സൗദിയില്‍ മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്താല്‍ തടവുശിക്ഷയും അഞ്ച് ലക്ഷം റിയാല്‍ പിഴയും

By Web TeamFirst Published Sep 1, 2021, 11:30 PM IST
Highlights

ജോലിസ്ഥലങ്ങളില്‍ മറ്റുള്ളവരുടെ സ്വകാര്യതയെ ലംഘിക്കുന്ന രീതികളില്‍ ഫോട്ടോഗ്രാഫി, അപകീര്‍ത്തിപ്പെടുത്തല്‍ അല്ലെങ്കില്‍ മറ്റുള്ളവരെ ഉപദ്രവിക്കല്‍, പൊതു സദാചാരം ലംഘിക്കല്‍, അല്ലെങ്കില്‍ അത്തരത്തിലുള്ള എന്തെങ്കിലും പ്രസിദ്ധീകരിക്കല്‍ എന്നിവ വിവിധ വിവര സാങ്കേതിക വിദ്യകളിലെ നിയമ ലംഘനങ്ങളില്‍ ഉള്‍പ്പെടും.

റിയാദ്: സൗദിയില്‍ മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് പരമാവധി ഒരു വര്‍ഷത്തെ തടവും അഞ്ചു ലക്ഷം സൗദി റിയാല്‍ പിഴയും (ഉദ്ദേശം ഒരു കോടി രൂപ) ഉള്‍പ്പെടെയുള്ള ശിക്ഷ ചുമത്തുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. മറ്റുള്ളവരുടെ സ്വകാര്യതയ്ക്ക് ഹാനികരമാവുകയോ അന്തസ്സിന് കോട്ടം വരുത്തുകയോ ചെയ്യുന്ന രൂപത്തില്‍ മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയാണ് മുന്നറിയിപ്പ്. 

ജോലിസ്ഥലങ്ങളില്‍ മറ്റുള്ളവരുടെ സ്വകാര്യതയെ ലംഘിക്കുന്ന രീതികളില്‍ ഫോട്ടോഗ്രാഫി, അപകീര്‍ത്തിപ്പെടുത്തല്‍ അല്ലെങ്കില്‍ മറ്റുള്ളവരെ ഉപദ്രവിക്കല്‍, പൊതു സദാചാരം ലംഘിക്കല്‍, അല്ലെങ്കില്‍ അത്തരത്തിലുള്ള എന്തെങ്കിലും പ്രസിദ്ധീകരിക്കല്‍ എന്നിവ വിവിധ വിവര സാങ്കേതിക വിദ്യകളിലെ നിയമ ലംഘനങ്ങളില്‍ ഉള്‍പ്പെടും. ക്യാമറ ഫോണുകളോ അതുപോലെയുള്ള മറ്റു വസ്തുക്കളോ ദുരുപയോഗം ചെയ്യുകയോ അപകീര്‍ത്തിപ്പെടുത്തുകയും മറ്റുള്ളവരെ ഉപദ്രവിക്കുകയും ചെയ്തുകൊണ്ട് വിവിധ വിവര സാങ്കേതിക വിദ്യകളിലൂടെ സ്വകാര്യ ജീവിതം ലംഘിക്കുന്ന ഏതൊരു വ്യക്തിക്കും ഒരു വര്‍ഷം വരെ തടവും അര മില്യണ്‍ റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

കുറ്റവാളി പ്രായപൂര്‍ത്തിയാകാത്തയാളാണെങ്കില്‍, മൂന്നുവര്‍ഷം മുമ്പ് അംഗീകരിക്കപ്പെട്ട ജുവനൈല്‍ നിയമത്തില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പിഴകള്‍ അനുസരിച്ച് ശിക്ഷിക്കപ്പെടുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!