സ്വദേശിവത്കരണം ശക്തമാക്കാനൊരുങ്ങി ദുബായ്; ഇമറാത്തികള്‍ക്ക് കൂടുതല്‍ അവസരം

By Web TeamFirst Published Sep 6, 2019, 8:43 PM IST
Highlights

ഓരോ എമിറേറ്റുകളും സ്വദേശിവത്കരണത്തോടനുബന്ധിച്ച് ഭരണാധികാരികള്‍ നേരിട്ട് വിലയിരുത്താന്‍ തുടങ്ങിയിട്ടുണ്ട്.

ദുബായ്: ദുബായില്‍ പൊതു, സ്വകാര്യമേഖലകളില്‍ സ്വദേശിവത്ക്കരണം ശക്തമാക്കുന്നു. ഹിജ്റ പുതുവര്‍ഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ നവകാല സന്ദേശത്തില്‍ ഇമറാത്തികള്‍ക്ക് തൊഴില്‍ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്‍റെ പ്രഥമ പരിഗണനയില്‍പ്പെടുന്ന കാര്യമാണെന്ന് യുഎഇ വൈസ് പ്രസിഡന്‍റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അറിയിച്ചിരുന്നു. വരുന്ന മന്ത്രിസഭാ യോഗത്തില്‍ സ്വദേശിവത്കരണം പ്രധാന അജണ്ടയാക്കി ചര്‍ച്ചയ്ക്കെടുക്കാനാണ് തീരുമാനം. 

ഓരോ എമിറേറ്റുകളും സ്വദേശിവത്കരണത്തോടനുബന്ധിച്ച് ഭരണാധികാരികള്‍ നേരിട്ട് വിലയിരുത്താന്‍ തുടങ്ങിയിട്ടുണ്ട്. രണ്ടാഴ്ചക്കകം ഇതുമായി ബന്ധപ്പെട്ട പദ്ധതിരേഖ തയ്യാറാക്കാനാണ് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍റെ നിര്‍ദ്ദേശം. അദ്ദേഹത്തിനാണ് മേല്‍നോട്ട ചുമതല  നല്‍കിയിരിക്കുന്നത്. 

സ്വകാര്യമേഖലകളില്‍ ഇമറാത്തികള്‍ക്ക് അവസരം നല്‍കുന്ന 'സുല്‍ത്താന്‍ അല്‍ ഖാസിമി എമിറൈറ്റൈസ്ഷന്‍ പ്രോജക്ടി'ന് ഷാർജയിൽ സുപ്രീം കൗൺസിൽ അംഗവും ഭരണാധികാ​രിയുമായ ഡോ ശൈ​ഖ് സു​ൽ​ത്താ​ൻ ബി​ൻ മുഹമ്മദ് അല്‍ ഖാസിമി തുടക്കമിട്ടിരുന്നു. വിവിധ  സ്വകാര്യസ്ഥാപനങ്ങളില്‍ ഇമറാത്തികള്‍ക്ക് കൂടുതല്‍ അവസരം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഭരണകൂടം. 

click me!