
ദുബൈ: മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന് പിടികൂടിയപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥന് കൈക്കൂലി വാഗ്ദാനം ചെയ്ത ഇന്ത്യക്കാരന് ദുബൈയില്‍ തടവുശിക്ഷ. പൊലീസുകാരന് 3,000 ദിര്‍ഹം കൈക്കൂലി വാഗ്ദാനം ചെയ്തതിന് ഇയാള്‍ക്ക് മൂന്നുമാസത്തെ ജയില്‍ ശിക്ഷയാണ് വിധിച്ചത്.
കേസ് പരിഗണിച്ച ദുബൈ പ്രാഥമിക കോടതി ഇന്ത്യക്കാരന്‍ 5,000 ദിര്‍ഹം പിഴയും വിധിച്ചു. ജയില്‍ശിക്ഷ കഴിയുമ്പോള്‍ ഇയാളെ നാടുകടത്തും. ഏപ്രിലില്‍ ദേശീയ അണുനശീകരണ യഞ്ജത്തിന്റെ സമയത്താണ് ജബല്‍ അലി ഏരിയയില്‍ പട്രോളിങ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ 24കാരനായ യുവാവിനെയും ഒരു സ്ത്രീയെയും ഹോട്ടലിന് പുറത്ത് മാസ്‌ക് ധരിക്കാതെ കണ്ടെത്തിയത്. സഞ്ചാര വിലക്കുള്ള സ്ഥലത്ത് പെര്‍മിറ്റ് ഇല്ലാതെ ഇറങ്ങി നടക്കുന്നതും മാസ്‌ക് ധരിക്കാത്തതും ചൂണ്ടിക്കാട്ടി പൊലീസ് ഇവരെ തടഞ്ഞു.
എന്നാല്‍ പുറത്ത് വെറുതെ നടക്കാനിറങ്ങിയതാണെന്നാണ് യുവാവ് പൊലീസിനോട് മറുപടി പറഞ്ഞത്. കൂടെയുള്ള സ്ത്രീ മസാജ് സേവനം നടത്തുന്നയാളാണെന്നും മസാജ് ചെയ്യുന്നതിനായി 200 ദിര്‍ഹത്തിന് ഇവരെ ഹോട്ടലില്‍ എത്തിച്ചതാണെന്നും യുവാവ് പറഞ്ഞു. നിയമനടപടി സ്വീകരിക്കാതെ തന്നെ വിട്ടയയ്ക്കണമെന്നും ഇതിന് പകരമായി 3,000 ദിര്‍ഹം നല്‍കാമെന്നനും യുവാവ് പൊലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞു. ഇപ്പോള്‍ 2,000 ദിര്‍ഹം തരാമെന്നും ബാക്കി തുക വീട്ടിലെത്തിക്കാമെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.
ജബല്‍ അലി പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോള്‍ യുവാവ് 2,000ദിര്‍ഹം നല്‍കാന്‍ ശ്രമിച്ചു. ഇതോടെ പൊലീസ് ഡയറക്ടറെ വിവരം അറിയിക്കുകയും യുവാവിനെ പ്രോസിക്യൂഷന് കൈമാറുകയുമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam