
കൊച്ചി: പ്രളയക്കെടുതിയിൽ നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിട്ടത് കരിപ്പൂരിന് നേട്ടമായി. വലിയ വിമാനങ്ങളുടെ സർവീസിൽ അനിശ്ചിതത്വം തുടരുന്നതിനിടെ, സൈന്യത്തിന്റെ വലിയ വിമാനങ്ങളടക്കം 150 ഓളം അധിക സർവീസുകളാണ് കരിപ്പൂർ വഴി നടന്നത്.
നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചതോടെ കരിപ്പൂരിൽ വിമാനമിറക്കിയാണ് പ്രളയനാളുകളിൽ വിവിധ ജില്ലകളിലേക്ക് സൈന്യത്തെ വിന്യസിച്ചത്. മുമ്പ് സർവ്വീസ് നടത്തിയിരുന്ന വലിയ വിമാനങ്ങളേക്കാൾ ഭാരവും നീളവും കൂടിയ സൈനിക വിമാനങ്ങളടക്കം 150 ഓളം അധിക സർവ്വീസുകൾ ആഗസ്റ്റ് 15 മുതൽ കരിപ്പൂരിൽ നടത്തി.
വലിയ വിമാനങ്ങളുടെ ഗണത്തിൽപെടുന്ന ഐഎൽ 76 ഗജരാജ്,ഹെർക്കുലീസ് സി 130,തുടങ്ങി 48 വിമാനങ്ങളും 26 ഹെലികോപ്ടറുകളും കരിപ്പൂരിൽ വന്നിറങ്ങി.ഇതിന് പുറമേ നെടുന്പാശ്ശേരിയിലെ എയർഇന്ത്യ എക്‌സപ്രസ്, ഇൻഡിഗോ, സ്‌പെയ്‌സ് ജെറ്റ് തുടങ്ങിയ കന്പനികളുടെ ചെറിയ വിമാനങ്ങളും കരിപ്പൂരിലേക്ക് പുനക്രമീകരിച്ചു.
ഇതിലൂടെ 65 ലക്ഷത്തോളം രൂപ അധികമായി വിമാനത്താവള അതോറിറ്റിക്ക് ലഭിച്ചു. ചരിത്രത്തിലാദ്യമായി ഒരു ദിവസം 100 ലധികം സർവ്വീസുകൾ പ്രളയനാളുകളിൽ കരിപ്പൂർ വിമാനത്താവളം വഴി നടത്തി.ഈ പശ്ചാത്തലത്തിൽ ഹജ് സർവീസുകൾ ഉൾപ്പെടെ കരിപ്പൂര് വഴിനടത്തണമെന്നാണ് വിമാനത്താവള സംരക്ഷണസമിതിയുടെ ആവശ്യം.
വലിയവിമാനങ്ങൾ ഇറക്കുന്നതിൽ അനിശ്ചിതത്വം തുടരുന്ന കരിപ്പൂരിന് ഇത്രയധികം സർവ്വീസുകൾ നടത്താൻ കഴിഞ്ഞത് നേട്ടമാവും. സൗദി എയർലൈൻസും എയർഇന്ത്യയും വിദഗ്ദ പരിശോധനകൾ പൂർത്തിയാക്കി വലിയ വിമാനങ്ങളുടെ സർവ്വീസിനുള്ള അനുമതിക്കായി ഡിജിസിഎയെ സമീപിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam