അമേരിക്ക-ഇസ്രയേൽ സംയുക്ത അക്രമണം; കുവൈത്ത് വ്യോമപാത താൽക്കാലികമായി അടച്ചു, കുവൈത്തിൽ അപകട സൈറൺ

Published : Feb 28, 2026, 05:49 PM IST
 kuwait temporarily closes airspace

Synopsis

അമേരിക്ക-ഇസ്രയേൽ സംയുക്ത ആക്രമണത്തെ തുടർന്ന് കുവൈത്തിലെ വ്യോമപാത താൽക്കാലികമായി അടച്ചതായി കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. വിമാന കമ്പനികളുടെയും യാത്രക്കാരുടെയും സുരക്ഷയും പ്രധാന ലക്ഷ്യമെന്ന് അധികൃതർ.

കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിലെ നിലവിലുള്ള രാഷ്ട്രീയ-സുരക്ഷാ സാഹചര്യങ്ങളെ തുടർന്ന് കുവൈത്തിലെ വ്യോമപാത താൽക്കാലികമായി അടച്ചതായി കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പ്രഖ്യാപിച്ചു. വിമാനങ്ങളും യാത്രക്കാരും ഉൾപ്പെടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഈ തീരുമാനം.

വിമാന കമ്പനികളുടെയും യാത്രക്കാരുടെയും സുരക്ഷയും കുവൈത്ത് എയർപോർട്ടിലെ പ്രവർത്തനങ്ങളുടെയും സംരക്ഷണമാണ് പ്രധാന ലക്ഷ്യമെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഡയറക്ടറേറ്റിന്റെ ഔദ്യോഗിക വക്താവ് അബ്ദുല്ല രഹ്‌ജി അറിയിച്ചു, ബന്ധപ്പെട്ട അധികാരികൾ പ്രാദേശികവും അന്താരാഷ്ട്രവുമായ ഏജൻസികളുമായി സഹകരിച്ച് 24 മണിക്കൂറും സാഹചര്യം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. പുതിയ വിവരങ്ങൾ ലഭിക്കുന്നതുമുതൽ ഔദ്യോഗിക ചാനലുകൾ വഴി അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത അറിയിപ്പുകൾ വരുന്നതുവരെ പൊതുജനങ്ങളും മാധ്യമങ്ങളും ഔദ്യോഗിക പ്രഖ്യാപനങ്ങൾ പിന്തുടരണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. അതോടൊപ്പം കുവൈത്തിൽ മിക്കയിടങ്ങളിലും അപകട സൈറൺ മുഴങ്ങിയതായും റിപ്പോർട്ടുകളുണ്ട്.

ഗൾഫ് രാജ്യങ്ങളെ ബാധിച്ചു

അമേരിക്ക - ഇസ്രയേൽ സംയുക്ത അക്രമണവും ഇറാന്‍റെ തിരിച്ചടിയും പശ്ചിമേഷ്യയെയും ഗൾഫ് രാജ്യങ്ങളെയും സാരമായി ബാധിച്ചു. ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടുള്ള ഇറാന്‍റെ തിരിച്ചടിയിൽ ഗൾഫ് രാജ്യങ്ങൾ നടുങ്ങി. യു എ ഇ തലസ്ഥാനമായ അബുദാബിയിൽ ഇറാന്റെ മിസൈൽ ആക്രമണത്തെത്തുടർന്ന് ഒരാൾ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. പ്രതിരോധ സംവിധാനങ്ങൾ തകർത്ത മിസൈലുകളുടെ അവശിഷ്ടങ്ങൾ സിവിലിയൻ കേന്ദ്രങ്ങളിൽ വീണാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. കൊല്ലപ്പെട്ടത് ഒരു ഏഷ്യൻ വംശജനാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇസ്രയേലിനും ബഹ്റൈനും ഖത്തറിനും സൗദിക്കും കുവൈത്തിനും പിന്നാലെ യു എ ഇയിലും ആക്രമണം ഉണ്ടായതോടെ മേഖലയിലെ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമായിരിക്കുകയാണ്. യു എ ഇ അധികൃതർ രാജ്യത്തുടനീളം കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിലച്ച അവസ്ഥയിലാണ്.

അഞ്ചാം കപ്പൽ പടയ്ക്ക് നേരെ ഇറാന്‍റെ മിസൈൽ ആക്രമണം

ഇസ്രയേലിൽ അതിശക്ത ആക്രമണം നടത്തിയതിന് പിന്നാലെ ബഹ്റൈനിലും ഇറാൻ നേരത്തെ അതിശക്ത ആക്രമണം നടത്തിയിരുന്നു. ബഹ്റൈനിലെ യു എസ് അഞ്ചാം കപ്പൽ പടയുടെ (US 5th Fleet) ആസ്ഥാനത്തിന് നേരെയാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. ബഹ്റൈനിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായും അപായ സൈറണുകൾ മുഴങ്ങിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ബഹ്റൈനിൽ ഉഗ്ര സ്ഫോടനങ്ങൾ നടന്നെന്നാണ് വ്യക്തമാകുന്നത്. മേഖലയിലെ എല്ലാ യു എസ്, ഇസ്രായേൽ സൈനിക ആസ്ഥാനങ്ങളും തങ്ങളുടെ ലക്ഷ്യമാണെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. നേരത്തെ തന്നെ ഇക്കാര്യം ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രയേലിന് പിന്നാലെ അയൽരാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിലേക്കും യുദ്ധം വ്യാപിക്കുന്നത് പശ്ചിമേഷ്യയെ അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് മാറ്റുമെന്ന് ഉറപ്പാണ്.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അതീവ ജാഗ്രത പാലിക്കണം, സൗദിയിലെ ഇന്ത്യൻ പൗരന്മാർക്ക് നിർദ്ദേശവുമായി എംബസി, ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തിറക്കി
​ഗൾഫ് അശാന്തം; ഗൾഫ് രാജ്യങ്ങളെ ആക്രമിച്ച് ഇറാൻ, അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം, ആശങ്കയിൽ ഇന്ത്യ