ദുബൈയില്‍ പൊലീസിന് കൈക്കൂലി നല്‍കാന്‍ ശ്രമം; പ്രവാസി ബിസിനസുകാരനെതിരെ നടപടി

By Web TeamFirst Published Sep 30, 2020, 1:39 PM IST
Highlights

പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലുള്ളവരുടെ സംരക്ഷണ ചുമതലയുണ്ടായിരുന്ന പൊലീസുകാരനോട് തനിക്ക് സ്വകാര്യമായി ചിലത് സംസാരിക്കാനുണ്ടെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് ഉദ്യോഗസ്ഥന്‍ സംസാരിച്ചപ്പോഴാണ് ഒരു ലക്ഷം ദിര്‍ഹം വാഗ്ദാനം ചെയ്‍തത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥനും ഇതേ തുക തന്നെ നല്‍കാമെന്ന് സമ്മതിച്ചു. 

ദുബൈ: പൊലീസിന് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരനെതിരെ ദുബൈ പ്രാഥമിക കോടതിയില്‍ വിചാരണ തുടങ്ങി. 51കാരനായ ബിസിനസുകാരനാണ് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് രണ്ട് ലക്ഷം ദിര്‍ഹം വീതം വാഗ്ദാനം ചെയ്‍തത്. 

കഴിഞ്ഞ ജൂണിലായിരുന്നു സംഭവം. മറ്റൊരാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാനായി അല്‍ റഫാ പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലായിരുന്ന സമയത്താണ് ഇയാള്‍ പണം വാഗ്ദാനം ചെയ്‍തത്. തന്നെ മോചിപ്പിക്കുകയും കേസില്‍ നിന്ന് ഒഴിവാക്കുകയും ചെയ്‍താല്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കും ഓരോ ലക്ഷം ദിര്‍ഹം വീതം നല്‍കാമെന്നായിരുന്നു വാഗ്ദാനം. ആദ്യ ഗഡുവായി നല്‍കാന്‍ 50,000 ദിര്‍ഹം വീതം കൊണ്ടുവന്ന രണ്ട് സഹായികളെയും പൊലീസ് അറസ്റ്റ് ചെയ്‍തു. മൂന്ന് പേരും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

ജൂണ്‍ 12നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലുള്ളവരുടെ സംരക്ഷണ ചുമതലയുണ്ടായിരുന്ന പൊലീസുകാരനോട് തനിക്ക് സ്വകാര്യമായി ചിലത് സംസാരിക്കാനുണ്ടെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് ഉദ്യോഗസ്ഥന്‍ സംസാരിച്ചപ്പോഴാണ് ഒരു ലക്ഷം ദിര്‍ഹം വാഗ്ദാനം ചെയ്‍തത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥനും ഇതേ തുക തന്നെ നല്‍കാമെന്ന് സമ്മതിച്ചു. തന്റെ സുഹൃത്തുക്കള്‍ പണം കൊണ്ടുവരുമെന്നും അത് വാങ്ങി തന്നെ വിട്ടയക്കണമെന്നുമായിരുന്നു ആവശ്യം. ഇക്കാര്യം പൊലീസുകാര്‍ മേലുദ്യോഗസ്ഥനെ അറിയിച്ചു.

പണം നല്‍കാനായി സുഹൃത്തുക്കളെത്തിയപ്പോള്‍ പബ്ലിക് പ്രോസിക്യൂഷന്റെ വാറണ്ടോടെ ഇവ ചിത്രീകരിക്കുകയായിരുന്നു. 50,000 ദിര്‍ഹം വീതം രണ്ട് പേര്‍ക്കും നല്‍കുകയും മോചിതനായ ശേഷം ബാക്കി പണം നല്‍കാമെന്നും അറിയിക്കുകയും ചെയ്‍തു. പണം നല്‍കിക്കഴിഞ്ഞതോടെ പൊലീസിന് കൈക്കൂലി നല്‍കിയ കേസില്‍ മൂവരെയും അറസ്റ്റ് ചെയ്‍തു. കേസില്‍ നവംബര്‍ 22ന് വിചാരണ തുടരും. 

click me!