ട്രെയിലറുകള്‍ കൂട്ടിയിടിച്ച് തീപ്പിടുത്തം; പ്രവാസി മലയാളി മരിച്ചു

By Web TeamFirst Published Jun 4, 2021, 10:54 PM IST
Highlights

ഇദ്ദേഹം സഞ്ചരിച്ചിരുന്ന ട്രെയിലര്‍, മാര്‍ബിള്‍ കൊണ്ടുപോകുകയായിരുന്ന മറ്റൊരു ട്രെയിലറിന് പിന്നിലിടിച്ച് തീപ്പിടിക്കുകയായിരുന്നു. മൃതദേഹം കത്തിക്കരിഞ്ഞിട്ടുണ്ട്.

റിയാദ്: സൗദി അറേബ്യയില്‍ മലയാളി വാഹനാപകടത്തില്‍ മരിച്ചു. റിയാദിന് സമീപം ജിദ്ദ റോഡില്‍ 300 കിലോമീറ്ററകലെ അല്‍ഖുവയ്യയിലുണ്ടായ ട്രെയിലര്‍ അപകടത്തില്‍ പാലക്കാട് ചളവറ സ്വദേശി അമ്പലപ്പറമ്പില്‍ മുഹമ്മദ് ബഷീര്‍ (44) ആണ് മരിച്ചത്. 

റിയാദില്‍ നിന്ന് ജിദ്ദയിലേക്കുള്ള യാത്രാമധ്യേ അല്‍ഖുവയ്യയില്‍ വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് അപകടമുണ്ടായത്. ജിദ്ദയിലേക്ക് ജോലിസ്ഥലമാറ്റം ആയതിനാല്‍ ഇദ്ദേഹത്തിന്റെ കാറും അത്യാവശ്യ സാധനങ്ങളുമടക്കം കമ്പനിയുടെ തന്നെ ട്രെയ്ലറില്‍ ജിദ്ദയിലേക്ക് പോവുമ്പോഴാണ് അപകടം. ഇദ്ദേഹം സഞ്ചരിച്ചിരുന്ന ട്രെയിലര്‍, മാര്‍ബിള്‍ കൊണ്ടുപോകുകയായിരുന്ന മറ്റൊരു ട്രെയിലറിന് പിന്നിലിടിച്ച് തീപ്പിടിക്കുകയായിരുന്നു. മൃതദേഹം കത്തിക്കരിഞ്ഞിട്ടുണ്ട്.

18 വര്‍ഷമായി റിയാദിലാണ് ജോലി ചെയ്യുന്നത്. ഡ്രൈവറായ ശ്രീലങ്കക്കാരനും പരിക്കേറ്റിട്ടുണ്ട്. മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിന് കമ്പനി പ്രതിനിധിയായ ഷമീര്‍ പുത്തൂര്‍, റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, അല്‍ഖുവയ്യ കെ.എം.സി.സി പ്രതിനിധികള്‍ എന്നിവര്‍ രംഗത്തുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!