
കുവൈത്ത് സിറ്റി: കുവൈത്തിന് നേർക്ക് ഡ്രോൺ ആക്രമണം. ഇന്ന് പുലർച്ചെ കുവൈത്ത് വ്യോമപരിധിക്കുള്ളിൽ നിരവധി ശത്രു ഡ്രോണുകൾ കണ്ടെത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക വക്താവ് കേണൽ സൗദ് അബ്ദുൽഅസീസ് അൽ-അത്വാൻ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അംഗീകരിച്ച സുരക്ഷാ നടപടിക്രമങ്ങൾ അനുസരിച്ച് സായുധ സേന ഡ്രോണുകളെ നേരിട്ടതായും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍റെ സുരക്ഷയും പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷയും ഉറപ്പാക്കാൻ സൈന്യം പൂർണ സജ്ജമാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം വെള്ളിയാഴ്ച പുലർച്ചെ ഫുജൈറയുടെ വിവിധ ഭാഗങ്ങളിൽ കേട്ട ശക്തമായ സ്ഫോടനശബ്ദങ്ങൾ മിസൈലുകളും ഡ്രോണുകളും വിജയകരമായി തകർത്തതിനെ തുടർന്നാണെന്ന് ഫുജൈറ മീഡിയ ഓഫീസ് അറിയിച്ചു. യുഎഇ ലക്ഷ്യമിട്ടെത്തിയ ശത്രുക്കളുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ യുഎഇയുടെ പ്രതിരോധ സംവിധാനങ്ങൾ തകർക്കുകയായിരുന്നു. സോഷ്യൽ മീഡിയയിലെ വ്യാജവാർത്തകളിൽ വഞ്ചിതരാകാതെ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്ന് ആവർത്തിക്കുകയാണ് അധികൃതർ.
ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും സുരക്ഷിതമായ ഇടങ്ങളിൽ തന്നെ തുടരണമെന്നും നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്‍റ് അതോറിറ്റി നിർദ്ദേശിച്ചു. മിസൈലുകളോ ഡ്രോണുകളോ തകർന്നു വീഴുമ്പോഴുണ്ടാകുന്ന അവശിഷ്ടങ്ങൾക്ക് സമീപം പോകാനോ അവ സ്പർശിക്കാനോ ഫോട്ടോ എടുക്കാനോ പാടില്ല. സ്പെഷ്യലൈസ്ഡ് ടീമുകൾക്ക് മാത്രമേ ഇത്തരം ഇടങ്ങളിൽ പരിശോധന നടത്താൻ അനുമതിയുള്ളൂ. സംശയാസ്പദമായ വസ്തുക്കളോ അവശിഷ്ടങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 999 എന്ന നമ്പറിൽ വിളിച്ച് അധികൃതരെ അറിയിക്കണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam