ദുബായില്‍ കേരള അസോസിയേഷൻ രൂപീകരിക്കുന്നതിന് തത്വത്തിൽ അംഗീകാരം

By Web TeamFirst Published Oct 7, 2019, 12:22 AM IST
Highlights
  • ദുബായില്‍ കേരള അസോസിയേഷന്‍ രൂപീകരിക്കുന്നതിന് തത്വത്തില്‍ അനുമതി
  • മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം
  • യുഎഇ അധികൃതര്ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍

ദുബായ്:ദുബായില്‍ കേരള അസോസിയേഷൻ രൂപീകരിക്കുന്നതിന് തത്വത്തിൽ അംഗീകാരം. ദുബായ് സിഡിഎ ഡയറക്ടർ ജനറലുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്‍യിലാണ് തീരുമാനം.  കേരള സമൂഹത്തിനു ലൈസൻസുള്ള ഒരു അസോസിയേഷന് അനുമതി നേടുക എന്നതായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം. 

നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി അസോസിയേഷന്‍ രൂപീകരിക്കുന്നതിന് ദുബായ് കമ്മ്യൂണിറ്റി ഡെവലപ്മെന്‍റ് അതോറിറ്റി തത്വത്തില്‍ അംഗീകാരം നല്‍കി. സിഡി‌എയുമായി കൂടിയാലോചിച്ച് കേരള സർക്കാർ രൂപീകരിക്കുന്ന സമിതി, അസോസിയേഷന്‍ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കും. 

സാമൂഹിക--മത വ്യത്യാസങ്ങൾ കൂടാതെ അസോസിയേഷനില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും തുല്യ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്ന് സിഡിഎ ഡയറക്ടർ ജനറൽ അഹമ്മദ് അബ്ദുൾ കരീം ജുൽഫാര്‍ നിര്‍ദ്ദേശിച്ചു. യുഎഇയിലെ മലയാളികള്‍ ചെയ്യുന്ന സാമൂഹിക സേവനങ്ങൾ ഏറെ വലുതാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യൻ സമൂഹത്തിന് നൽകിയ സമഗ്ര പിന്തുണയ്ക്കും പ്രോത്സാഹനത്തിനും, പ്രവാസികള്‍ക്ക് സൗഹാർദപരവും സമാധാനപരവുമായ ജീവിതസാഹചര്യങ്ങൾ ഒരുക്കിയതിനും ദുബായ് സർക്കാരിനും സിഡിഎയ്ക്കും മുഖ്യമന്ത്രി നന്ദി പറഞ്ഞു.

പുതിയ കേരള അസോസിയേഷൻ മലയാളികള്‍ക്ക് വേണ്ടി മാത്രമല്ല പ്രവര്‍ത്തിക്കുകയെന്നും, യുഎഇ സർക്കാരിന്റെ വിവിധ സംരംഭങ്ങളെ കഴിയുന്ന വിധത്തിൽ പിന്തുണയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സി‌ഡി‌എറെഗുലേറ്ററി ആൻഡ് ലൈസൻസിങ് സി‌ഇ‌ഒ ഡോ. ഉമർ അൽ മുത്തന്ന, കോൺസുൽ ജനറൽ വിപുൽ, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ എംഎ യൂസുഫലി, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഇളങ്കോവൻ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

click me!