ഇന്ത്യൻ സോഷ്യൽ ക്ലബ്‌ മലയാള വിഭാഗം ഇന്‍റര്‍ സ്കൂൾ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

By Web TeamFirst Published Jul 22, 2021, 7:57 PM IST
Highlights

ഒമാനിലെ എല്ലാ ഇന്ത്യൻ സ്കൂളുകളിലേയും കുട്ടികൾക്ക് പങ്കെടുക്കാവുന്ന പ്രസ്തുത മത്സരത്തിൽ 6 മുതൽ 8 വരെ ക്ലാസുകളിലെ കുട്ടികളെ ജൂനിയർ വിഭാഗത്തിലും 9 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികളെ സീനിയർ വിഭാഗത്തിലുമാകും പങ്കെടുപ്പിക്കുക. പൂർണ്ണമായും ഓൺലൈൻ പ്ലാറ്റ്ഫോമിൽ മൂന്നു റൗണ്ടുകളായി നടത്തുന്ന പരിപാടിയിൽ പ്രിലിമിനറി, സെമിഫൈനൽ, ഫൈനൽ റൗണ്ടുകൾ യഥാക്രമം ആഗസ്റ്റ് 6, 11, 13 തീയതികളിൽ നടത്തും.

മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ ഒരു ഇന്റർ സ്കൂൾ ക്വിസ് സംഘടിപ്പിക്കുന്നു. സ്വതന്ത്ര ഇന്ത്യയുടെ 75-ാം വാർഷികാഘോഷങ്ങൾക്കും  മലയാള വിഭാഗത്തിന്റെ രജത ജൂബിലി ആഘോഷങ്ങൾക്കുമുള്ള ആദരവ് പ്രകടിപ്പിച്ചു കൊണ്ടാണ് ഈ പരിപാടി നടത്തുന്നത്.

ഒമാനിലെ എല്ലാ ഇന്ത്യൻ സ്കൂളുകളിലേയും കുട്ടികൾക്ക് പങ്കെടുക്കാവുന്ന പ്രസ്തുത മത്സരത്തിൽ 6 മുതൽ 8 വരെ ക്ലാസുകളിലെ കുട്ടികളെ ജൂനിയർ വിഭാഗത്തിലും 9 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികളെ സീനിയർ വിഭാഗത്തിലുമാകും പങ്കെടുപ്പിക്കുക. പൂർണ്ണമായും ഓൺലൈൻ പ്ലാറ്റ്ഫോമിൽ മൂന്നു റൗണ്ടുകളായി നടത്തുന്ന പരിപാടിയിൽ പ്രിലിമിനറി, സെമിഫൈനൽ, ഫൈനൽ റൗണ്ടുകൾ യഥാക്രമം ആഗസ്റ്റ് 6, 11, 13 തീയതികളിൽ നടത്തും.

 പ്രിലിമിനറി റൗണ്ടിൽ എല്ലാ വിഭാഗത്തിലെ വിദ്യാർത്ഥികൾക്കും പൊതുവായ ചോദ്യാവലിയാണ് ഉണ്ടായിരിക്കുക. മികച്ച സ്കോറുകളുടെയും, ടൈബ്രേക്കറുകളുടെയും, സമയത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും അടുത്ത റൗണ്ടിലേക്ക് തിരഞ്ഞെടുക്കപെടുക. ഓരോ വിഭാഗത്തിലെയും മികച്ച ഇരുപത് മത്സരാർത്ഥികൾ സെമിഫൈനലിലേക്ക് യോഗ്യത നേടും. ഓരോ സ്കൂളിലെയും രണ്ട് കുട്ടികൾ വീതമുള്ള 6 മികച്ച മത്സരാർത്ഥികൾ ഓഗസ്റ്റ് 13ന് നടക്കുന്ന തത്സമയ ഫൈനൽ റൗണ്ടിൽ പങ്കെടുക്കാൻ യോഗ്യത നേടുന്നതായിരിക്കും. ഫൈനൽ മത്സരങ്ങൾ ഐ.എസ്.സ്സി. മലയാളവിഭാഗം ഫേസ്ബുക്ക് പേജിലും യൂട്യൂബിലും സംപ്രേഷണം ചെയ്യുന്നതായിരിക്കും. ആഗോളാടിസ്ഥാനത്തിലുള്ളതും പൊതുവായതുമായ വിഷയങ്ങളായ ആനുകാലിക പ്രസക്തിയുള്ള കാര്യങ്ങൾ, ചരിത്രം, വിനോദം, സ്പോർട്സ്, ഭാഷാ, സാഹിത്യം, സ്മാരകങ്ങൾ, ഭക്ഷണം, രാഷ്ട്രീയം, സംസ്ക്കാരം, ഇന്ത്യൻ ചരിത്രം, ശാസ്ത്ര സാങ്കേതിക വിഷയങ്ങൾ തുടങ്ങിയവയെല്ലാം ക്വിസിൽ ഉൾപ്പെടുത്തുന്നതായിരിക്കും.

മസ്കറ്റിലെ പ്രമുഖ ക്വിസ് മാസ്റ്ററും, മസ്കറ്റ് കോടെക്സിന്റെ സാരഥിയുമായ ശ്രീ ഹാല ജമാൽ ആണ് മത്സരങ്ങൾ നിയന്ത്രിക്കുക. ഓഗസ്റ്റ് 13ന് നടക്കുന്ന ഫൈനൽ മത്സരങ്ങൾ വൈകിട്ട് 5 മണിക്ക് ആരംഭിക്കും. ഇന്ത്യൻ അംബാസിഡർ H. E മനു മഹാവർ ഉദ്ഘാടനം നിർവഹിക്കും. ഐ.എസ്.സി ചെയർമാൻ ഡോക്ടർ സതീഷ് നമ്പ്യാർ, ജനറൽ സെക്രട്ടറി ശ്രീ ബാബു രാജേന്ദ്രൻ, ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ ഡോക്ടർ ശിവകുമാർ,  എന്നിവർ അതിഥികളായി എത്തും.

ആദ്യ മൂന്ന് സ്ഥാനങ്ങളിൽ വരുന്ന വിദ്യാർഥികൾക്ക് ട്രോഫിയും, ഫൈനലിൽ എത്തുന്ന എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകുമെന്ന്  കൺവീനർ ശ്രീ പി.ശ്രീകുമാർ അറിയിച്ചു. ഒമാനിലെ സാമൂഹിക സാംസ്കാരിക സേവന രംഗത്ത് സജീവമായി പ്രവർത്തിച്ച് മുന്നോട്ടു പോകുവാൻ  സാധിക്കുന്നതിൽ മലയാള വിഭാഗത്തിന് ഏറെ അഭിമാനമുണ്ടെന്ന് കൺവീനർ പി ശ്രീകുമാർ, കോകൺവീനർ ശ്രീമതി ലേഖ വിനോദ്, ട്രഷറർ ശ്രീ അജിത് കുമാർ, ബാലവിഭാഗം സെക്രട്ടറി ശ്രീമതി ടീന ബാബു, എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ക്വിസ് മത്സരത്തിൽ താല്പര്യപെടുന്നവർ  താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ചും അല്ലെങ്കിൽ ക്യൂ ആര്‍  കോഡ് സ്കാൻ ചെയ്തും മത്സരത്തിൽ പങ്കെടുക്കുവാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്കായി 92050530,99762415 എന്നീ നമ്പറുകളിലോ mwchildrenswing@gmail.com എന്ന ഇമെയിൽ വഴിയോ ബന്ധപ്പെടുക.

https://cutt.ly/MQregister

click me!