ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൽ സേവനങ്ങൾക്ക് ഓൺലൈൻ സൗകര്യമേർപ്പെടുത്തി

By Web TeamFirst Published May 25, 2021, 8:50 PM IST
Highlights

കോൺസുലേറ്റ് സന്ദർശിക്കാതെ തന്നെ ഇന്ത്യൻ പ്രവാസികൾക്ക് കോൺസുലേറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കിയത്.

റിയാദ്: പ്രവാസികൾക്കുള്ള വിവിധ സേവനങ്ങൾക്ക് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ്, ഓൺലൈൻ അപ്പോയിൻ‌മെന്റ് സംവിധാനം ആരംഭിച്ചു. കോൺസുലേറ്റ് പുറത്തിറക്കിയ ഇന്ത്യ ഇൻ ജിദ്ദ എന്ന മൊബൈൽ ആപ്പ് വഴിയാണ് സേവനം ലഭ്യമാകുക. കോൺസുലേറ്റ് ഉദ്യോഗസ്ഥരുമായി ഓൺലൈന്‍ കൂടികാഴ്ച നടത്താൻ ആപ്ലിക്കേഷൻ പ്രവാസികൾക്ക് സഹായകമാകും. 

കോൺസുലേറ്റ് സന്ദർശിക്കാതെ തന്നെ ഇന്ത്യൻ പ്രവാസികൾക്ക് കോൺസുലേറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കിയത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ വിദൂര പ്രദേശങ്ങളിലുള്ള ഇന്ത്യൻ പ്രവാസികൾക്ക് കോൺസുലേറ്റിൽ നേരിട്ടെത്തുന്നത് പ്രയാകരമായതിനാൽ പുതിയ സേവനം ഏറെ ആശ്വാസകരമാകുമെന്ന് കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം പറഞ്ഞു. മൊബൈൽ ആപ്പ് വഴി സേവനം നൽകുന്നതോടൊപ്പം പഴയതു പോലെ നേരിട്ടുള്ള സേവനങ്ങളും മുടക്കമില്ലാതെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ഐ.ഒ.എസിലും ഇന്ത്യ ഇൻ ജിദ്ദ എന്ന പേരിൽ പുതിയ മൊബൈൽ ആപ്പ് ലഭ്യമാണ്. ഇത് ഇൻസ്റ്റാൾ ചെയ്ത ശേഷം ഓപ്പൺ ചെയ്ത് ബുക്ക് അപ്പോയിന്‍മെന്‍റ് എന്ന് തെരഞ്ഞെടുത്താൽ അതിലൂടെ ഉപയോക്താക്കളുടെ ഇഷ്ടാനുസരണം മീറ്റിംഗിന് വേണ്ട തിയതിയും സമയവും തെരഞ്ഞെടുക്കാം. ഇപ്രകാരം അനുവദിക്കപ്പെട്ട സമയത്ത് കോൺസുലേറ്റ് ഉദ്യോഗസ്ഥർ സൂം വീഡിയോ കോൾ വഴി ഉപയോക്താക്കളുമായി നേരിട്ട് ബന്ധപ്പെടും. ഉപയോക്താക്കൾ സൂം ആപ്ലിക്കേഷനും മൊബൈലിൽ ഇസ്റ്റാൾ ചെയ്താൽ മാത്രമേ ഓൺലൈൻ കൂടിക്കാഴ്ച സാധ്യമാകൂ. 

വിസ, പാസ്‌പോർട്ട്, അറ്റസ്‌റ്റേഷൻ, ഒ.സി.ഐ, ജയിൽ, മരണവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം, മിസ്സിംഗ്, ഫൈനൽ എക്‌സിറ്റ് തുടങ്ങി പ്രവാസികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെല്ലാം ഇത്തരം ഓൺലൈൻ കൂടിക്കാഴ്ചയിലൂടെ കൈകാര്യം ചെയ്യാനാകുമെന്ന് കോൺസുലേറ്റ് അറിയിച്ചു.

click me!