റമദാൻ മാസത്തെ വരവേൽക്കാൻ മക്കയിലെ മസ്ജിദുൽ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ഇരുഹറം കാര്യാലയം അറിയിച്ചു.
റിയാദ്: റമദാൻ മാസത്തെ വരവേൽക്കാൻ മക്കയിലെ മസ്ജിദുൽ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും എല്ലാവിധ പ്രവർത്തനപരവും സാങ്കേതികവുമായ തയ്യാറെടുപ്പുകൾ പൂർത്തിയായതായി ഇരുഹറം പരിപാലന ജനറൽ അതോറിറ്റി അറിയിച്ചു. തീർഥാടകർക്ക് സുഗമമായ ആരാധനാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി വിപുലമായ പദ്ധതികളാണ് അതോറിറ്റി ആവിഷ്കരിച്ചിരിക്കുന്നത്.
മൂന്ന് പ്രധാന സ്തംഭങ്ങളെ ആസ്പദമാക്കിയാണ് ഇത്തവണത്തെ പ്രവർത്തന പദ്ധതിയെന്ന് അതോറിറ്റി വ്യക്തമാക്കി. ആസ്തികളുടെയും സ്ഥാപനങ്ങളുടെയും കാര്യക്ഷമമായ പരിപാലനം, വിവിധ സർക്കാർ ഏജൻസികളുമായുള്ള ഏകോപനം, തീർഥാടകരുടെ ആത്മീയ അനുഭവം മെച്ചപ്പെടുത്തൽ എന്നിവയാണ് ഇതിൽ പ്രധാനം. തിരക്കേറിയ സമയങ്ങളിൽ സേവനങ്ങളുടെ തുടർച്ച ഉറപ്പാക്കാനും കൃത്യമായ തീരുമാനങ്ങൾ വേഗത്തിൽ കൈക്കൊള്ളാനും സാധിക്കുന്ന രീതിയിലാണ് ക്രമീകരണങ്ങൾ.
റമദാനിലെ വൻ തിരക്ക് പരിഗണിച്ച് ഇരുഹറമുകളും പൂർണ്ണ ശേഷിയിലാണ് പ്രവർത്തിക്കുക. തീർഥാടകർക്കായി ഇത്തവണ ചില പ്രത്യേക സൗകര്യങ്ങൾ അതോറിറ്റി ഒരുക്കിയിട്ടുണ്ട്. ഹറം പരിസരത്തെ കെട്ടിടങ്ങളും റൂട്ടുകളും എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കുന്ന ത്രിമാന സംവേദനാത്മക ഭൂപടങ്ങൾ സജീവമാക്കി. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും കൃത്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനുമായി ഡിജിറ്റൽ സെൻസറുകൾ, ഡിറ്റക്ടറുകൾ എന്നിവ വഴി സന്ദർശകരെ എണ്ണുന്ന സംവിധാനം ഏർപ്പെടുത്തി. പ്രായമായവരെ ഗതാഗത സ്റ്റേഷനുകളിൽ നിന്ന് ഹറം പരിസരത്തേക്ക് എളുപ്പത്തിൽ എത്തിക്കുന്നതിനായി പ്രത്യേക ഗതാഗത സേവനം ആരംഭിച്ചു. ഹറമിനകത്തും മുറ്റങ്ങളിലും തീർഥാടകർക്ക് ദിശകളും നിർദ്ദേശങ്ങളും നൽകുന്ന അത്യാധുനിക സ്‌ക്രീനുകൾ വികസിപ്പിച്ചു.


