മസാജിന് പോയ പ്രവാസിക്ക് ക്രൂര മര്‍ദനം; നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ യുവാവ് ഗുരുതരാവസ്ഥയില്‍

By Web TeamFirst Published Apr 13, 2021, 9:17 PM IST
Highlights

റോഡില്‍ നിന്ന് ലഭിച്ച ഒരു പരസ്യ കാര്‍ഡില്‍ കണ്ട ഫോണ്‍ നമ്പറില്‍ യുവാവ് ബന്ധപ്പെടുകയായിരുന്നു. ആശയ വിനിമയത്തിനൊടുവില്‍ മസാജിനായി ഒരു അപ്പാര്‍ട്ട്മെന്റിലെത്താന്‍ യുവാവിന് നിര്‍ദേശം ലഭിച്ചു. 

ഷാര്‍ജ: ബാങ്ക് കാര്‍ഡ് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ചതിന് യുഎഇയില്‍ ഇന്ത്യക്കാരനെ തട്ടിപ്പുകാര്‍ ക്രൂരമായി മര്‍ദിച്ചു. സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ യുവാവിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.

കഴിഞ്ഞയാഴ്‍ച ഷാര്‍ജയിലെ അല്‍ നഹ്‍ദയില്‍ വെച്ചായിരുന്നു സംഭവം. റോഡില്‍ നിന്ന് ലഭിച്ച ഒരു പരസ്യ കാര്‍ഡില്‍ കണ്ട ഫോണ്‍ നമ്പറില്‍ യുവാവ് ബന്ധപ്പെടുകയായിരുന്നു. ആശയ വിനിമയത്തിനൊടുവില്‍ മസാജിനായി ഒരു അപ്പാര്‍ട്ട്മെന്റിലെത്താന്‍ യുവാവിന് നിര്‍ദേശം ലഭിച്ചു. 

അപ്പാര്‍ട്ട്മെന്റിലെത്തിയപ്പോള്‍ ആഫ്രിക്കക്കാരായ ആറ് പുരുഷന്മാരും ഏതാനും സ്‍ത്രീകളുമാണ് അവിടെയുണ്ടായിരുന്നത്. ഇവര്‍ യുവാവിനെ നഗ്നനാക്കി വീഡിയോ ചിത്രീകരിച്ചു. തുടര്‍ന്ന് ബാങ്ക് കാര്‍ഡുകളും അവയുടെ പിന്‍ നമ്പറുകളും ആവശ്യപ്പെടുകയായിരുന്നു. പണം അപഹരിക്കാനുള്ള ശ്രമം ചെറുത്തതോടെ ഉപദ്രവം തുടങ്ങി. നഗ്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച വീഡിയോ ക്ലിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി.

ഉപദ്രവം സഹിക്കാനാവാതെ വന്നതോടെയാണ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് യുവാവ് താഴേക്ക് ചാടിയത്. വിവരം ലഭിച്ചതനുസരിച്ച് പൊലീസും പാരാമെഡിക്കല്‍ സംഘവും സ്ഥലത്തെത്തി. അടിവസ്ത്രം മാത്രം ധരിച്ച് രക്തത്തില്‍ കുളിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് അല്‍ ഖാസിമി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

click me!