ഇന്‍സ്റ്റഗ്രാം പോസ്റ്റ് തെളിവായി; യുഎഇയില്‍ വിദേശി യുവതി അറസ്റ്റില്‍

By Web TeamFirst Published Jan 24, 2021, 11:25 PM IST
Highlights

26 വയസുകാരനായ യുഎഇ പൗരന്‍ ഇന്‍സ്റ്റഗ്രാം പരിശോധിക്കുന്നതിനിടെയാണ് തങ്ങളുടെ വീട്ടുജോലിക്കാരിയുടെ പേരിലുള്ള ഒരു അക്കൌണ്ട് ശ്രദ്ധയില്‍പെട്ടത്.

ദുബൈ: മോഷ്‍ടിച്ച വസ്‍ത്രങ്ങളണിഞ്ഞ് ഫോട്ടോയെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ‍്‍ത വീട്ടുജോലിക്കാരി അറസ്റ്റിലായി. ജോലി ചെയ്‍തിരുന്ന വീട്ടിലെ ഗൃഹനാഥയുടെ വസ്‍ത്രങ്ങളാണ് ഇവര്‍ മോഷ്‍ടിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‍ത ചിത്രങ്ങള്‍ ഗൃഹനാഥയുടെ ഭര്‍ത്താവിന്റെ ശ്രദ്ധയില്‍പെട്ടതോടെയാണ് ഇവര്‍ കുടുങ്ങിയത്.

26 വയസുകാരനായ യുഎഇ പൗരന്‍ ഇന്‍സ്റ്റഗ്രാം പരിശോധിക്കുന്നതിനിടെയാണ് തങ്ങളുടെ വീട്ടുജോലിക്കാരിയുടെ പേരിലുള്ള ഒരു അക്കൌണ്ട് ശ്രദ്ധയില്‍പെട്ടത്. തന്റെ ഭാര്യയുടെ വസ്‍ത്രങ്ങളണിഞ്ഞുള്ള ഫോട്ടോകള്‍ കൂടി കണ്ടതോടെ യുവാവ് ഇക്കാര്യം ഭാര്യയെ അറിയിച്ചു. പരിശോധിച്ചപ്പോള്‍ വസ്‍ത്രങ്ങള്‍ തന്റേത് തന്നെയെന്ന് ഭാര്യയും തിരിച്ചറിഞ്ഞു.

27 വയസുകാരിയായ ഫിലിപ്പൈന്‍ സ്വദേശിനിയുടെ  മുറി പരിശോധിച്ചപ്പോള്‍ തന്റെ വസ്‍ത്രങ്ങളും ഹാന്റ് ബാഗും ലിപ്‍സ്റ്റിക്കും ഷൂസുകളും അടക്കം കാണാതായ സാധനങ്ങളെല്ലാം അവിടെയുണ്ടായിരുന്നു. 500 ദിര്‍ഹത്തിന്റെ സാധനങ്ങളാണ് വീട്ടുജോലിക്കാരി മോഷ്‍ടിച്ചത്. പരാതി നല്‍കിയതോടെ പൊലീസെത്തി യുവതിയെ അറസ്റ്റ് ചെയ്‍തു. വീട്ടിലെ ബെഡ്റൂമില്‍ നിന്ന് താന്‍ സാധനങ്ങള്‍ മോഷ്ടിച്ചതായി ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കേസില്‍ ജനുവരി 27ന് കോടതി വിധി പറയും.

click me!