
തെഹ്റാന്‍: കഴിഞ്ഞ ദിവസം ഇറാന്‍ സൈന്യം പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ ഇന്ത്യക്കാരുമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. സൗദി അറേബ്യയിലേക്ക് പോവുകയായിരുന്ന സ്റ്റെന ഇംപെറോ എന്ന കപ്പല്‍ ഹോര്‍മുസ് കടലിടുക്കില്‍ വെച്ചാണ് ഇറാന്‍ പിടിച്ചെടുത്തത്. ടാങ്കറിലുള്ള 23 ജീവനക്കാരില്‍ ഇന്ത്യക്കാരും ഉണ്ടെന്നാണ് കപ്പല്‍ കമ്പനി അറിയിച്ചിരിക്കുന്നത്.
"ഇന്ത്യക്കാരും ലാത്വിയ, റഷ്യ, ഫിലിപ്പൈന്‍ പൗരന്മാരുമാണ് കപ്പലിലുള്ളത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. ടാങ്കറുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ആശയവിനിമയം നടത്താനാകുന്നില്ല. ജീവനക്കാരുടെ സുരക്ഷക്കാണ് ഇപ്പോള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും" കപ്പലിന്റെ ഉടമകൾ അറിയിച്ചു. ടാങ്കർ മോചിപ്പിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് ഇറാന് മുന്നറിയിപ്പ് നൽകി. ടെഹ്റാനിലുള്ള ബ്രിട്ടീഷ് സ്ഥാനപതി ഇറാൻ അധികൃതരുമായി ചർച്ച നടത്തിവരികയാണെന്നും ഹണ്ട് അറിയിച്ചു.
"അന്താരാഷ്ട്ര ചട്ടങ്ങള്‍" ലംഘിച്ചുവെന്നാരോപിച്ചാണ് ഇറാന്‍ ടാങ്കര്‍ പിടിച്ചെടുത്തിരിക്കുന്നത്. ബ്രിട്ടീഷ് കപ്പലിന് പുറമെ മറ്റൊരു ലൈബീരിയന്‍ കപ്പല്‍ കൂടി ഇറാന്‍ തടഞ്ഞതായി അമേരിക്ക ആരോപിച്ചു. ഈ കപ്പലിനെ പിന്നീട് വിട്ടയച്ചു. വിട്ടയച്ച കപ്പലുമായി ആശയവിനിമയം സാധ്യമായിട്ടുണ്ടെന്നും ഇപ്പോള്‍ യാത്ര തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
നേരത്തെ ഉപരോധം ലംഘിച്ച് സിറിയയിലേക്ക് പെട്രോളിയം കൊണ്ടുപോകുന്നുവെന്നാരോപിച്ച് ഇറാന്റെ എണ്ണക്കപ്പല്‍ ബ്രിട്ടീഷ് സേന പിടിച്ചെടുത്തിരുന്നു. തങ്ങളുടെ കപ്പല്‍ വിട്ടുനില്‍കിയില്ലെങ്കില്‍ ബ്രിട്ടീഷ് കപ്പല്‍ പിടിച്ചെടുക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇതിന് ശേഷം ഇത് രണ്ടാം തവണയാണ് ബ്രിട്ടീഷ് കപ്പലുകള്‍ പിടിച്ചെടുക്കാന്‍ ഇറാന്‍ ശ്രമം നടത്തിയത്. അതേ സമയം ഇറാൻ-അമേരിക്ക ബന്ധം വീണ്ടും വഷളാകുകയാണ്. ഹോർമുസ് കടലിടുക്കിൽ നിയന്ത്രണ പരിധി ലംഘിച്ച ഇറാന്‍റെ ഡ്രോൺ വെടിവച്ചിട്ടെന്ന് അമേരിക്ക അവകാശപ്പെട്ടു. എപിടികൂടിയ വിദേശ കപ്പൽ ഉടൻ വിട്ടയക്കണമെന്ന് ഇറാന് അന്ത്യശാസനം നൽകിയതിന് പിന്നാലെയാണ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam