​ഗൾഫ് അശാന്തം; ഗൾഫ് രാജ്യങ്ങളെ ആക്രമിച്ച് ഇറാൻ, അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം, ആശങ്കയിൽ ഇന്ത്യ

Published : Feb 28, 2026, 03:20 PM ISTUpdated : Feb 28, 2026, 03:21 PM IST
iran attack in gulf

Synopsis

​ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെയാണ് ഇറാൻ്റെ ആക്രമണം ഉണ്ടായത്. ബഹ്റൈൻ, ഖത്തർ, കുവൈത്ത്, അബുദാബി, സൗദി തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈലാക്രമണം നടത്തി.

ടെഹ്റാൻ: ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങൾക്കെതിരെ തിരിച്ചടിച്ച് ഇറാൻ. ​ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെയാണ് ഇറാൻ്റെ ആക്രമണം ഉണ്ടായത്. ബഹ്റൈൻ, ഖത്തർ, കുവൈത്ത്, അബുദാബി, സൗദി തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈലാക്രമണം നടത്തി. അമേരിക്കയുടെ ബഹ്റൈൻ നാവിക ബേസിന് നേരെ ഇറാന്റെ മിസൈൽ പതിച്ചെന്ന് റിപ്പോർട്ടുകൾ പറയുന്നു. കുവൈറ്റ് ബേസിന് നേരെയും ആക്രമണമുണ്ടായി. സൗദിയിലെ അമേരിക്കൻ താവളത്തിന് നേരെയും ആക്രമണം നടന്നു. അതേസമയം, ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കുവൈത്തിൽ സൈറൺ മുഴങ്ങി. ഔദ്യോഗിക അറിയിപ്പ് ജനങ്ങൾക്ക് നൽകിക്കഴിഞ്ഞു.

അവശ്യ സാധനങ്ങൾ കരുതാനും ജനലുകൾ ഇല്ലാത്ത മുറി തെരഞ്ഞെടുക്കാനും ജനങ്ങളോട് വീടിനുള്ളിൽ സുരക്ഷിതമായ ഇടത്തേക്ക് മാറാനും ബഹ്റൈൻ നിർദേശം നൽകി. അതിനിടെ, ഖത്തറിലേക്ക് എത്തിയ മിസെൽ തടഞ്ഞതായി വിവരമുണ്ട്. അതിനിടെ, ഇറാൻ്റെ ആക്രമണത്തെ അപലപിച്ചു ബഹ്റൈൻ രം​ഗത്തെത്തി. പ്രതികരിക്കാൻ അവകാശമുണ്ടെന്നും ഉചിതമായ തീരുമാനം എടുക്കുമെന്നും ബഹ്റൈൻ പ്രതികരിച്ചു. അതേസമയം, ​ഗൾഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണം ഇന്ത്യയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മലയാളികളുൾപ്പെടെ ഇന്ത്യക്കാർ ലക്ഷക്കണക്കിന് പേരാണ് ​ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നത്. മലയാളികളുൾപ്പെടെ ആശങ്കയിലാണ്.

ആദ്യ പ്രതികരണവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പശ്ചിമേഷ്യയെ പിടിച്ചുലച്ചുകൊണ്ട് ഇറാനിൽ മിന്നലാക്രമണം നടത്തിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ചർച്ചകൾക്കും നയതന്ത്ര നീക്കങ്ങൾക്കും പിന്നാലെ ഉണ്ടായ ഈ അപ്രതീക്ഷിത ആക്രമണം ഇറാനിലെ ആയത്തുള്ള ഖമേനി ഭരണകൂടത്തിന് അന്ത്യം കുറിക്കാനുള്ള നീക്കമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തുറന്നടിച്ചു. സ്ഫോടനശബ്‍ദങ്ങളാൽ ടെഹ്‌റാൻ നഗരം ഞെട്ടിവിറച്ചതിന് തൊട്ടുപിന്നാലെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ, ഇറാനിലെ ജനങ്ങൾ സ്വേച്ഛാധിപത്യത്തിനെതിരെ പോരാടി തങ്ങളുടെ ഭാവി സ്വന്തം കൈകളിലെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ഓപ്പറേഷൻ റോറിംഗ് ലയൺ (Operation Roaring Lion) എന്ന് പേരിട്ടിരിക്കുന്ന ഈ സൈനിക നടപടിക്ക് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇറാനിൽ തങ്ങൾ വൻതോതിലുള്ള യുദ്ധനടപടികൾ ആരംഭിച്ചതായി ട്രംപ് സ്ഥിരീകരിച്ചു. ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന ഉറപ്പ് നൽകാതെ ചർച്ചകൾ കൊണ്ട് കാര്യമില്ലെന്നും, ഇറാനിലെ ജനങ്ങൾക്ക് ലഭിക്കുന്ന അവസാന അവസരമാണിതെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ അത്യാധുനിക ബി-2 ബോംബറുകളും യുദ്ധക്കപ്പലുകളും ആക്രമണത്തിൽ പങ്കുചേർന്നതോടെ ഇറാൻറെ മിസൈൽ പ്രഹരശേഷി ഗണ്യമായി കുറഞ്ഞതായാണ് റിപ്പോർട്ടുകൾ.

അമേരിക്കയുടെയും ഇസ്രായേലിൻറെയും ഈ സംയുക്ത നീക്കം ധീരരായ ഇറാനിയൻ ജനതയ്ക്ക് അവരുടെ ഭാവി സ്വന്തം കൈകളിലെടുക്കാനുള്ള സാഹചര്യം ഒരുക്കുമെന്ന് നെതന്യാഹു പറഞ്ഞു. ചരിത്രപരമായ നേതൃത്വം നൽകിയ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി. ലോകത്തെ ഏറ്റവും അപകടകരമായ ഈ ഭീകര ഭരണകൂടത്തെ മാനവരാശിക്ക് ഭീഷണിയാകുന്ന രീതിയിൽ ആണവായുധങ്ങൾ നിർമ്മിക്കാൻ അനുവദിക്കില്ലെന്നും നെതന്യാഹു ആവർത്തിച്ചു.

കഴിഞ്ഞ വർഷം ജൂണിൽ ഇറാനുമായി നടന്ന 12 ദിവസത്തെ യുദ്ധസമയത്തും സമാനമായ രീതിയിൽ ഭരണകൂടത്തിനെതിരെ ഉയർത്തെഴുന്നേൽക്കാൻ നെതന്യാഹു ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇറാനിലെ ആണവ, മിസൈൽ കേന്ദ്രങ്ങൾ തകർക്കുക എന്നതിലുപരി അവിടുത്തെ നിലവിലെ രാഷ്ട്രീയ വ്യവസ്ഥിതിയെ തന്നെ മാറ്റുക എന്ന ലക്ഷ്യമാണ് ഇസ്രായേലിനുള്ളതെന്ന് ഈ പ്രസ്താവനയിലൂടെ വ്യക്തമാകുന്നു. പശ്ചിമേഷ്യൻ മേഖലയിൽ ഈ നീക്കം വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈറ്റിൽ സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളും ലാബുകളിലും കാഷ് ഇടപാടുകൾക്ക് നിരോധനം
മാനവികതയുടെ ഉദാത്ത മാതൃക; കുവൈറ്റിൽ പ്രവാസികൾ ഉൾപ്പെടെ 539 തടവുകാർക്ക് അമീറിന്റെ പൊതുമാപ്പ്