റിയാദ് സീസണിൽ ‘വന്യജീവികളെ’ കണ്ടുള്ള സവാരിക്ക് അവസരം

By Web TeamFirst Published Nov 2, 2019, 9:43 AM IST
Highlights
  • റിയാദിൽ സഫാരി പാർക്ക് പ്രവർത്തനം ആരംഭിച്ചു.
  • എല്ലാ ദിവസവും രാവിലെ 11 മുതൽ രാത്രി ഒന്‍പത് വരെയാണ് സന്ദർശകർക്ക് പ്രവേശനം.
  • പ്രവേശന ഫീസ് 50 റിയാല്‍.
  • 150 റിയാലിന്റെ ടിക്കറ്റിൽ സഫാരി ഉള്‍പ്പെടെ നടത്താം.

റിയാദ്: സൗദി അറേബ്യയില്‍ മരുഭൂമിയിലൂടെയുള്ള വനാന്തര യാത്രക്ക് സൗകര്യമൊരുങ്ങി. സ്വൈരവിഹാരം നടത്തുന്ന വന്യജീവികൾക്കിടയിലൂടെ സവാരി നടത്താൻ റിയാദ് സീസൺ ആഘോഷങ്ങളുടെ ഭാഗമായി സജ്ജീകരിച്ച 'റിയാദ് സഫാരി പാർക്ക്' വെള്ളിയാഴ്ച മുതൽ പ്രവർത്തനം തുടങ്ങി. പക്ഷിമൃഗാദികൾ ഉൾപ്പെടെ 800 ജീവികൾ വിഹരിക്കുന്ന പാർക്കിലൂടെ അവയെ അടുത്തറിഞ്ഞ് കുടുംബങ്ങൾ ഉൾപ്പെടെയുള്ള സന്ദർശകർക്ക് സഞ്ചരിക്കാം. ആദ്യമായാണ് സൗദി അറേബ്യയിൽ ഇത്തരത്തിലൊരു പാർക്ക് സജ്ജമാകുന്നത്. 

മൃഗങ്ങൾ വിഹരിക്കുന്ന കാട് മാത്രമല്ല, ഒരു ഓപൺ തിയേറ്ററും വിവിധ വിനോദ പരിപാടികളും പാർക്കിലുണ്ടാവും. എല്ലാ പ്രായത്തിലുമുള്ളവരെ ആനന്ദിപ്പിക്കുന്ന പരിപാടികളും കാഴ്ചാനുഭവങ്ങളുമായി മുഴുവൻ സമയവും പാർക്ക് സന്ദർശകർക്കായി തുറന്നുകിടക്കും. സ്വൈരമായി വിഹരിക്കുന്ന മൃഗങ്ങൾക്കിടയിലൂടെ ഇടയിലൂടെ സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയും വിധം രൂപകൽപന ചെയ്ത പ്രത്യേകതരം സഫാരി വാഹനമാണ് സന്ദർശകരെ പാർക്കിനുള്ളിലേക്ക് കൊണ്ടുപോവുക. അപൂർവമായ മൃഗങ്ങളെ വരെ ഇവിടെ കാണാൻ കഴിയും. മൃഗങ്ങൾക്ക് അവരുടെ സ്വാഭാവിക ആവാസവ്യവസ്ഥകളിൽ ജീവിക്കാൻ കഴിയും വിധമാണ് പാർക്ക് സജ്ജമാക്കിയിട്ടുള്ളത്. 

സ്വർണ കടുവ, വെള്ള കടുവ, ആഫ്രിക്കൻ സിംഹം, പിഗ്മി ഹിപ്പോപ്പൊട്ടാമസ്, ജിറാഫ്, അറേബ്യൻ കലമാൻ, ഏഷ്യൻ ആന, സീബ്ര, ആഫ്രിക്കൻ കുരങ്ങ് തുടങ്ങിയ വിവിധയിനം മൃഗങ്ങളും 250 ഇനം പക്ഷിവർഗങ്ങളും ഈ പാർക്കിലെ പ്രകൃതിയുടെ സ്വാഭാവികതയെ തോൽപിക്കും വിധമൊരുക്കിയ ആവാസ വ്യവസ്ഥയിലുണ്ടാകും. വന്യജീവിതങ്ങൾക്കിടയിലൂടെ, ലോകത്തിലെ ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡത്തോടെ സജ്ജീകരിച്ച വാഹനത്തിൽ സഞ്ചരിക്കാം. ഒപ്പം പാർക്കിലെ ഓപ്പൺ തിയേറ്ററിൽ പ്രതിദിനം മൂന്നുനേരം അരങ്ങേറുന്ന വിനോദ പരിപാടികൾ ആസ്വദിക്കുകയും ചെയ്യാം. മൃഗങ്ങളുടെ സർക്കസ്, ആഫ്രിക്കൻ നൃത്തപരിപാടി, ആക്രോബാറ്റ് ഷോ എന്നിവയാണ് ദിവസവും അരങ്ങേറുന്ന വിനോദ പരിപാടികൾ. 

മുതലകൾ നിറഞ്ഞ ഒരു തടാകമാണ് പാർക്കിനുള്ളിലെ മറ്റൊരാകർഷണം. ഭീമാകാരമായ മുതലകൾ ജലപ്പരപ്പിൽ പതുങ്ങികിടക്കുന്നുണ്ടാവും. എല്ലാപ്രായക്കാരെയും ആകർഷിക്കുന്ന സാഹസിക വിഭാഗത്തില്‍ 25 ഇനം കളികളുണ്ടാവും. ജലകേളികൾക്ക് സൗകര്യമുള്ള മറ്റൊരു തടാകവും പാർക്കിലുണ്ടാവും. ചിത്രരചനയിലും മറ്റ് കരകൗശല വിദ്യകളിലും പരിശീലനം നൽകുന്ന ശിൽപശാലയും മുഖത്ത് ചായമിടലും കുട്ടികൾക്കായി ഒരുക്കിയ മേഖലയിൽ നടക്കും. 

കുറ്റിക്കാട്ടിനുള്ളിലെ ഗ്രാമീണ ഭക്ഷണശാലയിൽ ലോകത്തെ മുഴുവൻ വൈവിധ്യങ്ങളിലുമുള്ള ഭക്ഷണപാനീയങ്ങൾ കിട്ടും. ആഫ്രിക്കൻ വനാന്തരങ്ങളിലിരുന്ന് ഭക്ഷണം കഴിക്കുന്ന ഒരു പ്രതീതി ഇവിടെ അനുഭവിച്ചറിയാൻ കഴിയും. വെള്ളിയാഴ്ച പ്രവർത്തനം ആരംഭിച്ച പാര്‍ക്കില്‍ ശനിയാഴ്ച മുതൽ രാവിലെ 11നും രാത്രി ഒമ്പതിനും ഇടയിൽ പ്രവേശനമുണ്ടാകും. 50 റിയാലാണ് പ്രവേശന ഫീസ്. സര്‍ക്കസും മറ്റ് വിനോദ പരിപാടികളും ഈ ടിക്കറ്റ് കൊണ്ട് ആസ്വദിക്കാം. അതേസമയം 150 റിയാലിന്റെ ടിക്കറ്റിൽ സഫാരി യാത്രയുള്‍പ്പെടെ നടത്താം. റിയാദ് സീസണ്‍ വെബ്സൈറ്റില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.

click me!