
ദുബൈ: സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിച്ച വ്യാജ വീഡിയോ നിര്‍മിച്ച യുവാവിന് തടവും പിഴയും ശിക്ഷ വിധിച്ചു. വെയിറ്ററായി ജോലി ചെയ്യുന്ന യുവാവാണ് വീഡിയോയില്‍ വെടിയൊച്ചയും മറ്റ് ശബ്‍ദങ്ങളും കൃത്രിമമായി ചേര്‍ത്ത് ടിക് ടോക്ക് വഴി പ്രചരിപ്പിച്ചത്. ക്രമസമാധാനത്തിന് ഭീഷണിയുര്‍ത്തുന്ന തരത്തിലുള്ള പ്രവൃത്തിക്ക് ആറ് മാസം തടവും 5000 ദിര്‍ഹം പിഴയുമാണ് ശിക്ഷ വിധിച്ചത്.
വീഡിയോയിലെ ദൃശ്യങ്ങളും ശബ്‍ദവും തമ്മില്‍ പരസ്‍പര ബന്ധമില്ലെന്നും അവ ബോധപൂര്‍വം പിന്നീട് കൂട്ടിച്ചേര്‍ക്കുകയായിരുന്നുവെന്നും ദുബൈ പൊലീസ് ഇലക്ട്രോണിക് എവിഡന്‍സ് വിഭാഗം കണ്ടെത്തി. ദുബൈയിലെ ഒരു കാര്‍ പാര്‍ക്കിങ് ഏരിയയില്‍ വെച്ചാണ് താന്‍ വീഡിയോ ചിത്രീകരിച്ചതെന്നും പിന്നീട് അതില്‍ വെടിയെച്ചയും നിലവിളിയും കൂട്ടിച്ചേര്‍ക്കുകയായിരുന്നുവെന്നും യുവാവ് പറഞ്ഞു.
താന്‍ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയാണെന്ന തോന്നലുണ്ടാക്കാനായി വീഡിയോ ചിത്രീകരിച്ചപ്പോള്‍ ബോധപൂര്‍വം ചലനങ്ങളുണ്ടാക്കുയും ചെയ്‍തു. ദൃശ്യവുമായി കൂട്ടിച്ചേര്‍ത്ത ശബ്‍ദം ഏതെങ്കിലും സിനിമയില്‍ നിന്നോ അല്ലെങ്കില്‍ രാജ്യത്തിന് പുറത്തുള്ള മറ്റേതെങ്കിലും സംഭവങ്ങളുടെ ദൃശ്യങ്ങളില്‍ നിന്നോ എടുത്തതാണെന്നാണ് കണ്ടെത്തിയത്. വീഡിയോക്ക് കൂടുതല്‍ കാഴ്‍ചക്കാരെയും തനിക്ക് കൂടുതല്‍ ഫോളവര്‍മാരെയും കിട്ടാനായാണ് യുവാവ് കൃത്രിമം കാണിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam