ജോലി തേടിയ മലയാളിയോട് ഷഹീന്‍ബാഗില്‍ പോകാന്‍ ആവശ്യപ്പെട്ട് ദുബായിലെ തൊഴിലുടമ; വിവാദമായപ്പോള്‍ ക്ഷമാപണവും

By Web TeamFirst Published Jan 27, 2020, 8:48 PM IST
Highlights

'നിനക്കെന്തിനാണ് ജോലി? ഡല്‍ഹിയിലേക്ക് പോയി ശഹീന്‍ബാഗില്‍ സമരത്തിന് ഇരുന്നുകൂടെ. എല്ലാ ദിവസവും ആയിരം രൂപയും സൗജന്യ ഭക്ഷണം, ബിരിയാണി, എത്രവേണമെങ്കിലും ചായ, പാല്‍ പിന്നെ ചിലപ്പോഴൊക്കെ മധുരപലഹാരങ്ങളും കിട്ടുമല്ലോ' 

ദുബായ്: ജോലി അന്വേഷിച്ച മലയാളി എഞ്ചിനീയറോട് ഷഹീന്‍ ബാഗില്‍ പോയി സമരം ചെയ്ത് ജീവിക്കാന്‍ ആവശ്യപ്പെട്ട് ദുബായിലെ തൊഴിലുടമ. തിരുവനന്തപുരം സ്വദേശി അബ്‍ദുല്ലയ്ക്കാണ് ഇന്ത്യക്കാരനായ വ്യവസായി ജയന്ത് ഗോഖലെയില്‍ നിന്ന് പരിഹാസം കലര്‍ന്ന മറുപടി ലഭിച്ചതെന്ന് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവം സോഷ്യല്‍ മീഡിയയിലടക്കം കത്തിപ്പടര്‍ന്നതോടെ ജയന്ത് ഗോഖലെ അബ്ദുല്ലയോട് ക്ഷമാപണം നടത്തിയിട്ടുണ്ട്.

എഞ്ചിനീയറിങ് പാസായ ശേഷം ജോലി അന്വേഷിച്ചാണ് അബ്‍ദുല്ല സന്ദര്‍ശക വിസയില്‍ ദുബായിലെത്തിയത്. നിരവധി കമ്പനികളിലേക്ക് ജോലി അപേക്ഷ അയച്ചു. ജോലി പരിചയമില്ലാത്തവരെ നിയമിക്കാന്‍ കമ്പനികള്‍ക്ക് വിമുഖതയുണ്ടാകുമെന്നതിനാല്‍ പരിശീലന സമയത്ത് ശമ്പളമില്ലാതെ ജോലി ചെയ്യാന്‍ തയ്യാറാണെന്നും അറിയിച്ചു. ഇതിനിടെയാണ് ഇന്ത്യക്കാരനായ വ്യവസായിയില്‍ നിന്ന് വിചിത്രമായ മറുപടി ലഭിച്ചത്.

'നിനക്കെന്തിനാണ് ജോലി? ഡല്‍ഹിയിലേക്ക് പോയി ശഹീന്‍ബാഗില്‍ സമരത്തിന് ഇരുന്നുകൂടെ. എല്ലാ ദിവസവും ആയിരം രൂപയും സൗജന്യ ഭക്ഷണം, ബിരിയാണി, എത്രവേണമെങ്കിലും ചായ, പാല്‍ പിന്നെ ചിലപ്പോഴൊക്കെ മധുരപലഹാരങ്ങളും കിട്ടുമല്ലോ' എന്നായിരുന്നു ജയന്ത് ഗോഖലയുടെ മറുപടി. ഇ-മെയില്‍ സന്ദേശത്തിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ വ്യപകമായി പ്രചരിച്ചു. ശഹീന്‍ ബാഗിലെ പ്രതിഷേധങ്ങളെ പുച്ഛിക്കുന്നതിലുപരിയായി ജോലി അന്വേഷിച്ചെത്തിയ ഒരാളുടെ മതം നോക്കി വിവേചനം കാണിക്കുകയും അപമാനിക്കുകയുമാണ് തൊഴിലുടമ ചെയ്തതെന്ന് നിരവധിപ്പേര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അഭിപ്രായപ്പെട്ടു.

സംഭവം വിവാദമായതോടെ ജയന്ത് ഗോഖലെ ക്ഷമാപണം നടത്തി. താന്‍ രോഗിയാണെന്നും ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ഗള്‍ഫ് ന്യൂസിനോട് പ്രതികരിച്ചു.  താന്‍ ഉദ്യോഗാര്‍ത്ഥിക്ക് അയച്ച സന്ദേശത്തിലൂടെ ആരെയും ഒരുതരത്തിലും വേദനിപ്പിക്കാനോ ആരോടെങ്കിലും വിവേചനം കാണിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്നും  അദ്ദേഹം പറയുന്നു. ബന്ധപ്പെട്ട വ്യക്തിയോട് താന്‍ ഇതിനോടകം ക്ഷമാപണം നടത്തിയിട്ടുണ്ട്. യുഎഇയുടെ നയങ്ങളെയും സംസ്കാരത്തെയും താന്‍ ഏറെ ബഹുമാനിക്കുന്നു. അതിനെതിരെ നീങ്ങാന്‍ ആഗ്രഹിക്കുന്നില്ല. തന്റെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ യുഎഇയോടെ താന്‍ ഏറെ നന്ദിയുള്ളവനാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ഗോഖലെയുടെ ഇ-മെയില്‍ സന്ദേശം താന്‍ ചില സുഹൃത്തുക്കളെ കാണിച്ചുവെന്നും അവരാണ് ഇതിലെ ഗൗരവം തിരിച്ചറി‌ഞ്ഞ് പ്രചരിപ്പിച്ചതെന്നും അബ്‍ദുല്ല പറയുന്നു. തനിക്ക് വിവാദങ്ങളില്‍ താല്‍പര്യമില്ലെന്നും ജോലി മാത്രമാണ് ആവശ്യമെന്നും അദ്ദേഹം പറയുന്നു.

click me!