
അബുദാബി: യുഎഇയിൽ നടക്കുന്ന ഐപിഎൽ പതിമൂന്നാം എഡിഷനില്‍ കൊവിഡ് 19 പരിശോധനാ പങ്കാളിയായി മലയാളിയുടെ ഉടമസ്ഥതയിലുള്ള വിപിഎസ് ഹെൽത്ത്കെയറിനെ ബിസിസിഐ തിരഞ്ഞെടുത്തു. കൊവിഡ് പശ്ചാത്തലത്തിൽ യുഎഇയിലേയ്ക്ക് മാറ്റിയ ലീഗിലെ എല്ലാ മത്സരങ്ങൾക്കും മുൻപ് വ്യാപക കൊവിഡ് പരിശോധനകൾ നടത്തി ഫലം ലഭ്യമാക്കുന്നതിനുള്ള പൂർണ ചുമതല ഇവർക്കായിരിക്കും.
വിവിധ ഏജൻസികളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് മലയാളിയായ ഡോ. ഷംഷീർ വയലിലിന്റെ ഉടമസ്ഥതയിലുള്ള വിപിഎസ് ഹെൽത്ത്കെയറിനെ ബിസിസിഐ ഔദ്യോഗിക കൊവിഡ് പരിശോധന പങ്കാളിയായി തിരഞ്ഞെടുത്തത്. സെപ്റ്റംബർ 19 മുതല്‍ നവംബർ 10 വരെ നടക്കുന്ന ടൂർണമെന്റിലെ മുഴുവൻ ആരോഗ്യ സേവനങ്ങളും നൽകുന്നതിനുള്ള പങ്കാളിയായും വിപിഎസിനെ പരിഗണിക്കുന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതായി അധികൃതര്‍ അറിയിച്ചു. ഐപിഎൽ മത്സരങ്ങൾ നടക്കുന്ന അബുദാബി, ദുബായ്, ഷാർജ എന്നീ എമിറേറ്റുകളിൽ വിപിഎസ് ഹെൽത്ത്കെയറിന് ആശുപത്രികൾ അടക്കമുള്ള സംവിധാനങ്ങളുണ്ട്.
ഇതിനകം ടീമുകൾ മിക്കതും യുഎഇയിൽ എത്തിക്കഴിഞ്ഞു. കളിക്കാർ ആറ് ദിവസത്തെ ക്വാറന്റീനിൽ ഹോട്ടലുകളിൽ കഴിയുകയാണ്. എല്ലാവർക്കും കൃത്യമായ ഇടവേളകളിൽ കൊവിഡ് പരിശോധനകൾ നടത്താനാണ് നിലവിലെ കരാർ പ്രകാരം വിപിഎസിന്റെ ചുമതല. ഇതിനായി മെഡിക്കൽ വിദഗ്ദരുടെ പ്രത്യേക സംഘത്തിന് രൂപം നൽകിയതായി അധികൃതര്‍ അറിയിച്ചു. കായികതാരങ്ങളുടെ സ്രവ പരിശോധന, ലക്ഷണങ്ങൾ കണ്ടെത്തിയാൽ അതിനെ നേരിടുന്നതിനുള്ള സംവിധാനങ്ങൾ എന്നിവയ്ക്ക് ബിസിസിഐക്ക് ആവശ്യവുമായ സേവനങ്ങൾ നൽകുമെന്നും ഇതിനായി വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന വിപുലമായ സംഘത്തിന് രൂപം കൊടുത്തതായും വിപിഎസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam