ഇന്ത്യയിൽ മുഴങ്ങുന്നത് ഭരണഘടനയുടെ മരണമണിയെന്ന് കെ വി അബ്ദുല്‍ ഖാദര്‍ എംഎല്‍എ

By Web TeamFirst Published Dec 13, 2019, 7:45 PM IST
Highlights

''പാർലിമെന്‍റിൽ പൗരത്വബില്ലിന് പിന്തുണ നൽകി ടിഡിപിയെയും ടിആർഎസിനെയും പോലുള്ള മതേതരകക്ഷികൾ വലിയ ചതിയാണ് രാജ്യത്തോടും ജനങ്ങളോടും ചെയ്തിരിക്കുന്നത്''

റിയാദ്: ഭരണഘടനയുടെ മരണമണിയാണ് ഇന്ത്യയിൽ ഇപ്പോൾ മുഴങ്ങുന്നതെന്ന് ഗുരുവായൂർ എംഎൽഎ കെവി അബ്ദുൽ ഖാദർ. ജനാധിപത്യം അപകടാവസ്ഥയിലാണ്. മതേതരപക്ഷത്തുള്ള മുഴുവൻ പാർട്ടികളും തങ്ങളുടെ എല്ലാ അഭിപ്രായ, ആശയ, പ്രത്യയശാസ്ത്ര വ്യത്യാസങ്ങളും മറന്ന് ഒറ്റക്കെട്ടായി വലിയ കാമ്പയിന്‍ നടത്തി ജനങ്ങളെ ബോധവത്കരിച്ചില്ലെങ്കിൽ ഈ അപകടകരമായ അവസ്ഥയിൽ നിന്ന് രാജ്യത്തെ രക്ഷിക്കാനാവില്ലെന്നും റിയാദിൽ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. 

പാർലിമെന്‍റിൽ പൗരത്വബില്ലിന് പിന്തുണ നൽകി ടിഡിപിയെയും ടിആർഎസിനെയും പോലുള്ള മതേതരകക്ഷികൾ വലിയ ചതിയാണ് രാജ്യത്തോടും ജനങ്ങളോടും ചെയ്തിരിക്കുന്നത്. ഇവരെയൊക്കെ അപകടാവസ്ഥ ബോധ്യപ്പെടുത്തി ഒപ്പം നിറുത്തേണ്ടതായിരുന്നു. അതുണ്ടായില്ല. ഭരണഘടനയുടെ മരണമണിയാണ് മുഴങ്ങുന്നത്. പൗരന്മാരെ സര്‍ക്കാര്‍ തന്നെ വിഭജിക്കുകയാണ്. പൗരത്വ ബില്ല് പാസാക്കുക വഴി രാജ്യത്തിന്‍റെ ഐക്യത്തെ തകര്‍ത്ത് ചില പ്രത്യേക വിഭാഗങ്ങളെ കേന്ദ്ര സര്‍ക്കാര്‍ അവഹേളിക്കുകയും ചെയ്തിരിക്കുകയാണ്. 

പ്രവാസി പ്രശ്‌നങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പുറംതിരിഞ്ഞുനില്‍ക്കുകയാണെന്നും കേന്ദ്രത്തിന്‍റെ സഹായമില്ലാതെ ഇക്കാര്യത്തില്‍ കാര്യമായി ഒന്നും ചെയ്യാനാവില്ലെന്നും കേരള നിയമസഭാ പ്രവാസി ക്ഷേമ സമിതി ചെയര്‍മാനും പ്രവാസി സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയും കൂടിയായ എംഎൽഎ അഭിപ്രായപ്പെട്ടു. ലോക കേരളസഭയോടുള്ള പ്രതിപക്ഷത്തിന്‍റെ നിസഹകരണം അവസാനിപ്പിക്കണം. ക്രിയാത്മകമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഈ വേദിയില്‍ സഹകരിച്ച് പ്രവാസി പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ സാധിക്കണം. 

കേരളം സാമ്പത്തിക ഞെരുക്കത്തിലാണെങ്കിലും ക്ഷേമ പെന്‍ഷന്‍ വിതരണം ഉൾപ്പെടെ പല കാര്യങ്ങളും നടന്നുവരുന്നുണ്ട്. ലോക കേരളസഭ കൊണ്ട് പ്രവാസി സഹകരണ സംഘങ്ങള്‍ രൂപവത്കരിക്കാനും പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സാധിച്ചിട്ടുണ്ട്. വ്യവസായങ്ങള്‍ തുടങ്ങാനുള്ള നിയമത്തില്‍ മാറ്റം വരുത്തി. വ്യവസായ സംരംഭകര്‍ നിലവിലെ നിയമ വ്യവസ്ഥകള്‍ പാലിക്കുകയും വേണം. കേരളത്തില്‍ തൊഴില്‍ സമരങ്ങള്‍ കുറഞ്ഞുവരികയാണെന്നും പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ പറ്റിയ സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. 

click me!