'ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചെന്ന്' അമേരിക്ക; ഗള്‍ഫ് മേഖലയില്‍ വീണ്ടും ആശങ്ക

By Web TeamFirst Published Jul 11, 2019, 10:14 AM IST
Highlights

ഇറാന്‍ ബോട്ടുകള്‍ കപ്പലിനെ തടയുകയും സഞ്ചാര പാതയില്‍ നിന്നുമാറി തങ്ങളുടെ സമുദ്രാതിര്‍ത്തിയിലേക്ക് കപ്പല്‍ മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് അമേരിക്കയുടെ ആരോപണം. മേഖലയില്‍ നിരീക്ഷണം നടത്തുകയായിരുന്ന അമേരിക്കന്‍ വിമാനം സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിട്ടിണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

മസ്കത്ത്: ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി അമേരിക്ക. ഗള്‍ഫ് മേഖലയില്‍ വെച്ച് ബ്രിട്ടീഷ് കപ്പലിനെ ബുധനാഴ്ച ഇറാന്‍ സൈന്യത്തിന്റെ അഞ്ച് സായുധ ബോട്ടുകള്‍ ചേര്‍ന്ന് തടഞ്ഞുവെന്നാണ് അമേരിക്കന്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.  എന്നാല്‍ ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

ഇറാന്‍ ബോട്ടുകള്‍ കപ്പലിനെ തടയുകയും സഞ്ചാര പാതയില്‍ നിന്നുമാറി തങ്ങളുടെ സമുദ്രാതിര്‍ത്തിയിലേക്ക് കപ്പല്‍ മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് അമേരിക്കയുടെ ആരോപണം. മേഖലയില്‍ നിരീക്ഷണം നടത്തുകയായിരുന്ന അമേരിക്കന്‍ വിമാനം സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിട്ടിണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ വീഡിയോ ദൃശ്യങ്ങള്‍ അമേരിക്ക പുറത്തുവിട്ടിട്ടില്ല. എന്നാല്‍ എണ്ണക്കപ്പലിന് അല്‍പം പിന്നിലായി ബ്രിട്ടീഷ് നാവിക സേനയുടെ പടക്കപ്പല്‍ എച്ച് എം എസ് മോണ്ട്‍റോസ് അകമ്പടി നല്‍കുന്നുണ്ടായിരുന്നു. ഈ കപ്പലില്‍ നിന്ന്  ഇറാന്‍ സേനയ്ക്ക് മുന്നറിയിപ്പ് നല്‍കുകയും പിന്മാറാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതിന് പിന്നാലെ ഇറാനിയന്‍ ബോട്ടുകള്‍ കപ്പല്‍ പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിച്ച് മടങ്ങിയെന്നും അമേരിക്കന്‍ അധികൃതര്‍ അറിയിച്ചു.

യൂറോപ്യന്‍ യൂണിയന്റെ ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്താന്‍ ശ്രമിച്ചെന്നാരോപിച്ച് കഴിഞ്ഞയാഴ്ച ഇറാനിയന്‍ കപ്പല്‍ ബ്രിട്ടീഷ് നാവിക സേന പിടികൂടിയിരുന്നു. ജിബ്രാള്‍ട്ടറില്‍ വെച്ചാണ് ദി ഗ്രേസ് വണ്‍ എന്ന കപ്പല്‍ പിടിച്ചെടുത്തത്. സിറിയയിലെ റിഫൈനറിയിലേക്ക് കൊണ്ടുപോകുകയായിരുന്ന ക്രൂഡ് ഓയിലാണ് കപ്പലിലുണ്ടായിരുന്നതെന്നാണ് ബ്രിട്ടന്റെ ആരോപണം. ഇതിനെ തുടര്‍ന്ന് ശക്തമായ പ്രത്യാഘാതങ്ങള്‍ ബ്രിട്ടന്‍ നേരിടേണ്ടിവരുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി അറിയിച്ചിരുന്നു. പുതിയ സംഭവങ്ങളോടെ ഗള്‍ഫ് മേഖല വീണ്ടും സംഘര്‍ഷഭരിതമാവുകയാണ്.  

click me!