
റിയാദ്: സൗദി അറേബ്യയിൽ വെച്ച് ജോലിക്കിടയിൽ ഉണ്ടായ അപകടത്തിൽ മരണപ്പെട്ട മലപ്പുറം ചെമ്മാട് സ്വദേശി ഫൈസൽ പറമ്പന്റെ നിരാലംബമായ കടുംബത്തെ സഹായിക്കാൻ റിയാദിലെ കേളി കലാസാംസ്‌കാരിക വേദി സ്വരൂപിച്ച ധനസഹായം കൈമാറി. കേളി ബത്ഹ ഏരിയയിലെ അതീഖ യൂണിറ്റ് അംഗമായിരുന്നു ഫൈസൽ.
കേളി അംഗങ്ങളായിരിക്കെ മരണപ്പെടുന്ന പ്രവർത്തകരുടെ കുടുംബങ്ങൾക്ക്, അംഗങ്ങളിൽ നിന്നും സ്വരൂപിക്കുന്ന ഫണ്ടാണ് കുടുംബ സഹായമായി വിതരണം ചെയ്യുന്നത്. 2003 മുതൽ റിയാദിൽ സിസിടിവി ടെക്നിഷ്യൻ ആയി ജോലി ചെയ്തു വരികയായിരുന്ന ഫൈസൽ കഴിഞ്ഞ വർഷം നവംബർ 16ന് റിയാദ് മൻഫുഅയിൽ ജോലിക്കിടെ കോണിയിൽ നിന്ന് തലകറങ്ങി വീഴുകയായിരുന്നു. വീഴ്‍ചക്കിടയിൽ തല കോൺക്രീറ്റ് പടിക്കെട്ടിൽ അടിച്ച് ഗുരുതരമായ പരിക്കുകളോടെ അൽഇമാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പത്തു ദിവസത്തിനു ശേഷം മരണം സംഭവിക്കുകയുമായിരുന്നു.
കേരള പ്രവാസി സംഘം മുന്നിയൂർ പഞ്ചായത്ത് കൺവെൻഷൻ വേദിയിൽ വെച്ചാണ് കുടുംബ സഹായം കൈമാറിയത്. ചടങ്ങിൽ മൊയ്തീൻ കുട്ടി, എൻ.പി. സക്കീർ, എം. കൃഷ്ണൻ, വി.പി. വിശ്വനാഥൻ, തെക്കേപ്പാട്ട് ലത്തീഫ്, അഡ്വ. സി. മുസ്തഫ, കേളി പ്രവർത്തകരായ ഷമീർ കുന്നുമ്മൽ, റഫീഖ് പാലത്ത്, കാഹീം ചേളാരി എന്നിവർ സംബന്ധിച്ചു. കുടുബസഹായം ഫൈസലിന്റെ മക്കൾ കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം ഉസ്മാൻ പൂളക്കോടിൽ നിന്നും ഏറ്റുവാങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam