
തിരുവനന്തപുരം: വിദേശത്തുള്ള പ്രവാസികളെ കൊണ്ടുവരുന്നതിനുള്ള ഒരു വിമാനത്തിനും സംസ്ഥാന സര്‍ക്കാര്‍ 'നോ' പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഫ്ലൈറ്റുകള്‍ക്ക് നിബന്ധന വെച്ചിട്ടില്ല. ഒരു ഫ്ലൈറ്റും വേണ്ടെന്ന് പറഞ്ഞിട്ടില്ല. കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ച എല്ലാ വിമാനങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തില്‍ പ്രതിദിനം 12 വിമാനങ്ങളുണ്ടാകുമെന്നാണ് കേന്ദ്രം അറിയിച്ചത്. ഇതിന് പൂര്‍ണ സമ്മതം കേരളം അറിയിച്ചു. ഇതനുസരിച്ച് ജൂണില്‍ 360 വിമാനങ്ങള്‍ കേരളത്തിലേക്ക് വരണം. എന്നാല്‍ ജൂണ്‍ 10 വരെ 36 വിമാനങ്ങള്‍ മാത്രമാണ് ഷെഡ്യൂള്‍ ചെയ്തത്. കേരളം ജൂണിലേക്ക് അനുമതി നല്‍കിയ 324 വിമാനങ്ങള്‍ ഇനിയും ഷെഡ്യൂള്‍ ചെയ്യപ്പെടാനുണ്ട്. കേന്ദ്രത്തിന് ഉദ്ദേശിച്ച രീതിയില്‍ വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുന്നതിന് പ്രയാസമുണ്ടെന്നാണ് മനസിലാവുന്നത്. അതിന് അവരെ കുറ്റപ്പെടുത്തുന്നില്ല. രാജ്യം മുഴുവനായുള്ള വലിയൊരു ദൗത്യമായതിനാല്‍ പ്രയാസമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബാക്കിയുള്ള 324 വിമാനങ്ങള്‍ കൂടി ഷെഡ്യൂള്‍ ചെയ്താല്‍ അതിന് ശേഷമുള്ള വിമാനങ്ങള്‍ക്കും അനുമതി നല്‍കും. ഇതുവരെ അനുമതി നല്‍കിയ വിമാനങ്ങളില്‍ വരുന്നവര്‍ക്കുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. എത്ര വിമാനങ്ങള്‍ കേരളത്തിലേക്ക് എത്തുന്നതെന്ന് വിദേശകാര്യ മന്ത്രാലയത്തോട് അന്വേഷിച്ചിട്ടുണ്ടെന്നും എത്ര വിമാനങ്ങള്‍ വന്നാലും അതിനുള്ള ക്രമീകരണങ്ങള്‍ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
40 ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ഇതുവരെ അനുമതി നല്‍കിയിട്ടുണ്ട്. ജൂണ്‍ രണ്ട് വരെ 14 വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തത്. അനുമതി നല്‍കിയവയില്‍ 26 എണ്ണം ഇനിയും ഷെഡ്യൂള്‍ ചെയ്യപ്പെടാനുണ്ട്. അവ പൂര്‍ത്തിയായാല്‍ വീണ്ടും വിമാനങ്ങള്‍ക്ക് അനുമതി നല്‍കും. പണം വാങ്ങി വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്ത് കൊണ്ടുവരുമ്പോള്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിന് ഏകദേശം തുല്യമായിരിക്കണമെന്നും മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കണമെന്നും നിബന്ധനള്‍ വെച്ചിട്ടുണ്ടെന്നും അത് പ്രവാസികളുടെ താത്പര്യമനുസരിച്ചാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam