സംസ്ഥാനത്തേക്ക് 300 വിമാന സര്‍വീസുകള്‍ നടത്താന്‍ സ്‍പൈസ് ജെറ്റിന് അനുമതി നല്‍കിയെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Jun 3, 2020, 7:23 PM IST
Highlights

കൊവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കും ഈ വിമാനങ്ങളില്‍ യാത്രക്കാരെ കൊണ്ടുവരിക. ഈ നിബന്ധന സ്‍പൈസ് ജെറ്റിന്റേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തിരുവനന്തപുരം: വിദേശത്തുള്ള പ്രവാസികളെ തിരിച്ചെത്തിക്കുന്നതിന് സ്വകാര്യ വിമാനക്കമ്പനികള്‍ അനുമതി ചോദിച്ചെന്നും ഇതിന് അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്‍പൈസ് ജെറ്റിന് 300 വിമാന സര്‍വീസുകള്‍ നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. പ്രതിദിനം 10 വിമാനങ്ങള്‍ വീതം 30 ദിവസം കൊണ്ട് സര്‍വീസുകള്‍ നടത്താനാണ് അനുമതി.

കൊവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കും ഈ വിമാനങ്ങളില്‍ യാത്രക്കാരെ കൊണ്ടുവരിക. ഈ നിബന്ധന സ്‍പൈസ് ജെറ്റിന്റേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അബുദാബിയിലെ ഒരു സംഘടന 40 ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി ചോദിച്ചുവെന്നും ഇതിനും അനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ഇതിനുപുറമേ 40 ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ഇതുവരെ സംസ്ഥാനത്തേക്ക് അനുമതി നല്‍കിയിട്ടുണ്ട്. ജൂണ്‍ രണ്ട് വരെ 14 വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തത്. അനുമതി നല്‍കിയവയില്‍ 26 എണ്ണം ഇനിയും ഷെഡ്യൂള്‍ ചെയ്യപ്പെടാനുണ്ട്. അവ പൂര്‍ത്തിയായാല്‍ വീണ്ടും വിമാനങ്ങള്‍ക്ക് അനുമതി നല്‍കും. പണം വാങ്ങി വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്ത് കൊണ്ടുവരുമ്പോള്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിന് ഏകദേശം തുല്യമായിരിക്കണമെന്നും മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കണമെന്നും നിബന്ധനള്‍ വെച്ചിട്ടുണ്ടെന്നും അത് പ്രവാസികളുടെ താത്പര്യമനുസരിച്ചാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

click me!