
അബുദാബി: സീസേറിയന്‍ ശസ്ത്രക്രിയയിലെ പിഴവ് കാരണം യുവതി കോമ അവസ്ഥയിലായ സംഭവത്തില്‍ ആശുപത്രിയും ഡോക്ടറും നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. യുവതിക്കും ഭര്‍ത്താവിനുമായി 13 ലക്ഷം ദിര്‍ഹം (രണ്ടര കോടിയിലധികം ഇന്ത്യന്‍ രൂപ) നല്‍കണമെന്നാണ് അബുദാബി അപ്പീല്‍ കോടതി വിധിച്ചത്. കേസില്‍ നേരത്തെ കീഴ്‍കോടതി പുറപ്പെടുവിച്ച ഉത്തരവ് അപ്പീല്‍ കോടതി ശരിവെയ്ക്കുകയായിരുന്നു.
അറബ് യുവതിയുടെ ഭര്‍ത്താവാണ് നീതി തേടി കോടതിയെ സമീപിച്ചത്. ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് തന്റെ ഭാര്യയുടെ ജീവിതം നശിപ്പിച്ചതെന്ന് അദ്ദേഹം കോടതില്‍ പറഞ്ഞു. പ്രസവ വേദന അനുഭവപ്പെട്ട് തുടങ്ങിയപ്പോഴാണ് യുവതിയെ ഭര്‍ത്താവ് ആശുപത്രിയിലെത്തിച്ചത്. അതുവരെയുള്ള പരിശോധനകളില്‍ മറ്റ് അസുഖങ്ങളുണ്ടായിരുന്നില്ല.
സ്വാഭാവിക പ്രസവം നടക്കാതെ വന്നതോടെ ഡോക്ടര്‍മാര്‍ സീസേറിയന്‍ നിര്‍ദേശിക്കുകയായിരുന്നു. ജനറല്‍ അനസ്തീഷ്യ നല്‍കിയാണ് സീസേറിയന്‍ നടത്തിയത്. എന്നാല്‍ ശസ്ത്രക്രിയയുടെ അവസാനഘട്ടത്തില്‍ യുവതിക്ക് ഹൃദയസ്‍തംഭനം ഉണ്ടാവുകയും കോമ അവസ്ഥയിലാവുകയും ചെയ്‍തു. ദിവസങ്ങളോളം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന യുവതിക്ക് വയറ്റില്‍ ട്യൂബിട്ടാണ് ഭക്ഷണം നല്‍കിയത്.
ഡോക്ടര്‍മാരുടെ അനാസ്ഥയാണ് തന്റെ ഭാര്യയുടെ ദുരവസ്ഥക്ക് കാരണമെന്ന് ഭര്‍ത്താവ് ആരോപിച്ചു. രോഗിയുടെ അവസ്ഥ പരിഗണിക്കാതെ അനസ്‍തേഷ്യ നല്‍കിയതാണ് ഇത്തരമൊരു അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. തന്റെ മക്കള്‍ക്ക് അവരുടെ ജീവിതത്തില്‍ അമ്മയുടെ സാന്നിദ്ധ്യം നിഷേധിക്കപ്പെടുകയായിരുന്നു.
അബുദാബിയിലെ മെഡിക്കല്‍ റെസ്‍പോണ്‍സിബിലിറ്റി സുപ്രീം കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ഡോക്ടര്‍ക്ക് ഗുരുതരമായ വീഴ്‍ച സംഭവിച്ചുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. രോഗിക്ക് സ്‍പൈനല്‍ അനസ്‍തീഷ്യ നല്‍കാന്‍ നിരവധി തവണ ഡോക്ടര്‍ ശ്രമിച്ചിട്ടും പരാജയപ്പെട്ടു. എന്നാല്‍ മറ്റൊരു ഡോക്ടറുടെ സഹായം തേടാന്‍ ഇയാള്‍ തയ്യാറായില്ല. ഇത് രോഗിയുടെ തലച്ചോറിലേക്കുള്ള ഓക്സിജന്‍ വിതരണത്തെ ബാധിക്കുകയും കോമ അവസ്ഥയിലെത്തിക്കുകയും ചെയ്‍തു.
ആശുപത്രിയും ഡോക്ടറും ചേര്‍ന്ന് തനിക്ക് നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ഭര്‍ത്താവ് ആവശ്യപ്പെട്ടത്. കേസ് ആദ്യം പരിഗണിച്ച പ്രാഥമിക കോടതി, യുവതിക്ക് 10 ലക്ഷം ദിര്‍ഹവും ഭര്‍ത്താവിന് മൂന്ന് ലക്ഷം ദിര്‍ഹവും നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചു. ആശുപത്രിയും ഡോക്ടറും ഈ വിധിക്കെതിരെ അപ്പീല്‍ നല്‍കി. എന്നാല്‍ അപ്പീല്‍ കോടതി കീഴ്‍കോടതിയുടെ വിധി ശരിവെയ്ക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ