
തിരുവനന്തപുരം: കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ അംഗത്വ ക്യാമ്പയിനും കുടിശിക നിവാരണവും സംഘടിപ്പിക്കുന്നു. അംശദായ അടവ് മുടക്കം വരുത്തിയ അംഗങ്ങള്‍ക്ക് ഇതുവരെ മുടക്കം വരുത്തിയ അംശദായ തുകയും പ്രവാസിക്ഷേമബോര്‍ഡ് ഇതിനോടകം പ്രഖ്യാപിച്ചിട്ടുള്ള കുറഞ്ഞ നിരക്കിലുള്ള പലിശയും പിഴപ്പലിശയും ഉള്‍പ്പെടെ അടയ്ക്കുവാനുള്ള സൗകര്യം ഒരുക്കും. അംഗത്വം നഷ്ടമായിട്ടുള്ളതും പെന്‍ഷന്‍ പ്രായം പൂര്‍ത്തീകരിച്ചിട്ടില്ലാത്തതുമായവര്‍ക്ക് അംഗത്വം പുനസ്ഥാപിക്കാനുള്ള അവസരമുണ്ട്. കേരളത്തിന് പുറത്തും വിദേശത്തും താമസിക്കുന്ന 18നും 60നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പ്രവാസിക്ഷേമനിധിയില്‍ അംഗത്വമെടുക്കാം. ആവശ്യമായ രേഖകള്‍ക്കൊപ്പം ഓണ്‍ലൈനായാണ് അംഗത്വമെടുക്കേണ്ടത്. 200 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്.
വിദേശത്ത് ജോലി ചെയ്യുന്ന കേരളീയന്‍ 1 എ വിഭാഗത്തില്‍ ഉള്‍പ്പെടും. ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് പ്രതിമാസം 350 രൂപയാണ് അംശദായം അടയ്‌ക്കേണ്ടത്. വിദേശത്ത് രണ്ടുവര്‍ഷമെങ്കിലും ജോലി ചെയ്തശേഷം കേരളത്തില്‍ സ്ഥിരതാമസമാക്കിയവരാണ് 1 ബി വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്തോ, കേന്ദ്രഭരണ പ്രദേശങ്ങളിലോ ജോലി സംബന്ധമായി കുറഞ്ഞത് ആറു മാസമായി താമസിച്ചു വരുന്നയാളാണ് 2 എ വിഭാഗത്തില്‍ ഉള്‍പ്പെടുക. ഈ രണ്ടു വിഭാഗങ്ങള്‍ക്കും പ്രതിമാസം 200 രൂപയാണ് അംശദായം അടയ്‌ക്കേണ്ടത്. പ്രവാസി കേരളീയനായ അംഗത്തിന് പ്രതിമാസം 3500 രൂപയും മുന്‍ പ്രവാസി കേരളീയനായ അംഗത്തിനും പ്രവാസി കേരളീയനായ (ഇന്ത്യ 2എ) അംഗത്തിനും 3000 രൂപയും ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ തുകയായി ലഭിക്കും. അംശദായ അടവ് കാലയളവ് ദീര്‍ഘിക്കുന്നതിന് അനുസരിച്ച് മിനിമം പെന്‍ഷന്റെ ഇരട്ടിതുക വരെ പ്രതിമാസ പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്.
പെന്‍ഷന്‍ കൈപ്പറ്റി കൊണ്ടിരിക്കുന്ന അല്ലെങ്കില്‍ അഞ്ചുവര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ അംശദായം അടച്ചിട്ടുള്ളതും അംഗത്വം റദ്ദാക്കാത്തതോആയ അംഗം മരണമടഞ്ഞാല്‍ അര്‍ഹതപ്പെട്ട കുടുംബാംഗത്തിന് കുടുംബ പെന്‍ഷനും ലഭ്യമാകും. അര്‍ഹതപ്പെട്ട പ്രതിമാസ പ്രായാധിക്യ പെന്‍ഷന്‍തുകയുടെ അന്‍പത് ശതമാനമാണ് കുടുംബ പെന്‍ഷന്‍. നിത്യവൃത്തിക്കായി തൊഴില്‍ ചെയ്യുന്നതിന് ശാരീരിക അവശത മൂലം കഷ്ടത അനുഭവിക്കുന്നതും ക്ഷേമനിധിയില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ തുടര്‍ച്ചയായി അംശദായം അടച്ചിട്ടുള്ളതുമായ അംഗത്തിന് പെന്‍ഷന്‍ തുകയുടെ 40 ശതമാനം തുല്യമായ തുക പ്രതിമാസ അവശത പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്. പ്രവാസി ക്ഷേമനിധി അംഗങ്ങള്‍ക്ക് മരണാനന്തരസഹായം, ചികിത്സാസഹായം, വിവാഹ ധനസഹായം, പ്രസവാനുകൂല്യം, വിദ്യാഭ്യാസാനുകൂല്യം എന്നിവയും കേരള പ്രവാസി കേരളീയക്ഷേമ ബോര്‍ഡ് നല്‍കിവരുന്നു. ക്ഷേമനിധിയില്‍ അംഗത്വമെടുത്തതിന് ശേഷം അംശദായം അടവാക്കാതെ അംഗത്വം നഷ്ടപ്പെടുകയും ആനുകൂല്യങ്ങള്‍ കൃത്യമായി ലഭ്യമാകാത്തതുമായ സാഹചര്യമുണ്ടായതിനാലാണ് കുടിശിക നിവാരണം സംസ്ഥാനത്തുടനീളം നടത്താന്‍ ബോര്‍ഡ് തീരുമാനിച്ചത്. തിരുവനന്തപുരം ജില്ലയില്‍ ഇത്തരത്തില്‍ അംശദായ കുടിശിക വരുത്തിയ 35000 -ത്തില്‍പ്പരം അംഗങ്ങളുണ്ട്.
കേരള പ്രവാസി കേരളീയ ക്ഷേമ ബോര്ഡിന്റെ അംഗത്വ ക്യാമ്പയിന്റെയും കുടിശിക നിവാരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം 2024 ഡിസംബര്‍ 30ന് രാവിലെ 10 ന് തമ്പാനൂര്‍ റെയില്‍ കല്യാണമണ്ഡപത്തില്‍ കായിക, റെയില്‍, വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിക്കും. ആന്റണി രാജു എംഎല്‍എ അധ്യക്ഷനാകും. തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, കേരള പ്രവാസി കേരളീയ ക്ഷേമബോര്‍ഡ് ചെയര്‍മാന്‍ കെ. വി അബ്ദുള്‍ ഖാദര്‍, നോര്‍ക്ക വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി, തമ്പാനൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ സി. ഹരികുമാര്‍, കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Read Also - മലയാളികളേ യുകെ വിളിക്കുന്നു; ലക്ഷങ്ങൾ ശമ്പളവും ആനുകൂല്യങ്ങളും, ഇപ്പോൾ അപേക്ഷിക്കാം, തൊഴിലവസരം ഡോക്ടർമാർക്ക്
പുതിയ അംഗത്വമെടുക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ ഒറിജിനല്‍ പാസ്‌പോര്‍ട്ട്, പാസ്‌പോര്‍ട്ടിലെ ജനന തീയതി, മേല്‍വിലാസ പേജുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, വീസയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പാസ് പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ എന്നിവ സഹിതം തിരുവനന്തപുരം തമ്പാനൂരിലുള്ള റെയില്‍ കല്യാണമണ്ഡപത്തില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവാസി ക്ഷേമ ബോര്‍ഡിന്റെ ടോള്‍ ഫ്രീ നമ്പര്‍ 1800-890-8281 (ഇന്ത്യ), 0484-3539120 (വിദേശം), കസ്റ്റമര്‍ കെയര്‍ നമ്പര്‍ 0471 246 5500, വാട്‌സാപ്പ് 7736850515 എന്നിവയില്‍ ബന്ധപ്പെടാവുന്നതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ