തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് സാമ്പത്തിക പിന്തുണ വേണം; പുനരധിവാസ പാക്കേജ് ആവശ്യപ്പെട്ട് കേരളം

By Web TeamFirst Published Apr 27, 2020, 5:40 PM IST
Highlights

വിദേശത്ത് ചെറിയ വരുമാനത്തില്‍ ജോലി ചെയ്യുന്നവര്‍, ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍, ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയവര്‍, പാര്‍ടൈം വരുമാനം നിലച്ച വിദ്യാര്‍ത്ഥികള്‍, ലോക്ക് ഡൌണ്‍ കാരണം തൊഴില്‍ നഷ്ടമായവര്‍ തുടങ്ങിയവരുടെ യാത്രാക്കൂലി കേന്ദ്ര സര്‍ക്കാര്‍ വഹിക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു

തിരുവനന്തപുരം: തൊഴില്‍ നഷ്ടമായി തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് സാമ്പത്തിക പിന്തുണ ആവശ്യമാണെന്നും ഇവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു. സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടത്. തിരിച്ചുവരുന്ന പ്രവാസികളുടെ നൈപുണ്യം ഉപയോഗപ്പെടുത്താനുള്ള സ്കീമുകള്‍ ആവിഷ്കരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

വിദേശത്ത് ചെറിയ വരുമാനത്തില്‍ ജോലി ചെയ്യുന്നവര്‍, ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍, ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയവര്‍, പാര്‍ടൈം വരുമാനം നിലച്ച വിദ്യാര്‍ത്ഥികള്‍, ലോക്ക് ഡൌണ്‍ കാരണം തൊഴില്‍ നഷ്ടമായവര്‍ തുടങ്ങിയവര്‍ക്ക് തിരിച്ചുവരേണ്ടതുണ്ട്. ഇവര്‍ക്ക് ഇതിനായുള്ള വിമാന യാത്രാക്കൂലി സ്വന്തമായി വഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. ഇവരുടെ യാത്രാക്കൂലി കേന്ദ്ര സര്‍ക്കാര്‍ വഹിക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. പ്രവാസികളെ തിരിച്ചുകൊണ്ടുവരുമ്പോള്‍ ഹ്രസ്വ സന്ദര്‍ശനങ്ങള്‍ക്കായി വിദേശ രാജ്യങ്ങളിലേക്ക് പോയവര്‍, ജീവിത ചിലവ് കണ്ടെത്താന്‍ പ്രയാസമുള്ളവര്‍, ചികിത്സ ആവശ്യമുള്ളവര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

click me!