സുഷമ സ്വരാജിന്റെ ഇടപെടല്‍ രക്ഷയായി; വിസ തട്ടിപ്പിനിരയായി ഖത്തറില്‍ കുടുങ്ങിയ നഴ്‍സ് നാട്ടിലെത്തി

By Web TeamFirst Published May 3, 2019, 2:01 PM IST
Highlights

നഴ്‍സ് ജോലിയില്‍ പ്രതിമാസം 40,000 രൂപ ശമ്പളം വാഗ്ദാനം ചെയ്താണ് ഫാത്തിമ എന്ന ഏജന്റ് ഇവരെ ഖത്തറിലേക്ക് അയച്ചത്. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണമാണ് ജോലി ചെയ്യാന്‍ വിദേശത്ത് പോകാന്‍ തയ്യാറായത്.

ഹൈദരാബാദ്: വിസ തട്ടിപ്പിനിരയായി ഖത്തറില്‍ കുടുങ്ങിയ നഴ്‍സ് മടങ്ങിയെത്തി. ഹൈദരാബാദ് സ്വദേശിനി സൈദ മറിയമാണ് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമസ്വരാജിന്റെ ഇടപെടലിനെ തുടര്‍ന്ന് നാട്ടിലെത്തിയത്.

നഴ്‍സ് ജോലിയില്‍ പ്രതിമാസം 40,000 രൂപ ശമ്പളം വാഗ്ദാനം ചെയ്താണ് ഫാത്തിമ എന്ന ഏജന്റ് ഇവരെ ഖത്തറിലേക്ക് അയച്ചത്. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണമാണ് ജോലി ചെയ്യാന്‍ വിദേശത്ത് പോകാന്‍ തയ്യാറായത്. ഏപ്രില്‍ 11ന് ഖത്തറിലെത്തിയ സൈദയെ ഫാത്തിമയെന്ന് തന്നെ പേരുള്ള മറ്റൊരു ഏജന്റാണ് വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയത്. അവിടെ നിന്ന് ഗോപാല്‍ എന്നയാളുടെ ഓഫീസിലെത്തിച്ചു. ഇവിടെവെച്ച് ഫോണ്‍ പിടിച്ചുവാങ്ങിയ ശേഷം നാല് ദിവസം പൂട്ടിയിടുകയായിരുന്നുവെന്ന് സൈദ പറഞ്ഞു.

നഴ്‍സ് ജോലി ഇല്ലെന്ന് അറിയിച്ച ശേഷം പിന്നീട് സൈദയെ ഒരു സ്വദേശിയുടെ വീട്ടില്‍ ജോലിക്കാരിയായി അയക്കുകയായിരുന്നു. എന്നാല്‍ അവിടെ ജോലി ചെയ്യാന്‍ വിസമ്മതിച്ചതോടെ വീട്ടുടമ ഖത്തറിലെ ഇന്ത്യന്‍ എംബസിയിലെത്തിച്ച് അധികൃതര്‍ക്ക് കൈമാറി. എംബസി ഉദ്യോഗസ്ഥര്‍ ഗോപാലുമായി ബന്ധപ്പെട്ടു. സമാനമായ മറ്റ് മൂന്ന് തട്ടിപ്പു കേസുകള്‍ ഇയാള്‍ക്കെതിരെ ഉള്ളതായി എംബസി മനസിലാക്കുകയും ഖത്തര്‍ അധികൃതര്‍ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

പിന്നീട് ഫാത്തിമ എംബസിയിലെത്തിയാണ് സൈദയെ കൂട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് തന്നെ പലതരത്തില്‍ പീഡിപ്പിച്ചുവെന്ന് സൈദ പറഞ്ഞു. അഞ്ച് വര്‍ഷം ഖത്തറില്‍ നിന്നില്ലെങ്കില്‍ രണ്ട് ലക്ഷം രൂപ തിരികെ നല്‍കണമെന്നും പണം കിട്ടിയാല്‍ മാത്രമേ നാട്ടിലേക്ക് പോകാന്‍ അനുവദിക്കൂയെന്നും ഫാത്തിമ പറഞ്ഞു. ഇക്കാര്യങ്ങള്‍ ഫാത്തിമ തന്റെ അമ്മയെ അറിയിച്ചു. അമ്മ തബസും ബീഗം വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് കാര്യങ്ങള്‍ വിശദീകരിച്ച് പരാതി അയക്കുകയായിരുന്നു.

വിദേശകാര്യ മന്ത്രിയുടെ ഇടപെടലോടെ പിന്നാലെ എംബസി അധികൃതര്‍ വീണ്ടും പ്രശ്നത്തില്‍ ഇടപെട്ടു. ഏജന്റിനെ ബന്ധപ്പെട്ട് എത്രയും വേഗം സൈദയെ നാട്ടിലേക്ക് അയക്കണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. വിദേശകാര്യ മന്ത്രിക്കും ഖത്തറിലെ ഇന്ത്യന്‍ എംബസിക്കും സൈദ നന്ദി പറഞ്ഞു.

click me!