
മനാമ: ബഹ്റൈനിലെ അല്‍ റാംലിയില്‍ താമസക്കാരെ പരിഭ്രാന്തിയിലാക്കിയ വിചിത്രജീവിയെ തിരിച്ചറിഞ്ഞു. എട്ട് കാലുകളുള്ള ഈ ജീവിയെ ആരും ഇതുവരെ കണ്ടിട്ടില്ലാത്തതിനാൽ അന്യഗ്രഹ പ്രാണിയാണെന്നായിരുന്നു എല്ലാവരും ആദ്യം സംശയിച്ചിരുന്നത്. പിന്നീടാണ് ഇത് ഒട്ടക ചിലന്തിയാണെന്ന് സ്ഥിരീകരിച്ചത്. നോർത്തേൺ കൗൺസിലർ അബ്ദുള്ള അഷൂറാണ് ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ടുള്ള വിവരങ്ങൾ പുറത്തുവിട്ടത്. ഈ ജീവിയുടെ കുത്തേറ്റാൽ അസഹനീയമായ വേദനയുണ്ടാകുമെന്നും എന്നാൽ, ഇതിന് വിഷമില്ലാത്തതിനാൽ മനുഷ്യർക്ക് കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തണുപ്പ് കാലങ്ങളിൽ ഈ ജീവികളെ പുറത്ത് കാണാൻ കഴിയില്ല. എന്നാൽ കാലാവസ്ഥ മാറുകയും താപനില ഉയരുകയും ചെയ്യുന്നതോടെ ഇവയെ പുറത്ത് കാണാൻ കഴിയും. ഈ ഒട്ടക ചിലന്തികൾ മാംസഭോജികളാണ്. പ്രാണികൾ, എലികൾ, പല്ലികൾ എന്നിവയൊക്കെയാണ് പ്രധാന ഭക്ഷണം. ഗാലിയോഡ്സ് അറബ്സ് എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം. ഒരു വർഷം വരെ മാത്രമാണ് ഇതിന് ആയുസ്സ് ഉള്ളത്. ഇവ യഥാർത്ഥത്തിൽ ചിലന്തികളല്ല, സോൾപ്യൂഗിഡ്സ് എന്ന വിഭാഗത്തിൽപ്പെട്ടവയാണ്. മരുഭൂമികളിൽ മാത്രമല്ലാതെ പച്ചക്കറി കൃഷിയിടങ്ങളിലും ഇവയെ കാണാൻ കഴിയും. സൗദി അറേബ്യയിൽ നിന്നുമുള്ള പഴം-പച്ചക്കറി കയറ്റുമതിയിലൂടെയായിരിക്കാം ഈ ജീവികൾ ബഹ്റൈനിലെത്തിയതെന്ന് അഷൂർ സംശയം പ്രകടിപ്പിച്ചു. മാർച്ച് അവസാനത്തോടെയും ഏപ്രിലിന്റെ തുടക്കത്തിലുമാണ് സാധാരണയായി ഒട്ടക ചിലന്തികൾ പുറം പ്രദേശങ്ങളിൽ സജീവമാകുന്നത്.
ഇത് ആദ്യമായല്ല രാജ്യത്ത് ഒട്ടക ചിലന്തികളെ കാണുന്നതെന്ന് അഷൂർ പറഞ്ഞു. ഇതിന് മുൻപ് 2013ൽ സനദിലാണ് ആദ്യമായി ഈ ജീവികളെ കണ്ടെത്തിയത്. താമസക്കാർ ആരെങ്കിലും വീടിനുള്ളിൽ ഈ ജീവികളെ കണ്ടെത്തിയാൽ ഉടൻതന്നെ ആരോഗ്യ മന്ത്രാലയത്തിന്റെ 80008100 എന്ന ഹോട്ട്ലൈൻ നമ്പറിൽ വിളിച്ചറിയിക്കണമെന്ന് അഷൂർ നിർദേശിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ