സൗദിയിൽ സ്വകാര്യമേഖലയിലെ തൊഴിലാളികൾ കുറയുന്നു

By Web TeamFirst Published Nov 22, 2019, 12:44 AM IST
Highlights

സ്വദേശിവൽക്കരണ ശ്രമങ്ങൾ തുടരുന്നതിനിടയിലും സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണവും കുറഞ്ഞു വരുന്നതായാണ് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്

റിയാദ്: സൗദിയിൽ സ്വകാര്യമേഖലയിൽ തൊഴിലാളികൾ കുറയുന്നതായി കണക്കുകള്‍. മൂന്നു മാസത്തിനിടെ തൊഴിൽ നഷ്ടപ്പെട്ടത് ഒന്നര ലക്ഷത്തിലധികം വിദേശികൾക്കാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. തൊഴിൽ നഷ്ടപ്പെടുന്നവരിൽ സ്വദേശികളും വിദേശികളും ഉൾപ്പെടും.

സ്വദേശിവൽക്കരണ ശ്രമങ്ങൾ തുടരുന്നതിനിടയിലും സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണവും കുറഞ്ഞു വരുന്നതായാണ് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. പ്രതിദിനം ശരാശരി 244 സ്വദേശികൾക്കു വീതം സ്വകാര്യ മേഖലയിൽ തൊഴിൽ നഷ്ടപ്പെടുന്നതായാണ് കണക്ക്. 

ഈ വർഷം ആദ്യ പാദത്തിലെ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽ ആകെ എൺപത്തിയാറു ലക്ഷത്തി എഴുപതിനായിരം തൊഴിലാളികളുണ്ടായിരുന്നു. ഇതിൽ അറുപത്തിയേഴ്‌ ലക്ഷത്തി നാൽപ്പതിനായിരം പേര് വിദേശികളും പതിനാറു ലക്ഷത്തി തൊണ്ണൂറായിരം പേര് സ്വദേശികളുമാണ്. 

ഈ വർഷം രണ്ടാം പാദത്തിൽ 21,980 സ്വദേശികൾക്കാണ് തൊഴിൽ നഷ്ടമായത്. അതേസമയം ഈ കാലയളവിൽ 1,70,000 വിദേശികൾക്കും സ്വകാര്യമേഖലയിൽ തൊഴിൽ നഷ്ടപ്പെട്ടു. രണ്ടര വർഷത്തിനിടെ സൗദിയിൽ 19 ലക്ഷത്തോളം വിദേശികൾക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. സ്വദേശികൾക്കു തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള പരിഷ്‌ക്കാരങ്ങളാണ് വലിയതോതിൽ വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെടാൻ കാരണമായത്. 

click me!