ദുബായ് എയര്‍പോര്‍ട്ടില്‍ കാണാതായ ലഗേജുമായി പൊലീസ് അന്വേഷിച്ചെത്തി; ഒടുവില്‍ ഇന്ത്യക്കാരന് കിട്ടിയത് 10 വര്‍ഷം തടവ്

By Web TeamFirst Published Mar 7, 2019, 11:59 AM IST
Highlights

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് പ്രതിയുടെ ലഗേജ് നഷ്ടമായിരുന്നു. എന്നാല്‍ ഇയാള്‍ ഇക്കാര്യം അധികൃതരെ അറിയിക്കുകയോ പരാതിപ്പെടുകയോ ചെയ്തില്ല. ദിവസങ്ങള്‍ക്ക് ശേഷം വിമാനത്താവളത്തില്‍ നഷ്ടപ്പെട്ട് കിട്ടിയ ലഗേജുകളില്‍ പരിശോധന നടത്തുന്നതിനിടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ മയക്കുമരുന്ന് കണ്ടെത്തിയത്. 

ദുബായ്: വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച ഇന്ത്യക്കാരന് ദുബായ് കോടതി 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു.  4.1 കിലോഗ്രാം ഹാഷിഷുമായാണ് 52കാരനായ ഇന്ത്യന്‍ പൗരന്‍ സന്ദര്‍ശക വിസയില്‍ ദുബായിലെത്തിയത്. 10 വര്‍ഷം തടവിന് പുറമെ 50,000 ദിര്‍ഹം പിഴയുമടയ്ക്കണം. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്തും.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് പ്രതിയുടെ ലഗേജ് നഷ്ടമായിരുന്നു. എന്നാല്‍ ഇയാള്‍ ഇക്കാര്യം അധികൃതരെ അറിയിക്കുകയോ പരാതിപ്പെടുകയോ ചെയ്തില്ല. ദിവസങ്ങള്‍ക്ക് ശേഷം വിമാനത്താവളത്തില്‍ നഷ്ടപ്പെട്ട് കിട്ടിയ ലഗേജുകളില്‍ പരിശോധന നടത്തുന്നതിനിടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ മയക്കുമരുന്ന് കണ്ടെത്തിയത്. എക്സ് റേ പരിശോധനയില്‍ സംശയകരമായ ചില വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ലഗേജ് തുറന്ന് പരിശോധിച്ചു. നാല് ജീന്‍സുകളായിരുന്നു ബാഗിലുണ്ടായിരുന്നത്. ഇവയുടെ പോക്കറ്റുകളില്‍ പ്രത്യേക കവറുകളിലാക്കി മയക്കുമരുന്ന് സൂക്ഷിച്ചിരുന്നു.

ഇന്ത്യയില്‍ നിന്ന് കൊണ്ടുവന്ന ലഗേജാണെന്ന് മനസിലാക്കിയതോടെ വിമാന കമ്പനിയില്‍ നിന്ന് ഇതിന്റെ ഉടമയെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് ദുബായ് പൊലീസ് ആന്റി നര്‍കോട്ടിക്സ് സിഐഡി വിഭാഗം  ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ വിമാനത്താവളത്തിലെത്തിച്ച് ലഗേജ് കാണിച്ചപ്പോള്‍ താന്‍ കൊണ്ടുവന്നത് തന്നെയെന്ന് സമ്മതിക്കുകയായിരുന്നു. മയക്കുമരുന്നാണെന്ന് അറിയാമായിരുന്നെന്നും ദുബായിലുള്ള ഒരാള്‍ക്ക് കൊടുക്കാനായി കൊണ്ടുവന്നതാണിതെന്നായിരുന്നു ഇയാള്‍ പറഞ്ഞത്. കേസില്‍ ഇന്നലെയാണ് കോടതി വിധി പറഞ്ഞത്.

click me!