
സിംഗപ്പൂര്‍: അയല്‍ വീട്ടില്‍ കയറി സ്ത്രീയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ഇന്ത്യക്കാരന് സിംഗപ്പൂരില്‍ ഏഴ് മാസം ജയില്‍ ശിക്ഷ. ബുധനാഴ്ചയാണ് ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. എറക്കോടന്‍ അബിന്‍രാജ് എന്ന 26കാരനാണ് തടവുശിക്ഷ വിധിച്ചതെന്ന് 'എന്‍ഡിടിവി' റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 22നാണ് സംഭവം.
വീട്ടിൽ ഉറങ്ങുകയായിരുന്ന 36കാരിയായ സ്ത്രീയുടെ കിടപ്പുമുറിയിൽ പുലർച്ചെ 4.50ന് കയറിയ പ്രതി, സ്ത്രീയുടെ അടിവസ്ത്രത്തില്‍ സ്പര്‍ശിക്കുകയായിരുന്നു. ബാല്‍ക്കണി വഴിയാണ് ഇയാള്‍ കിടപ്പുമുറിയില്‍ കയറിയത്. ഭര്‍ത്താവിനൊപ്പമാണ് സ്ത്രീ മുറിയില്‍ ഉറങ്ങിക്കിടന്നത്. അപ്പുറത്തെ മുറിയില്‍ മകളും ഉറങ്ങുകയായിരുന്നു.
ആരോ തന്നെ തൊടുന്നത് മനസ്സിലാക്കിയ സ്ത്രീ പെട്ടെന്ന് ഉറക്കത്തില്‍ നിന്ന് ഞെട്ടി എഴുന്നേറ്റു. ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റപ്പോള്‍ പ്രതി തന്‍റെ മൊബൈല്‍ ഫോണിന്‍റെ ടോര്‍ച്ച് ലൈറ്റ് ഓൺ ആക്കി പിടിച്ച് നിക്കുന്നതാണ് കണ്ടത്. ഭര്‍ത്താവ് അല്ലെന്ന് മനസിലാക്കിയ സ്ത്രീ നിലവിളിക്കുകയായിരുന്നു. ഇതോടെ സ്ത്രീയുടെ ഭര്‍ത്താവ് ഉണര്‍ന്നു. ഇയാൾ അബിന്‍ രാജിനെ പിടികൂടുകയും മുറിയില്‍ നിന്ന് പുറത്തു കടക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പേടിച്ച പ്രതി മുറിയിൽ മൂത്രമൊഴിക്കുകയും പൊലീസിനെ വിളിക്കരുതെന്ന് അപേക്ഷിക്കുകയും ചെയ്തു.
പക്ഷെ സ്ത്രീയുടെ ഭര്‍ത്താവ് പൊലീസിനെ വിളിച്ചു. ഈ സമയം അബിന്‍രാജ് മുറിയില്‍ തന്നെ നിന്നു. പോലീസ് വന്നപ്പോൾ വീട്ടില്‍ അതിക്രമിച്ച് കയറിയത് സമ്മതിച്ച പ്രതി സ്ത്രീക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിനെ നിഷേധിച്ചു. തന്‍റെ ഫോണ്‍ സ്ത്രീയുടെ ദേഹത്ത് വീണതാണെന്നും സ്പര്‍ശിച്ചിട്ടില്ലെന്നും ഇതോടെയാണ് ഇവര്‍ ഉണര്‍ന്നതെന്നും ഇയാള്‍ പറഞ്ഞു. കേസ് കോടതിയിലെത്തിയതോടെ അബിന്‍രാജിന്‍റെ മാനസിക നില പരിശോധിച്ചെങ്കിലും ഇയാള്‍ക്ക് മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് കോടതി പ്രതിക്ക് ഏഴ് മാസം തടവുശിക്ഷ വിധിക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam