ലോക്ക് ഡൗണില്‍ കുടുങ്ങിയ പ്രവാസി മലയാളിക്ക് ജീവന്‍രക്ഷാ മരുന്നെത്തിച്ച് യുവജന കമ്മീഷന്‍

By Web TeamFirst Published Apr 18, 2020, 4:35 PM IST
Highlights

മരുന്നെത്തിക്കാന്‍ സഹായം തേടി സജ്‍‍‍‍ലാ പലരെയും സമീപിച്ചു. കാര്‍ഗോ വഴി മരുന്ന് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ പ്രദേശത്തെ പൊതുപ്രവര്‍ത്തകര്‍ പറഞ്ഞാണ് യുവജന കമ്മീഷന്‍ മരുന്ന് എത്തിക്കുന്ന പദ്ധതിയെ കുറിച്ചു അറിഞ്ഞത്.

തിരുവനന്തപുരം: ഏഴുവര്‍ഷമായി ദുബായില്‍ ജോലി ചെയ്യുന്ന ഷെഫീഖിന്റെ ജീവന്‍ നിലനിര്‍ത്തുന്നത് നാട്ടില്‍ നിന്ന് കൊറിയര്‍ വഴി എത്തിച്ചു നല്‍കുന്ന മരുന്നാണ്. കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷന് വിധേയനായ ഷെഫീഖിന് എറണാകുളം ലേക്ക് ഷോര്‍ ആശുപത്രിയില്‍ നിന്നാണ് വര്‍ഷങ്ങളായി മുടങ്ങാതെ മരുന്നെത്തിച്ചിരുന്നത്. എന്നാല്‍ ലോക്ക് ഡൗണ്‍ നീട്ടിയതോടെ ഭര്‍ത്താവിന് എങ്ങനെ മരുന്നെത്തിക്കും എന്ന ആശങ്കയിലായിരുന്നു കോഴിക്കോട് നാദാപുരം സ്വദേശിയായ ഭാര്യ സജ്‌ലാ.

മരുന്നെത്തിക്കാന്‍ സഹായം തേടി സജ്‍‍‍‍ലാ പലരെയും സമീപിച്ചു. കാര്‍ഗോ വഴി മരുന്ന് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ പ്രദേശത്തെ പൊതുപ്രവര്‍ത്തകര്‍ പറഞ്ഞാണ് യുവജന കമ്മീഷന്‍ മരുന്ന് എത്തിക്കുന്ന പദ്ധതിയെ കുറിച്ചു അറിഞ്ഞത്. ഉടന്‍ തന്നെ കമ്മീഷന്റെ കോഴിക്കോട്, എറണാകുളം കോര്‍ഡിനേറ്റര്‍ മാരെ ബന്ധപ്പെട്ടു. അവര്‍ വഴി കമ്മീഷന്‍ ചെയര്‍പേഴ്സന്‍ ചിന്ത ജെറോം വിഷയത്തില്‍ ഇടപെടുകയായിരുന്നു. 

ഇക്കാര്യം മന്ത്രി ഇ പി ജയരാജന്റെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ സജ്‌ലായോട് മന്ത്രി നേരിട്ട് സംസാരിച്ചു. തുടര്‍ന്ന് മന്ത്രിയുടെ ഓഫീസിന്റെയും യുവജനകമ്മീഷന്റെയും ഇടപെടലില്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്ന് ദുബായിലേക്ക് പോകുന്ന കര്‍ഗോയില്‍ മരുന്ന് എത്തിക്കാന്‍ ഉള്ള ഏര്‍പ്പാട് ചെയ്തു. കഴിഞ്ഞ ദിവസം മരുന്ന് ദുബായില്‍ ഷെഫീഖിന്റെ കൈകളില്‍ എത്തി. 

click me!