പുതു ചരിത്രമെഴുതിയ സൗദിയിലെ ആദ്യ വനിതാ ഗുസ്‌തി മത്സരത്തിൽ നതാലിയ ജേതാവ്

By Web TeamFirst Published Nov 2, 2019, 12:15 AM IST
Highlights

മാറ്റത്തിന്റെ പാതയിൽ സൗദി. പുതു ചരിത്രമെഴുതിയ ആദ്യ വനിതാ ഗുസ്‌തി മത്സരത്തിൽ നതാലിയ ജേതാവ്. 

റിയാദ്: മാറ്റത്തിന്റെ പാതയിൽ സൗദി. പുതു ചരിത്രമെഴുതിയ ആദ്യ വനിതാ ഗുസ്‌തി മത്സരത്തിൽ നതാലിയ ജേതാവ്. റിയാദിലാണ് സൗദിയിലെ ആദ്യ വനിതാ ഗുസ്‍തി മത്സരം നടന്നത്. കായിക പ്രേമികളുടെ നെഞ്ചിടിപ്പിന്റെ വേഗത കൂട്ടുന്നതായിരുന്നു കഴിഞ്ഞ ദിവസം റിയാദ് കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ വനിതാ ഗുസ്‌തി മത്സരത്തിന്റെ ഓരോ നിമിഷവും.

വേൾഡ് റസ്‌ലിങ് എന്റെർറ്റൈൻറ്മെൻറ് താരങ്ങളായ നതാലിയും ലേസി ഈവൻസുമാണ് ഇന്നലെ സൗദിയുടെ കായിക ചരിത്രത്തിൽ ഇടം പിടിച്ച ആദ്യ വനിതാ ഗുസ്‌തി മത്സരത്തിൽ ഏറ്റുമുട്ടിയത്. മത്സരത്തിൽ ഇവൻസിനെ നതാലിയ തറപറ്റിച്ചു. ടെലിവിഷനിൽ മാത്രം കണ്ടു പരിചയമുള്ള ലോക ഗുസ്‌തി താരങ്ങൾ കൊമ്പുകോർക്കുന്നത് നേരിൽ കാണാൻ ഇന്നലെ കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ ഒഴുകിയെത്തിയത് നൂറുകണക്കിന് കായിക പ്രേമികളാണ്.

റിയാദ് സീസൺ ഫെസ്റ്റിവലിനോട് അനുബന്ധിച്ചായിരുന്നു ഗുസ്‍തി മത്സരം സംഘടിപ്പിച്ചിരുന്നത്. പുരുഷന്മാരുടെ ഗുസ്‌തി മത്സരവും ഇന്നലെ റിയാദിൽ നടന്നു.മുൻ ലോക ഹെവി വെയിറ്റ് ബോക്സിങ് ചാമ്പ്യൻ ടൈസൺ ഫ്യൂറിയുടെ വേൾഡ് റസ്‌ലിങ് എന്റെർറ്റൈൻമെന്‍റ് ഗോദയിലെ അരങ്ങേറ്റ മത്സരം എന്ന പ്രത്യേകതയും ഇന്നലത്തെ പുരുഷന്മാരുടെ മത്സരത്തിനുണ്ടായിരുന്നു. 

കഴിഞ്ഞ വർഷം ജിദ്ദയിൽ നടന്ന മത്സരത്തിൽ ചമ്പ്യാനായ ബ്രൗൺ സ്ട്രോമനാണ് ഫ്യൂറിയുമായി ഏറ്റുമുട്ടിയത്. മത്സരത്തിൽ ഫ്യൂറി വിജയിച്ചു. ചരിത്ര പോരാട്ടത്തിന് സാക്ഷിയാകാൻ മലയാളികൾ ഉൾപ്പെടെ നിരവധി വിദേശികളും സ്വദേശികളും എത്തിയിരുന്നു.

click me!