43 വര്‍ഷത്തെ സേവനം; നാട്ടിലേക്ക് മടങ്ങുന്ന മലയാളി ജീവനക്കാരന് യാത്രയയപ്പ് നല്‍കി മസ്‌കറ്റ് ഇന്ത്യന്‍ സ്‌കൂള്‍

By Web TeamFirst Published Feb 27, 2021, 10:42 PM IST
Highlights

എഴുപതുകളില്‍  85 വിദ്യാര്‍ത്ഥികള്‍ മാത്രം പഠിച്ചിരുന്ന സ്‌കൂളില്‍ ഇന്ന് 9500 വിദ്യാര്‍ത്ഥികളാണുള്ളത്. സ്കൂളിന്‍റെ ഈ വളര്‍ച്ചക്ക് സാക്ഷിയായ ആളാണ് രാധാകൃഷ്ണന്‍. 

മസ്‌കറ്റ്: നാല്‍പ്പത്തി മൂന്ന് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മലയാളി ജീവനക്കാരനായ അയ്യപ്പന്‍ രാധാകൃഷ്ണന് യാത്രയയപ്പ് നല്‍കി മസ്‌കറ്റ് ഇന്ത്യന്‍ സ്‌കൂള്‍. 1978ല്‍ മസ്‌കറ്റിലെത്തിയ തൃശൂര്‍ വരാന്തരപള്ളി സ്വദേശി രാധാകൃഷ്ണന്‍ മസ്‌കറ്റിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രഥമ വിദ്യാലയമായ മസ്‌കറ്റ് ഇന്ത്യന്‍ സ്‌കൂളില്‍ 1978 ഓഗസ്റ്റ് 16നാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

എഴുപതുകളില്‍  85 വിദ്യാര്‍ത്ഥികള്‍ മാത്രം പഠിച്ചിരുന്ന സ്‌കൂളില്‍ ഇന്ന് 9500 വിദ്യാര്‍ത്ഥികളാണുള്ളത്. സ്കൂളിന്‍റെ ഈ വളര്‍ച്ചക്ക് സാക്ഷിയായ ആളാണ് രാധാകൃഷ്ണന്‍. നാലര പതിറ്റാണ്ട് കാലം തുടര്‍ച്ചയായി രാധാകൃഷ്ണന്‍ സ്‌കൂളിന് നല്‍കിയ നിസ്വാര്‍ത്ഥ സേവനം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രാജീവ് ചൗഹാന്‍ എടുത്തുപറയുകയും ആശംസ അറിയിക്കുകയും ചെയ്തു. രാധാകൃഷ്ണന്റെ അച്ചടക്കം, ഊര്‍ജസ്വലത , എല്ലാവരോടും ഉള്ള ആദരവ് എന്നിവയും പ്രിന്‍സിപ്പല്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് അധികൃതരും രാധാകൃഷ്ണന്  യാത്രാമംഗളങ്ങള്‍  നേര്‍ന്നു. ഫെബ്രുവരി 28ന്  മസ്‌കറ്റ്  ഇന്ത്യന്‍ സ്‌കൂളിലെ ഒരു  പ്രവൃത്തി ദിവസം കൂടി പൂര്‍ത്തികരിച്ചതിന് ശേഷം രാത്രിയിലെ എയര്‍  ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ ആലുക്ക പറമ്പില്‍ അയ്യപ്പന്‍ രാധാകൃഷ്ണന്‍ കൊച്ചിയിലേക്ക്  മടങ്ങും. 

click me!