യുഎഇ പൗരന്മാര്‍ക്ക് വിസയില്ലാതെ യാത്ര; കരാറിന് അംഗീകാരം നല്‍കി ഇസ്രയേല്‍ മന്ത്രിസഭ

By Web TeamFirst Published Nov 23, 2020, 1:47 PM IST
Highlights

യുഎഇയും ഇസ്രയേലും വിസയില്ലാതെ യാത്ര അനുവദിക്കുന്നതിനുള്ള കരാറിന് തങ്ങള്‍ അംഗീകാരം നല്‍കിയതായി നെതന്യാഹു തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. 

തെല്‍അവീവ്: യുഎഇ പൗരന്മാരെ മുന്‍കൂര്‍ വിസയില്ലാതെ ഇസ്രയേലിലേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കുന്ന കരാറിന് ഇസ്രയേല്‍ ക്യാബിനറ്റ് അംഗീകാരം നല്‍കി. ഇരു രാജ്യങ്ങളുടെയും വിനോദസഞ്ചാര, ബിസിനസ് മേഖലകളില്‍ കരാര്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇത് ആദ്യമായാണ് ഒരു അറബ് രാജ്യവുമായി വിസ രഹിത യാത്ര അനുവദിച്ചുകൊണ്ട് ഇസ്രയേല്‍ കരാറില്‍ ഒപ്പുവെയ്ക്കുന്നത്.

യുഎഇയും ഇസ്രയേലും വിസയില്ലാതെ യാത്ര അനുവദിക്കുന്നതിനുള്ള കരാറിന് തങ്ങള്‍ അംഗീകാരം നല്‍കിയതായി നെതന്യാഹു തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തെല്‍ അവീവില്‍ എംബസി തുറക്കുമെന്ന് യുഎഇ പ്രഖ്യാപിച്ചിരുന്നു. വിസയില്ലാതെ യുഎഇ പൗരന്മാര്‍ക്ക് ഇസ്രയേലിലേക്ക് യാത്ര ചെയ്യാനും 90 ദിവസം വരെ അവിടെ തങ്ങാനും സാധിക്കുമെന്ന് കഴിഞ്ഞ മാസം തന്നെ യുഎഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച കരാറിന്റെ ഭാഗമായാണ് ഈ നടപടികള്‍. ഇത് സംബന്ധിച്ച ധാരണകള്‍ക്ക് നവംബര്‍ ഒന്നിന് യുഎഇ ക്യാബിനറ്റ് അംഗീകാരം നല്‍കിയിരുന്നു.

click me!