭാര്യമാരെ ഉപേക്ഷിക്കുന്നവരെ പിടികൂടാനായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇതുവരെ എട്ട് പേര്‍ക്കെതിരെ നോട്ടീസ് പുറപ്പെടുവിച്ചു. 33 പേരുടെ പാസ്‍പോര്‍ട്ട് റദ്ദാക്കിയെന്നും അധികൃതര്‍ അറിയിച്ചു. 

ദില്ലി: ഭാര്യമാരെ ഉപേക്ഷിച്ചുപോയ 33 പ്രവാസികളുടെ പാസ്‍പോര്‍ട്ട് റദ്ദാക്കിയതായി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം അറിയിച്ചു. ഭാര്യമാരെ ഉപേക്ഷിക്കുന്ന പ്രവാസികളെക്കുറിച്ചുള്ള പരാതികളില്‍ നടപടിയെടുക്കാനായി രൂപീകരിച്ച നോഡല്‍ ഏജന്‍സിയുടെ ശുപാര്‍ശ പ്രകാരമാണ് വിദേശകാര്യ മന്ത്രാലയം പാസ്‍പോര്‍ട്ട് റദ്ദാക്കിയത്. 

ഭാര്യമാരെ ഉപേക്ഷിക്കുന്നവരെ പിടികൂടാനായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇതുവരെ എട്ട് പേര്‍ക്കെതിരെ നോട്ടീസ് പുറപ്പെടുവിച്ചു. 33 പേരുടെ പാസ്‍പോര്‍ട്ട് റദ്ദാക്കിയെന്നും അധികൃതര്‍ അറിയിച്ചു. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം സെക്രട്ടറി രാകേഷ് ശ്രീവാസ്തവയുടെ അധ്യക്ഷതയിലാണ് നോഡല്‍ ഏജന്‍സി പ്രവര്‍ത്തിക്കുന്നത്.

വിദേശ ഇന്ത്യക്കാരുടെ വിവാഹം ഒരാഴ്ചയ്ക്കകം രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കുന്നതുള്‍പ്പെടെയുള്ള വിശദമായ നിര്‍ദ്ദേശങ്ങള്‍ക്ക് വനിതാ ശിശുക്ഷേമ മന്ത്രാലയം രൂപം നല്‍കുകയാണ്. വിവാഹം രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നതിനുള്ള ശിക്ഷകള്‍ ഉള്‍പ്പെടെയുള്ള ശുപാര്‍ശകള്‍ തയ്യാറാക്കി കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിന് സമര്‍പ്പിക്കും. വിവാഹശേഷം വിദേശത്ത് പോകുന്നവര്‍ ഭാര്യമാരെ ഉപേക്ഷിച്ചാല്‍ പാസ്‍പോര്‍ട്ട് റദ്ദാക്കുന്നതിന് ആവശ്യമായ ചട്ടങ്ങള്‍കൂടി പാസ്‍പോര്‍ട്ട് നിയമത്തില്‍ ഉള്‍പ്പെടുത്താനും തീരുമാനമുണ്ട്.

വിദേശ ഇന്ത്യക്കാരുടെ വിവാഹവുമായി ബന്ധപ്പെട്ട് സ്ത്രീകളുടെ സംരക്ഷണം ഉറപ്പുവരുത്താനുള്ള എല്ലാ നടപടികളും സ്വീകരിക്കുകയാണെന്നാണ് വനിതാ ശിശു ക്ഷേമ മന്ത്രാലയം അറിയിച്ചത്. പരാതികള്‍ നല്‍കാനായി മാത്രം nricell-ncw@nic.in എന്ന ഇമെയില്‍ വിലാസമുണ്ട്. വിദേശ ഇന്ത്യക്കാര്‍ വിവാഹം ചെയ്തശേഷം ഭാര്യമാരെ ഉപേക്ഷിച്ച് പോകുന്നത് ഗുരുതരമായ പ്രശ്നമാണെന്നും ഇത് നേരിടാന്‍ ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളുമായി സഹകരിച്ച് നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും വനിതാ-ശിശുക്ഷേമ മന്ത്രാലയം ട്വീറ്റില്‍ അറിയിച്ചു.

click me!