കൊവിഡ് പ്രതിസന്ധി കാലത്ത് പരിഹാരം കാണാത്ത ബജറ്റെന്ന് ബഹ്റൈന്‍ ഒഐസിസി

By Web TeamFirst Published Jun 4, 2021, 10:25 PM IST
Highlights

മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ സംരക്ഷിക്കാന്‍ ഉള്ള സഹായം പ്രഖ്യാപിച്ച സര്‍ക്കാര്‍, കുടുംബത്തിന്റെ വരുമാന സ്രോതസ് ആയിരുന്ന ആള്‍ മരണപ്പെടുന്ന കുടുംബങ്ങളെയും സഹായിക്കാന്‍ തയ്യാറാകണം. ജോലി നഷ്ടപ്പെട്ടു തിരികെ എത്തിയ 14,32,736 പ്രവാസികള്‍ നാട്ടില്‍ ഉണ്ട് എന്നാണ് സര്‍ക്കാര്‍ കണക്ക്.

മനാമ: കൊവിഡ് മഹാമാരി മൂലം പ്രതിസന്ധിയില്‍ ആയ ആളുകളെ സഹായിക്കാന്‍ ഉള്ള പദ്ധതികള്‍ ഇല്ലാത്ത ബജറ്റാണ് അവതരിപ്പിച്ചതെന്ന് ബഹ്റൈന്‍ ഒഐസിസി വിലയിരുത്തി. ഭരണ തുടര്‍ച്ച ലഭിച്ച സര്‍ക്കാര്‍ പാവങ്ങളെ സഹായിക്കാന്‍ പറ്റുന്ന പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കേണ്ടതാണ്. കൊവിഡ് മൂലം മരണപ്പെട്ട അനേകം ആളുകള്‍ നമ്മുടെ നാട്ടിലും പ്രവാസി ലോകത്തും ഉണ്ട്. കുടുംബങ്ങളുടെ വരുമാന സ്രോതസ് ആയിരുന്ന ആളുകളാണ്. ആ വരുമാനങ്ങള്‍ നിലച്ചപ്പോള്‍ അങ്ങനെയുള്ള ആളുകളെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കൂടാതെ ഇങ്ങനെ മരണപ്പെട്ട ആളുകള്‍ എടുത്ത വായ്പകള്‍ എഴുതി തള്ളാന്‍ ഉള്ള പദ്ധതികള്‍ ഈ ബജറ്റില്‍ ഉണ്ടാകേണ്ടത് ആയിരുന്നു. നിര്‍ഭാഗ്യവശാല്‍ അങ്ങനെ ഒരു പ്രഖ്യാപനവും കാണുവാന്‍ സാധിച്ചില്ലെന്ന് ഒഐസിസി വിലയിരുത്തി.  

മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ സംരക്ഷിക്കാന്‍ ഉള്ള സഹായം പ്രഖ്യാപിച്ച സര്‍ക്കാര്‍, കുടുംബത്തിന്റെ വരുമാന സ്രോതസ് ആയിരുന്ന ആള്‍ മരണപ്പെടുന്ന കുടുംബങ്ങളെയും സഹായിക്കാന്‍ തയ്യാറാകണം. ജോലി നഷ്ടപ്പെട്ടു തിരികെ എത്തിയ 14,32,736 പ്രവാസികള്‍ നാട്ടില്‍ ഉണ്ട് എന്നാണ് സര്‍ക്കാര്‍ കണക്ക്. പ്രവാസികള്‍ക്ക് വായ്പ എടുക്കുമ്പോള്‍ ഉള്ള പലിശക്ക് സബ്സിഡി നല്‍കുവാന്‍ ഇരുപത്തഞ്ച് കോടി വകയിരുത്തിയത് വളരെ കുറവാണ്. ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്ന മുന്‍ പ്രവാസികള്‍ക്ക് കൂടുതല്‍ സൗജന്യങ്ങള്‍ നല്‍കിയാല്‍ മാത്രമേ കൂടുതല്‍ പദ്ധതികള്‍ നമ്മുടെ സംസ്ഥാനത്ത് വരികയുള്ളു. അങ്ങനെ തിരിച്ചു വരുന്ന പ്രവാസികള്‍ക്ക് ആവശ്യമായ തൊഴില്‍ ലഭ്യമാക്കുവാന്‍ സാധിക്കും.

കൊവിഡ് പ്രതിസന്ധി മൂലം തിരികെ പോകാന്‍ സാധിക്കാതെ അനേകം പ്രവാസികള്‍ ഇപ്പോളും നാട്ടില്‍ കുടുങ്ങി കിടപ്പുണ്ട്. അങ്ങനെയുള്ള പ്രവാസികളെ സഹായിക്കാനുള്ള ദീര്‍ഘകാല പദ്ധതികള്‍ ആരംഭിക്കേണ്ടിയിരിക്കുന്നു. തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ക്ക് പ്രകടന പത്രികയിലൂടെ നല്‍കിയ പ്രഖ്യാപനങ്ങള്‍ പൂര്‍ണ്ണമായും മറന്ന അവസ്ഥയാണ്. ക്ഷേമ പെന്‍ഷനുകളുടെ വര്‍ദ്ധനവ്, അറുപത് വയസ്സില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് നല്‍കും എന്ന് പ്രഖ്യാപിച്ച സഹായം, അടക്കം ഒന്നിനും പണം ബജറ്റില്‍ കാണുന്നില്ല. നിലവില്‍ ഉള്ള പെന്‍ഷനുകള്‍ നല്‍കുന്നതിനുള്ള പണം മാത്രമാണ് ഉള്ളത്. കര്‍ഷകര്‍ക്ക് വര്‍ഷങ്ങളായി നാല് ശതമാനം പലിശയ്ക്ക് ആണ് വായ്പ ലഭിക്കുന്നത്, അത് പലിശ രഹിത വായ്പ ആയിരുന്നെങ്കില്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ ഉപകാരം ആയിരുന്നു.ഈ മഹാമാരികാലത്ത് ചെറുകിട കച്ചവടക്കാരെയും, കൃഷി ക്കാരെയും സഹായിക്കുവാന്‍ വേണ്ടി പദ്ധതികള്‍ ഉണ്ടാകേണ്ടതായിരുന്നു. നിര്‍ബന്ധിത ലോക്ക്ഡൗണ്‍ കാലത്ത് ചെറുകിട കച്ചവടക്കാര്‍ക്ക് വൈദ്യുതി, വാടക ഇനത്തില്‍ സാമ്പത്തിക സഹായം നല്‍കുവാന്‍ സര്‍ക്കാര്‍ തയ്യാര്‍ ആകണം.

കര്‍ഷകരുടെ ഉത്പനങ്ങള്‍ കച്ചവടം ചെയ്യാന്‍ സാധിക്കാതെ കൃഷിഇടങ്ങളില്‍ നശിച്ചുപോകുന്നു. ഇങ്ങനെയുള്ള കര്‍ഷകരെ സഹായിക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടത് ആയിരുന്നു. ഓണ്‍ലൈന്‍ പഠനത്തിന് കുട്ടികള്‍ക്കുള്ള പദ്ധതികള്‍ കൊവിഡ് ആരംഭിച്ചിട്ട് ഒന്നര വര്‍ഷം കഴിഞ്ഞപ്പോളും ബജറ്റില്‍ ഉള്‍പ്പെടുത്തി വരുന്നതേയുള്ളൂ. കഴിഞ്ഞ ധനകാര്യ മന്ത്രി പ്രഖ്യാപിച്ച കുടുംബശ്രീയും, കെ എസ് എഫ് ഇ യും സംയുക്തമായി ഉള്ള ലാപ്‌ടോപ് ഇതുവരെ വിതരണം ചെയ്തിട്ടില്ല. പത്തു മാസക്കാലമായി കുടുംബശ്രീ അംഗങ്ങള്‍ പണം അടച്ചുകൊണ്ട് ഇരിക്കുകയാണ്. മരണമടഞ്ഞ നേതാക്കള്‍ക്ക്  സ്മരകങ്ങള്‍ക്ക് പണം ഉള്‍പെടുത്തുന്നതോടൊപ്പം നാളെകളിലെ വാഗ്ദാനങ്ങളായ  നമ്മുടെ കുട്ടികള്‍ക്ക് പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കാനും സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടതായിരുന്നെന്നും ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അഭിപ്രായപ്പെട്ടു.

click me!